കൊല്ലങ്കോട്: വേനലിൽ ജലദൗർലഭ്യത്തിൽ നാടുവലയുമ്പോൾ നോക്കുകുത്തിയായി ഇടച്ചിറയിലെ പൊതുകിണർ. 1956ൽ നിർമിച്ച പൊതുകിണർ അറ്റകുറ്റപ്പണികളും ശുചീകരണവും മുടങ്ങിയതോടെയാണ് ഉപയോഗശൂന്യമായത്. ഐക്യകേരള രൂപവത്കരണ വർഷത്തിൽ കൊല്ലങ്കോട് പഞ്ചായത്ത് നേതൃത്വത്തിൽ കമ്യൂണിറ്റി പദ്ധതിയിലാണ് പൊതുകിണർ നിർമിച്ചത്. ആറ് വർഷങ്ങൾക്കു മുമ്പ് കിണർ ശുചീകരണത്തിന് പഞ്ചായത്ത് ഫണ്ട് വകയിരുത്തിയെങ്കിലും കരാർ ഏറ്റെടുത്തവർ പ്രവൃത്തി പേരിനുമാത്രമാക്കി അവസാനിപ്പിച്ചു. സമീപത്തുള്ള കുഴൽ കിണറും സമാന സ്ഥിതിയിലാണ്. 1919ൽ സ്ഥാപിച്ച കുഴൽ കിണർ കാര്യമായ തകരാറുകളൊന്നുമില്ലെങ്കിലും അറ്റകുറ്റപ്പണികൾ മുടങ്ങിയതോടെയാണ് ഉപയോഗശൂന്യമായത്. നിലവിൽ പ്രദേശവാസികൾക്ക് പൈപ്പ് വെള്ളമാണ് ഏക ആശ്രയം. വൈദ്യുതി തടസ്സമോ യന്ത്രത്തകരാറോ വന്നാൽ കുടിവെള്ളം മുട്ടുന്ന സ്ഥിതി. 300ൽ അധികം കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന പൊതുകിണറും കുഴൽക്കിണറും ഉപയോഗപ്രദമാക്കാൻ പഞ്ചായത്ത് തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.