നെന്മാറ: രണ്ടുദിവസത്തെ ശക്തമായ മഴയിൽ നെന്മാറയിൽ വ്യാപക നാശം. താഴ്ന്ന പ്രദേശങ്ങളിലെ നെൽപാടങ്ങൾ വെള്ളത്തിലായി. തോടുകളിൽ വെള്ളം ഉയർന്നു. അയിലൂർ പഞ്ചായത്തിലെ മരുതഞ്ചേരി, ആലംബള്ളം പാടശേഖരങ്ങളിലെ ഏക്കർ കണക്കിന് നെൽപ്പാടം വെള്ളത്തിലായി. കയറാടി നടുപതി ഭാഗത്തേക്ക് ഒഴുകുന്ന തോട് നിറഞ്ഞതോടെയാണ് നെൽപാടങ്ങളിൽ വെള്ളം കയറിയത്.
അടിപ്പെടേണ്ട റോഡിൽ തിരുവിഴയാട് റോഡരികിലെ മരം നെൽപാടത്തേക്ക് കടപുഴകി വീണു. ചൊവ്വാഴ്ച രാവിലെ പത്തോടെയുണ്ടായ കാറ്റിലും മഴയിലുമാണ് ചുവടുവശം വീണ്ടുനിന്ന മരം കടപുഴകിയത്.
കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ ആഴത്തിൽ ചാലെടുത്തതും വേരുകൾ മുറിച്ചുമാറ്റിയതുമാണ് മരം കടപുഴകി വീഴാൻ ഇടയായതെന്ന് പ്രദേശവാസികൾ പറഞ്ഞു. പൊതുമരാമത്ത് നിരത്ത് വിഭാഗം, വൈദ്യുതി ബോർഡ് ജീവനക്കാർ എന്നിവർ സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.
നെന്മാറ പഞ്ചായത്തിലെ തളിപ്പാടം പോത്തുണ്ടി കനാൽ ബണ്ട് റോഡിൽ റബർ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ റബർ തോട്ടത്തിൽ ഉറവ ഉണ്ടായതിനെ തുടർന്നാണ് മരം കടപുഴകിയത്. രാവിലെ പത്തോടെ സ്ഥലം ഉടമ മരം വെട്ടിമാറ്റി ഗതാഗതതടസ്സം നീക്കി.
അയിലൂർ, കരിമ്പാറ, ഒറവഞ്ചിറയിൽ മഴയോടൊപ്പം വീശിയ ശക്തമായ കാറ്റിൽ തേക്ക്, റബർ മരങ്ങൾ പൊട്ടിവീണു. വൈദ്യുതി ലൈനിൽ തട്ടി മരം വീണെങ്കിലും പൊട്ടിവീഴാത്തത് അപകടം ഒഴിവാക്കി. തുടർന്നുള്ള കാറ്റിൽ മരം താഴെ വീണു. ലൈനുകൾ കൂട്ടിമുട്ടിയതിനെ തുടർന്ന് കുറച്ചുനേരം മേഖലയിൽ വൈദ്യുതി തടസ്സപ്പെട്ടു.
മഴയിൽ അയിലൂർ, കയറാടി, വീഴ്ലി, കുന്നംകാട്ടിൽ അമീദയുടെ ഓടിട്ട വീട് തകർന്നു.ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. വീട്ടിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല. കയറാടി വില്ലേജ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. നെന്മാറ അയിനംപാടത്ത് അന്തോണിയുടെ ഭാര്യ റോസമ്മയുടെ വീട് ഭാഗികമായി തകർന്നു. തിങ്കളാഴ്ച അർധരാത്രിയാണ് അടുക്കള ഭാഗത്തെ ഭിത്തികൾ തകർന്നത്. ആളപായമില്ല. ഒരു ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു.
പോത്തുണ്ടി അണക്കെട്ടിൽ ഒറ്റദിവസം കൊണ്ട് മൂന്നര അടി വെള്ളം ഉയർന്നു. ജലനിരപ്പ് 26 അടിയായി ഉയർന്നു. കഴിഞ്ഞദിവസം ജലനിരപ്പ് 22.22 അടിയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ പോത്തുണ്ടിയിൽ 12.8 സെന്റീമീറ്റർ മഴ ലഭിച്ചു. ഈ വർഷം വർഷകാലത്ത് ലഭിച്ച ഏറ്റവും ഉയർന്ന മഴയാണ് രേഖപ്പെടുത്തിയതെന്ന് അധികൃതർ പറഞ്ഞു. വൃഷ്ടിപ്രദേശമായ നെല്ലിയാമ്പതി മലനിരകളിൽനിന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചു. അയിലൂർ പഞ്ചായത്തിലെ നെല്ലിയാമ്പതി മലനിരകളിൽനിന്ന് ഉത്ഭവിക്കുന്ന കൽച്ചാടി പുഴ കരകവിഞ്ഞു. മരുതഞ്ചേരി പുഴപ്പാലം കവിഞ്ഞ് രണ്ടുമണിക്കൂറോളം വെള്ളമൊഴുകി. മരുതഞ്ചേരി പൂഞ്ചേരി ഭാഗത്തേക്കുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
നെല്ലിയാമ്പതി കാരപ്പാറ, പോത്തുപാറ, കരടി നൂറടി എസ്റ്റേറ്റ് പ്രദേശങ്ങളിൽ മഴയത്ത് വൈദ്യുതി കമ്പികൾ പൊട്ടിവീണതിനാൽ ഞായറാഴ്ച തകരാറിലായ വൈദ്യുത വിതരണം ചൊവ്വാഴ്ചയും പുന:സ്ഥാപിച്ചില്ല. മഴക്ക് ശമനമുണ്ടായെങ്കിലും വൈദ്യുതി വിതരണമില്ലാത്തത് മേഖലയെ ഇരുട്ടിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.