പാലക്കാട്: മലമ്പുഴ ചെറാട് മലയിലെ പാറക്കെട്ടിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ നടന്നത് സമാനതകളില്ലാത്ത രക്ഷാദൗത്യം. ചെങ്കുത്തായ മലഞ്ചെരിവായതിനാൽ പരിശ്രമത്തിനൊപ്പം വലിയ വൈദഗ്ധ്യവും ഇതിനായി വേണ്ടിയിരുന്നു. അതിനാൽ, എവറസ്റ്റ് കീഴടക്കിയ രണ്ടുപേരെയും സൈന്യത്തിന്റെ സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. മദ്രാസ് റെജിമെന്റിൽ നിന്നുള്ളവരായിരുന്നു ഇവർ. ഇവരെ കൂടാതെ പർവതാരോഹകരുമുണ്ടായിരുന്നു.
ദേശീയ ദുരന്തനിവാരണസേനയുടെ ഒരു ബാച്ച് മുഴുവൻ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഇവർക്കൊപ്പം ആന്റി ടെററിസ്റ്റ് ടീമും പൊലീസുമുണ്ടായിരുന്നു. ആധുനിക സാങ്കേതികവിദ്യ പരമാവധി ഉപയോഗിച്ചായിരുന്നു ഓരോ ഘട്ടത്തിലും രക്ഷാപ്രവർത്തനം മുന്നോട്ടുപോയത്. ലൈവ് വിവരങ്ങൾക്കായി സർവേയുടെ ഡ്രോൺ സംഘവും നിരന്തരം പരിശ്രമിച്ചു. മൂന്ന് ഡോക്ടർമാരുൾപ്പെടുന്ന സംഘവും സജ്ജമായിരുന്നു.
പല ദൗത്യസംഘങ്ങളെ ഏകോപിപ്പിച്ചായിരുന്നു പ്രവർത്തനങ്ങൾ മുന്നോട്ടുപോയത്. 1,000 മീറ്റർ ഉയരമുള്ള ചെങ്കുത്തായ മലയിൽ മുകളിൽ നിന്ന് 400 മീറ്ററോളം താഴെയായിരുന്നു ബാബു കുടുങ്ങിക്കിടന്നിരുന്നത്. ചെങ്കുത്തായ മലയായതിനാൽ റോപ്പ് ഇട്ട് കൊടുത്ത് രക്ഷിക്കുക ശ്രമകരമായിരുന്നു. തിങ്കളാഴ്ച രാത്രി തന്നെ വനം, പൊലീസ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ സംഘം മല കയറിയെങ്കിലും ഇരുട്ടായതിനാൽ രക്ഷാപ്രവർത്തനം നടന്നില്ല.
ചൊവ്വാഴ്ച രാവിലെ മറ്റൊരു സംഘവും മല കയറി. ഫലമുണ്ടായില്ല. ദേശീയ ദുരന്തനിവാരണ സേന കയർ ഇറക്കി പാറയിടുക്കിൽ എത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്റർ എത്തിയെങ്കിലും ഭൂപ്രകൃതിയും ശക്തമായ കാറ്റും കാരണം പിന്മാറേണ്ടി വന്നു. ഭക്ഷണവും വെള്ളവും എത്തിക്കാൻ കോയമ്പത്തൂരിൽ നിന്ന് ഫുഡ് ഡെലിവറി ഡ്രോണടക്കം എത്തിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. മദ്രാസ് റെജിമെന്റിലെ സൈനികർ, പാരാ റെജിമെന്റ് സെന്ററിലെ സൈനികർ എന്നിവരാണ് മലമ്പുഴ മിഷനിൽ പങ്കെടുത്തത്. മലയാളിയായ ലഫ്. കേണൽ ഹേമന്ത് രാജിന്റെ നേതൃത്വത്തിൽ ദക്ഷിണ ഭാരത ഏരിയ ജി.ഒ.സി ലഫ്റ്റനന്റ് ജനറൽ അരുണാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.