കൂറ്റനാട്: മുഴത്തിന് പൊളികേന്ദ്രങ്ങള് തഴച്ചുവളരുന്നത് വാഹനമോഷണത്തിന് തണല്‍ വിരിക്കുന്നു. കഴിഞ്ഞദിവസം തൃത്താല പൊലീസ് സ്റ്റേഷൻ പരിധിയിലെ പടിഞ്ഞാറങ്ങാടി, തൃത്താല സ്വദേശികളെ കൊച്ചിയില്‍ പിടികൂടിയതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്. 20ഓളം ലോറികളാണ് ഇവരുടെ നേതൃത്വത്തിലുള്ള സംഘം കടത്തികൊണ്ടുപോയി പൊളിച്ചുതീര്ത്തത്. നേരത്തെ മണല്‍കടത്ത് മേഖലയില്‍ സജീവമായിരുന്ന ഇവരെപ്പോലുള്ള പലരും ഇപ്പോള്‍ മണ്ണ് കടത്തിലും മോഷണത്തിലുമാണ് ആധിപത്യം ഉറപ്പാക്കുന്നത്.
അപൂര്‍വമായി തൃശൂരിലാണ് പൊളിമാര്‍ക്കറ്റ് ഉണ്ടായിരുന്നതെങ്കിലും അടുത്തകാലത്തായി പട്ടാമ്പി, തൃത്താല, പടിഞ്ഞാറങ്ങാടി, ആലൂര്, നീലിയാട്, പറക്കുളം തുടങ്ങിയ പ്രദേശങ്ങളില്‍ വന്‍തോതിലാണ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സാധാരണ കാലാവധി കഴിഞ്ഞതും രേഖകള്‍ ഇല്ലാത്തതുമായ പഴയ വാഹനങ്ങള്‍ കൈയൊഴിയാൻ ആളുകള്‍ ഇത്തരം കേന്ദ്രങ്ങളെയാണ് സമീപിക്കുക.
ചെറിയ വില കൊടുത്ത് വാങ്ങി ഇവര്‍ ആവശ്യക്കാര്‍ക്ക് പാർട്സുകള്‍ വില്‍ക്കും. മോഷ്ടിക്കുന്ന വാഹനങ്ങള്‍ പൊളിച്ച് വിൽക്കുകയോ മണല്‍-മണ്ണ് കടത്തിന് ഉപയോഗിക്കുകയോ ആണ് ചെയ്യുന്നത്. പൊലീസ് പിടിച്ചാല്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്യും. തൊണ്ടിമുതലായി കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ പൊലീസ് സ്റ്റേഷനുകളില്‍ ഊരും പേരുമില്ലാതെ കെട്ടിക്കിടക്കും. കടത്തുകേസുകളാണെങ്കില് തുടര്‍നടപടികളില്ലാതെ ഇഴഞ്ഞുനീങ്ങുകയും ഒടുവില്‍ തള്ളുകയും
ചെയ്യും. ഈ സമയം ഇത്തരത്തില്‍ വാഹനങ്ങള്‍ ഉപയോഗിച്ച് വീണ്ടും കടത്തുകള്‍ സജീവമാക്കും. പിടികൊടുക്കാത്തതിനാല് ആരെയും പ്രതിയാക്കാനും കഴിയില്ല. അഥവാ പ്രതിയാക്കിയാല്‍ തന്നെ രാഷ്ട്രീയ-സാമ്പത്തിക സ്വാധീനം ഉപയോഗിച്ച് തടിയൂരുകയാണ് ചെയ്യുന്നത്. ഇത്തരം കേസുകളിൽ പ്രതിസ്ഥാനത്തുള്ളവരുടെ നേതൃത്വത്തില്‍ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ പൊളികേന്ദ്രങ്ങള് പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
പൊളിക്കുന്നവയുടെ എൻജിൻ നമ്പറും രജിസ്ട്രേഷന് നമ്പറും ദുരുപയോഗം ചെയ്യപ്പെടുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്ക് പഞ്ചായത്ത്, ആരോഗ്യവകുപ്പ്, ആര്.ടി.ഒ, പൊലീസ് തുടങ്ങിയവരുടെ അംഗീകാരം വേണം. എന്നാല്‍, മേഖലയിൽ ഒരെണ്ണത്തിന് പോലും അതില്ല. മാലിന്യ സംസ്കരണം, ആരോഗ്യം എന്നീ വിഭാഗങ്ങളുടെ അംഗീകാരവും വേണം. മഴക്കാലത്ത് ഇവിടെ സൂക്ഷിക്കുന്ന വാഹനങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് പരിസര മലിനീകരണവും സാധാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.