പാലക്കാട്: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ വ്യാപാരസ്ഥാപനങ്ങൾ അനധികൃതമെന്ന് നഗരസഭ കൗൺസിൽ. മതിയായ ലൈസൻസോ അനുമതിയോ ഇല്ലാതെയാണ് ഭക്ഷ്യസ്ഥാപനങ്ങളടക്കം ഇവിടെ പ്രവർത്തിക്കുന്നത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് പോലും നമ്പറില്ലെന്നും കൗൺസിലിൽ വിമർശനമുയർന്നു. ഇതടക്കം അനധികൃത വ്യാപാര സ്ഥാപനങ്ങളും കടകളും അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കാൻ ചെയർപേഴ്സൻ കൗൺസിലിന് നിർദേശം നൽകി. എം.എൽ.എയുടെ മൗനസമ്മതത്തോടെയാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് പരാമർശമുയർന്നതോടെ കൗൺസിലിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ തമ്മിൽ വാക്കേറ്റമുണ്ടായി. നഗരത്തിലെ അനധികൃത വ്യാപാര കേന്ദ്രങ്ങളുടെയും നഗരസഭ ഭൂമിയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന തെരുവുകച്ചവടക്കാരടക്കമുള്ളവരുടെയും വിവരങ്ങളും ശേഖരിച്ച് നടപടികൾ സ്വീകരിക്കാൻ തുടർന്ന് കൗൺസിൽ നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
പി.എം.എ.വൈ പദ്ധതിയിൽ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടവരിൽ നിന്ന് അപേക്ഷ സ്വീകരിക്കാൻ അദാലത്ത് നടത്തേണ്ട സാഹചര്യമില്ലെന്ന് ചെയർപേഴ്സൻ കൗൺസിലിനെ അറിയിച്ചു. ഡാറ്റാബാങ്കിൽ നിന്ന് ഒഴിവാക്കാൻ 22 പേരോളം നഗരസഭയിൽ നെരിട്ടെത്തി അപേക്ഷ നൽകി. 200ഓളം പേരുള്ളവരിൽ ഭൂരിഭാഗവും അക്ഷയ കേന്ദ്രങ്ങളിലടക്കം അപേക്ഷ നൽകിയിട്ടുണ്ട്. ഇനിയും 50ഓളം പേരാണ് ബന്ധപ്പെട്ടുവരികയാണ്. വ്യത്യസ്തമായ കാരണ്ണങ്ങളാൽ പി.എം.എ.വൈ പദ്ധതിയിൽ നിന്നും 180 പേരെ ഒഴിവാക്കാൻ കൗൺസിൽ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് പുതിയ 180 അപേക്ഷകൾ സ്വീകരിക്കാനും തീരുമാനമായിട്ടുണ്ടെന്ന് ചെയർപേഴ്സൻ പറഞ്ഞു.
നഗരത്തിലെ തെരുവുനായ് ശല്യം കൗൺസിലിൽ സജീവ ചർച്ചയായി. നഗരത്തിൽ ഭക്ഷ്യമാലിന്യം കൈകാര്യം ചെയ്യുന്നതിലടക്കം നടപടികൾ ശാസ്ത്രീയമാക്കണമെന്ന് ആവശ്യമുയർന്നു. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി തേടി കോടതിയെ സമീപിക്കുമെന്ന തദ്ദേശമന്ത്രിയുടെ നിലപാടിനെ പ്രശംസിച്ച കൗൺസിലർമാർ നഗരസഭ കേസിൽ കക്ഷിചേരണമെന്നും ആവശ്യപ്പെട്ടു. മുൻ വർഷത്തെക്കാൾ എ.ബി.സി പദ്ധതിക്കായി തുക നീക്കിവെക്കാൻ നഗരസഭ തയാറാണെന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സ്മിതേഷ് കൗൺസിലിനെ അറിയിച്ചു. സ്വകാര്യ കെന്നൽ പദ്ധതി ആദ്യമായി മുന്നോട്ട് വെച്ചത് നഗരസഭയാണ്. നിലവിൽ മൃഗാശുപത്രിയിലെ സൗകര്യങ്ങൾ പരിമിതമാണ്. നഗരസഭാനുമതിയോടെ പ്രവർത്തിക്കുന്ന സ്വകാര്യ കെന്നലുകളിലേക്ക് മാറ്റുന്ന നായ്ക്കളെ പരിപാലിക്കുന്നതിന് നിശ്ചിത തുക നൽകുന്ന പദ്ധതി ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണെന്നും സ്മിതേഷ് പറഞ്ഞു. നായ്ക്കളുടെ ജനനനിയന്ത്രണം കാര്യക്ഷമമാക്കുന്നതോടൊപ്പം അക്രമകാരികളായ നായ്ക്കളെ കൊല്ലാൻ കേന്ദ്ര അനുമതി ആവശ്യപ്പെടണമെന്ന് വെൽഫെയർ പാർട്ടി കൗൺസിലർ എം. സുലൈമാൻ ആവശ്യപ്പെട്ടു.
