പാലക്കാട്: ആദിവാസികൾക്ക് കൊടുത്ത ഭൂമി അന്യാധീനപ്പെട്ടിട്ടുണ്ടെന്ന് കലക്ടര്‍ ഡോ. എസ്. ചിത്ര വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അട്ടപ്പാടിയിൽ ഇപ്പോഴത്തെ രേഖകൾ പ്രകാരം ഭൂമി ഇല്ലാത്തവരായി ആരും ഇല്ല. പല വർഷങ്ങളായി സർക്കാർ ഇടപെടലിലൂടെയാണ് ഇത് സാധ്യമായത്.
കൊടുത്ത പട്ടയഭൂമി അവർ ഉപയോഗപ്പെടുത്തിയിട്ടില്ല. ആന കയറുന്നതോ അല്ലെങ്കിൽ കാട് കയറിയ സ്ഥലമോ ആയതിനാലായിരിക്കാം ഇത്. പാലക്കാട് ജില്ലയിൽ റീസർവേ കഴിഞ്ഞിട്ടും പോക്കുവരവ് കൃത്യമായി നടത്താത്തതിനാൽ ഭൂരേഖകളിൽ വ്യക്തതക്കുറവുണ്ട്. പലപ്പോഴും അവർക്ക് ശരിയായ ഭൂരേഖ ഹാജരാക്കാൻ സാധിക്കാറില്ല. പല കൈ മറിഞ്ഞ് പിൻതലമുറക്കാരുടെ കൈയിലെത്തുമ്പോൾ മതിയായ രേഖകൾ കൈവശമില്ലാത്തതും കണ്ടുവരുന്നുണ്ട്.
ആദിവാസി ഭൂമി അന്യാധീനപ്പെടുന്നത് തടയാനുള്ള നിയമം ഉണ്ടെങ്കിലും അതറിയാതെ കൈമാറ്റങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്. ഈ ഭൂമി വേർതിരിച്ച് കണ്ടെത്തുകയാണ് വേണ്ടത്. ഇതിനായി ആറ് സർവേയർമാരെ പ്രത്യേക സംഘമായി അട്ടപ്പാടിയിലേക്ക് നിയോഗിച്ചിരുന്നു. ആദിവാസികൾക്ക് കൈമാറിയ ഭൂമി ഏതൊക്കെയാണെന്ന് കണ്ടെത്തി അളന്ന് തിട്ടപ്പെടുത്തുകയാണ് അവരുടെ പ്രാഥമിക ദൗത്യം. പക്ഷേ അവർക്ക് പരിമിതികളുണ്ട്. പല ആദിവാസികൾക്കും അവരുടെ സ്ഥലം സംബന്ധിച്ച് വ്യക്തത ഇല്ല. ആന ഭീഷണി പല മേഖലകളിലുമുണ്ട്. പലയിടത്തും എത്താനാകുന്നില്ല. എങ്കിലും സമയക്രമം അനുസരിച്ച് സർവേ പൂർത്തിയാക്കും.
ആദിവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പലതും നിയമനടപടിയിലാണ്. ആദിവാസികൾ കോടതിയിൽ ഉന്നയിച്ചാൽ എതിർ കക്ഷികൾ ഹൈകോടതിയിൽ ചലഞ്ച് ചെയ്യും.
ദേശീയ ട്രൈബൽ കമീഷനിൽ ഉൾപ്പെടെ കേസുകൾ നടക്കുന്നുണ്ട്. പല കേസുകളും ഹൈകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. കലക്ടർ എന്ന നിലയിൽ എനിക്കോ സർക്കാറിനോ ഒരു നടപടിയും എടുക്കാൻ പറ്റാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിൽ ജില്ല ഭരണകൂടത്തിന് ഉറപ്പാക്കാനാകുക ആദിവാസികൾക്ക് ഒപ്പം നിൽക്കുകയും വേണ്ട നിയമസഹായം നൽകുകയുമാണെന്നും കലക്ടർ പറഞ്ഞു.
1999ൽ എത്ര പട്ടയങ്ങളാണ് കൊടുത്തത് എന്നത് സംബന്ധിച്ച രേഖകൾ ശേഖരിച്ചിട്ടുണ്ട്. അട്ടപ്പാടിയിൽ സർവേ ടീം സർവേ ചെയ്യുന്ന കൂട്ടത്തിൽ ഈ പട്ടയത്തിന്റെ സ്ഥലങ്ങൾ കൂടി അതിരിടാൻ നിർദേശം നൽകിയിട്ടുണ്ട്.
നഞ്ചിയമ്മയുടെ ഭൂമിയുമായി ബന്ധപ്പെട്ട കേസ് ഹൈകോടതിയുടെ പരിഗണനയിലാണ്. അതിനെക്കുറിച്ച് പറയുന്നത് ശരിയല്ല. തീർച്ചയായും ആദിവാസികൾ വഞ്ചിക്കപ്പെട്ടിട്ടുണ്ടാകാം. പക്ഷേ ജില്ല ഭരണകൂടം ആദിവാസികളെ സഹായിക്കുന്ന സമീപനമാണ് എടുക്കാറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.