വടക്കാഞ്ചേരി: മെഡിക്കൽ കോളജിലെ മാലിന്യ സംസ്കരണത്തിന് സർക്കാർ അംഗീകൃത കമ്പനിയായ ക്ലീൻ കേരളയുമായി ആശുപത്രി അധികൃതർ കരാറിൽ ഒപ്പിട്ടു. പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ നിർവഹിച്ചു.
ആശുപത്രിയിൽ നിന്നും ഓരോ ദിവസവും ഉണ്ടാകുന്ന ജൈവ, അജൈവ മാലിന്യം ശരിയായ രീതിയിൽ ശേഖരിക്കാനും സംസ്കരിക്കാനുമു ള്ള സൗകര്യങ്ങളാണ് നിലവിൽ വരുന്നത്. സന്നദ്ധ സംഘടനകൾ വിതരണം ചെയ്യുന്ന ആറായിരത്തോളം പൊതിച്ചോറുകളുടെ ഭക്ഷണ അവശിഷ്ടങ്ങൾ പ്ലാന്റിൽ എത്തിക്കാനും വാർഡുകളിൽനിന്നും വരുന്ന ഒരു ടൺ ഓളം അജൈവ മാലിന്യം ശേഖരിച്ച് തരംതിരിക്കുകയും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് മാലിന്യം തമിഴ്നാട്ടിലെ സിമന്റ് ഫാക്ടറിക്ക് കൈമാറാനുമുള്ള കരാറിനാണ് ക്ലീൻ കേരള കമ്പനിയുമായി ആശുപത്രി അധികൃതർ ഒരുവർഷത്തേക്ക് കരാർ വെച്ചിട്ടുള്ളത്. ആശുപത്രിയിലെ എല്ലാ വാർഡുകളിലും വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷയിലുള്ള നിർദേശക ബോർഡുകൾ സ്ഥാപിക്കുന്നുണ്ട്.
ബയോ മെഡിക്കൽ വേസ്റ്റ് ഒഴികെ ആശുപത്രിയിൽ നിന്നുമുള്ള എല്ലാത്തരം അജൈവ മാലിന്യവും ക്ലീൻ കേരള കമ്പനിക്ക് ദിവസവും കൈമാറുവാനാണ് വ്യവസ്ഥ. വിലയുള്ള പ്ലാസ്റ്റിക്കിന് സർക്കാർ നിശ്ചയിച്ച പ്രകാരമുള്ള തുക കമ്പനി മെഡിക്കൽ കോളജിനു നൽകും.
ഉപയോഗശൂന്യമായ മാലിന്യത്തിന് സർക്കാർ തീരുമാന പ്രകാരമുള്ള തുക കമ്പനിക്ക് ആശുപത്രിയിൽനിന്നും നൽകേണ്ടിവരും. ഇതിനകം കമ്പനിക്ക് നൽകിയിട്ടുള്ള പേപ്പർ മാലിന്യത്തിന്റെ ചെക്ക് കമ്പനി ആശുപത്രി സുപ്രണ്ടിന് ചടങ്ങിൽ കൈമാറി.
പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ അധ്യക്ഷത വഹിച്ചു. നവ കേരള മിഷൻ നോഡൽ ഓഫിസർ പി.എസ്. ജയകുമാർ പദ്ധതി വിശദീകരിച്ചു.
വൈസ് പ്രിൻസിപ്പൽ ഡോ. സനൽ കുമാർ, ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. രാധിക, ഡെപ്യൂട്ടി സുപ്രണ്ട് ഡോ. സന്തോഷ്, ആർ.എം.ഒ ഡോ. എ.ആർ. ഷാജി, ഡോ. ഷിബി, ക്ലീൻ കേരള കമ്പനി ജില്ല മാനേജർ ശംബു ഭാസ്കർ, അക്കൗണ്ട് ഓഫിസർ ബെന്നി, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ബി. ഷാഹിന എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.