അമൃത് പദ്ധതിയിൽ സ്ഥാപിച്ച പൈപ്പുകൾ പൊട്ടിയാൽ 4000 രൂപയോളം വീട്ടുകാരിൽ നിന്ന് ഈടാക്കിയാണ് കരാർ നിലനിൽക്കെ തന്നെ അറ്റകുറ്റപ്പണി നടത്തുന്നതെന്ന് കൗൺസിലർമാർ പറഞ്ഞു. വിഷയത്തിൽ അറിയിച്ചിട്ടും ജല അതോറിറ്റിയും കരാറുകാരനും നടപടിക്ക് തയാറാവുന്നില്ല. അറ്റകുറ്റപ്പണികൾക്ക് വീട്ടുകാരിൽ നിന്ന് ഈടാക്കുന്ന തുക നിശ്ചയിക്കാനും കുത്തിപ്പൊളിച്ച റോഡിലെ അറ്റകുറ്റപ്പണി നടത്തുന്നത് സംബന്ധിച്ച് തീരുമാനിക്കാനും ജല അതോറിറ്റിയുമായി യോഗം വിളിക്കാൻ കൗൺസിൽ തീരുമാനിച്ചു. കഴിഞ്ഞ ദിവസം അമൃത് പദ്ധതിയിൽ പരിശോധനക്കെത്തിയ സി.എ.ജി ഓഡിറ്റ് വിങ്ങും അമൃത് സ്പെഷൽ വിങ്ങും പദ്ധതിയിൽ വീഴ്ച കണ്ടെത്തിയതായി ചെയർപേഴ്സൻ കൗൺസിലിനെ അറിയിച്ചു. മതിയായ താഴ്ചയിലല്ല പൈപ്പുകൾ ഇട്ടിരിക്കുന്നതെന്നും പൈപ്പുകളുടെ ഗുണമേന്മയും സംബന്ധിച്ച് പരാതി നൽകിയിരുന്നു. ഇതിൽ പൈപ്പിടുന്നതിന്റെ ആഴം സംബന്ധിച്ച് നഗരസഭയുടെ ആക്ഷേപം അധികൃതസംഘം അംഗീകരിച്ചെന്നും ചെയർപേഴ്സൻ പറഞ്ഞു.
നഗരസഭായോഗം കൃത്യമായി വിളിക്കാത്തതിനാൽ പല വിഷയങ്ങളിലും ചർച്ച നടക്കുന്നില്ലെന്ന് പ്രതിപക്ഷ കൗൺസിർമാർ പറഞ്ഞു. ജനങ്ങളോട് ഉത്തരവാദിത്വം നിറവേറ്റാനാവുന്നില്ല. നഗരസഭ ഹാൾ പോലെ മൈതാനങ്ങളും സുതാര്യമായി നിശ്ചിത നിരക്ക് തീരുമാനിച്ച് ബൈലോ തയ്യാറാക്കി നൽകിയാൽ കൗൺസിൽ അനുമതിക്ക് കാത്ത് നിൽക്കാതെ നൽകാനാവുമെന്നും കൗൺസിൽ യോഗത്തിൽ നിർദേശമുയർന്നു. ഇതിനിടെ നഗരസഭ മൈതാനം പ്രദർശനത്തിന് വിട്ടുനൽകിയതിൽ ക്രമക്കേടുണ്ടെന്ന് യു.ഡി.എഫ് കൗൺസിലർ ഹസനുപ്പ പറഞ്ഞു.
മുൻകൂർ അനുമതി നൽകിയത് പിന്നീട് നടന്ന കൗൺസിൽ യോഗത്തിൽ സൂചിപ്പിച്ചുപോലുമില്ലെന്നും ബുധനാഴ്ച കൗൺസിലിൽ വിഷയം എത്തിയത് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.