പാലക്കാട്: സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫിസുകളില്‍നിന്നായി രണ്ട് ടണ്‍ ഇ-മാലിന്യം ക്ലീന്‍ കേരള കമ്പനി നീക്കം ചെയ്തു. ജില്ല ആസ്ഥാനത്തെ ഓഫിസുകള്‍ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായാണ് ഉപയോഗശൂന്യമായ ഇ-മാലിന്യങ്ങൾ നീക്കം ചെയ്തത്.
മേയ് ആറുമുതല്‍ ആരംഭിക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇ-വേസ്റ്റ് ഡ്രൈവ് നടന്നത്. സിവില്‍ സ്റ്റേഷന് പരിസരത്തെ എം.സി.എഫിലേക്കാണ് മാലിന്യം കൈമാറിയത്.
സ്പെഷല്‍ തഹസില്‍ദാര്‍, ജനറല്‍ ഫുഡ് ആന്‍ഡ് സേഫ്റ്റി, മലബാര്‍ ദേവസ്വം ബോര്‍ഡ്, പട്ടികജാതി വികസന ഓഫിസ്, എല്‍.എ ജനറല്‍ നമ്പര്‍ ഒന്ന് സിവില്‍ സ്റ്റേഷന്, താലൂക്ക് ഓഫിസ്, സോയില്‍ സർവേ, റവന്യൂ റിക്കവറി തഹസില്‍ദാര്‍, സിവില്‍ സപ്ലൈസ്, ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) കോ-ഓപറേറ്റിവ് സൊസൈറ്റി, സോയില്‍ കണ്‍സര്‍വേഷന്‍, പ്ലാനിങ്, പി.ഡബ്ല്യു.ഡി ബില്‍ഡിങ് ഡിവിഷന്, വ്യവസായ വകുപ്പ് എന്നീ ഓഫിസുകളില്‍നിന്നാണ് മാലിന്യം ശേഖരിച്ചത്.
സി.എഫ്.എല്‍ ട്യൂബ് ലൈറ്റ്, പിച്ചര്‍ ട്യൂബ്, എമര്‍ജന്‍സി ലാമ്പുകള്‍ എന്നിവ മറ്റൊരു ദിവസം നീക്കംചെയ്യുമെന്ന് ക്ലീന്‍ കേരള കമ്പനി ജില്ല മാനേജര്‍ ആദര്‍ശ് ആര്. നായര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി. ബാലഗോപാല്‍ ഡ്രൈവ് ഫ്ലാഗ് ഓഫ് ചെയ്തു. ശുചിത്വമിഷന് ജില്ല കോ ഓഡിനേറ്റര്‍ ടി.ജി. അഭിജിത്ത്, അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍ ശ്രാവണ്‍, നവകേരളം കര്‍മ പദ്ധതി-2 ജില്ല കോ ഓഡിനേറ്റര്‍ പി. സെയ്തലവി, ക്ലീന്‍ കേരള പ്രതിനിധികളായ ശ്രീജിത്ത്, സുസ്മിത എന്നിവര്‍ പങ്കെടുത്തു.
പാലക്കാട്: മഴക്കാലപൂര്‍വ ശുചീകരണം, വൃത്തിയുള്ള കേരളം, വലിച്ചെറിയല്‍ മുക്ത കേരളം, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ജൈവ-അജൈവമാലിന്യ സമ്പൂര്‍ണ പരിപാലനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് മലമ്പുഴ ഗ്രാമപഞ്ചായത്ത് മന്തക്കാട് ജങ്ഷനില്‍ ശുചീകരണ കാമ്പയിന് നടത്തി. പ്രസിഡന്റ് രാധിക മാധവന് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സുമലത മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. മന്തക്കാട് ജങ്ഷന് മുതല്‍ കടുക്കാംകുന്ന് റെയില്‍വേ മേല്‍പ്പാലം വരെ റോഡിന്റെ ഇരുവശങ്ങളിലും റെയില്‍വേ മേല്പ്പാലത്തിലുമുള്ള പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം നീക്കം ചെയ്തു. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താൻ തീരുമാനമായി.
ആരോഗ്യ സ്ഥിരം സമിതി ചെയര്മാന് ബി. ബിനോയ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്പേഴ്സൻ കാഞ്ചന സുദേവന്, മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രമോദ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, സിവില്‍ ഡിഫന്‍സ് വളന്റിയര്‍മാര്‍, ഹരിത കര്‍മ സേനാംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, മലമ്പുഴ വനിത ഐ.ടി.ഐ എന്‍.എസ്.എസ് വിദ്യാർഥിനികള്‍, സിമെറ്റ് നഴ്സിങ് കോളജ് വിദ്യാർഥിനികള്‍, ബാലസഭാംഗങ്ങള്, ആരോഗ്യവകുപ്പ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.