പാലക്കാട്: വയനാട് ദുരന്തബാധിതർക്കായി ജില്ലയിൽ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ശേഖരിച്ച ദുരിതാശ്വാസ സാമഗ്രികൾ സിവിൽ സ്റ്റേഷനിലെ കലക്ഷൻ കേന്ദ്രത്തിൽ കെട്ടിക്കിടക്കുന്നു. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ സാധനങ്ങളാണ് ഒരു മാസത്തോളമായി ജില്ല ഇൻഫർമേഷൻ ഓഫിസിലെ കലക്ഷൻ സെന്ററിൽ കൂട്ടിയിട്ടിരിക്കുന്നത്. വയനാട് ദുരന്തത്തിൽപെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കപ്പെട്ടവർക്ക് അവശ്യസാധനങ്ങൾ സമാഹരിക്കാൻ ജൂലൈ 31നാണ് ഇവിടെ കലക്ഷൻ സെന്റർ ആരംഭിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വിവിധ സംഘടനകളും കോളജുകളും കൂട്ടായ്മകളും സ്ഥാപനങ്ങളുമെല്ലാം മനസ്സറിഞ്ഞ് സഹായിച്ചതോടെ 24 മണിക്കൂറും പ്രവർത്തിച്ച കലക്ഷൻ സെന്ററിലേക്ക് ധാരാളം ദുരിതാശ്വാസ സാമഗ്രികൾ എത്തി.
ബിസ്കറ്റ്, ചായപ്പൊടി, ഗോതമ്പുപൊടി, അരി, കുപ്പിവെള്ളം, സോപ്പ്, വസ്ത്രങ്ങൾ, സാനിറ്ററി പാഡുകൾ, പേസ്റ്റ്, ബ്രഷ്, മരുന്നുകൾ തുടങ്ങി നിരവധി സാധനങ്ങളാണ് സന്നദ്ധപ്രവർത്തകർ എത്തിച്ചത്. ഇതിൽ ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെ പെട്ടെന്ന് കേടുവന്നുപോകുന്ന സാധനങ്ങൾ ആവശ്യക്കാർക്ക് ഉപകാരപ്പെടാത്ത സ്ഥിതിയാണ് നിലവിലുള്ളത്. നേരത്തേ വയനാട്ടിലേക്ക് രണ്ട് ലോഡ് കയറ്റി അയച്ചിരുന്നു. വയനാട്ടിൽ ശേഖരണം നിർത്തിയതോടെ കുറച്ച് സാധനങ്ങൾ അട്ടപ്പാടിയിലേക്കും നെല്ലിയാമ്പതിയിലേക്കും നൽകി. പട്ടികവർഗ വകുപ്പിനും കുറച്ച് സാധനങ്ങൾ കൈമാറി. കഴിഞ്ഞദിവസങ്ങളിൽ കുറച്ചു സാധനങ്ങൾ ജില്ലയിലെ വൃദ്ധസദനങ്ങളിലേക്കും ചിൽഡ്രൻസ് ഹോമിലേക്കും നൽകിയെങ്കിലും ഇപ്പോഴും ധാരാളം ബാക്കിയുണ്ട്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിന് സമീപത്തും കുറച്ചു സാധനങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അവശേഷിക്കുന്നവ രണ്ടു ദിവസത്തിനുള്ളിൽ വൃദ്ധസദനങ്ങളിലേക്ക് ഉൾപ്പെടെ കൊടുത്തുതീർക്കുമെന്ന് റവന്യൂ വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.