വടക്കഞ്ചേരി: വണ്ടാഴി, അയിലൂർ പഞ്ചായത്തുകളിലെ മലയോര മേഖലകളിലെ കൃഷിയിടങ്ങളിലും വീട്ടുപറമ്പുകളിലും മാസങ്ങളായി കാട്ടാന കൂട്ടം കൃഷിനാശം വരുത്തിയിട്ടും അധികൃതർ പരിഹാരം കാണുന്നില്ലെന്ന് പരാതി. മേഖലയിൽ സ്ഥാപിച്ച സൗരോർജ വേലികൾ മുഴുവൻ സമയവും പ്രവർത്തിക്കുന്നില്ല.
ബാറ്ററിയുടെയും യന്ത്രത്തിന്റെയും ശേഷിക്കുറവ് മൂലം വൈകുന്നേരങ്ങളിൽ ഏതാനും മണിക്കൂർ മാത്രമാണ് പ്രവർത്തിക്കുന്നതെന്നാണ് പ്രദേശവാസികളുടെ സ്ഥിരം പരാതി. സൗരോർജ വൈദ്യുതി വേലിക്ക് നാലര അടി മാത്രമാണ് ഉയരം. മാൻ ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങൾ വേലി ചാടിക്കടന്നു കൃഷിയിടങ്ങളിൽ എത്തുന്നു. കാട്ടാനക്ക് പൊക്കം കുറഞ്ഞ വൈദ്യുത വേലി കാലുകൊണ്ട് ചവിട്ടി മറിച്ച് നടന്നു വരാൻ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും നാട്ടുകാർ പറയുന്നു.
ഇതിനു പരിഹാരമായി തൂക്കുവേലി സ്ഥാപിക്കുമെന്ന് ജനപ്രതിനിധികൾ വാഗ്ദാനം തുടങ്ങിയിട്ട് കാലമേറെയായി. കേന്ദ്രസർക്കാർ കൃഷിവകുപ്പ് മുഖേന നെന്മാറ, അയിലൂർ, വണ്ടാഴി പഞ്ചായത്തുകളുടെ മലയോര മേഖലയായ കടപ്പാറ, തളിക കല്ല്, പൊൻ കണ്ടം, മംഗലഗിരി, നേർച്ചപ്പാറ, ഒലിപ്പാറ കൽച്ചാടി, കരിമ്പാറ, പോത്തുണ്ടി, പോക്കാമട തുടങ്ങിയ പ്രദേശങ്ങളിലൂടെ 27.5 കിലോമീറ്റർ ദൂരം തൂക്കുവേലി നിർമിക്കാൻ 2.25 കോടി രൂപ വകയുയിരുത്തി നടപടികൾ ആരംഭിച്ചെങ്കിലും സംസ്ഥാന സർക്കാറിന്റെ വിഹിതം കിട്ടാത്തതിനാൽ ടെൻഡർ നടപടികളിലേക്ക് പോകാനായില്ല. ഇതിനിടെ വനംവകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നേർച്ചപ്പാറ മുതൽ ഓവുപാറ വരെ ഒന്നര കിലോമീറ്റർ ദൂരം തൂക്കുവേലി നിർമിച്ചെങ്കിലും പ്രവർത്തിപ്പിച്ചിട്ടില്ലെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.