പാലക്കാട്: റെയിൽവേ അടച്ചുകെട്ടിയ ജി.ബി റോഡിൽ നഗരസഭയുടെ യന്ത്രപ്പടി പാതി പൂർത്തിയായി നിൽക്കാൻ തുടങ്ങി നാളേറെയായി. യാത്രക്കാർക്കിപ്പോഴും പഴയ റെയിൽവേ മേൽപാലംതന്നെ ശരണം. യന്ത്രപ്പടി ഇതാ വരുന്നു എന്ന് പറയുന്നതല്ലാതെ എന്ന് യാഥാർഥ്യമാവും എന്ന് പറയാനാവാത്ത സ്ഥിതി. ശകുന്തള ജങ്ഷനിൽ റെയിൽവേ ക്രോസ് അടച്ചതോടെ ജി.ബി റോഡിൽനിന്ന് വലിയങ്ങാടിയിലേക്കും ടി.ബി റോഡിലേക്കുമെല്ലാം ജനസഞ്ചാരം കുറവാണ്.
ഇതിനു പരിഹാരം കാണാനാണ് അമൃത് പദ്ധതിയിലുൾപ്പെടുത്തി എസ്കലേറ്റർ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇരുവശത്തെയും എസ്കലേറ്ററിന് 18 മീറ്റർ വീതവും നടപ്പാലത്തിന് 12.1 മീറ്ററുമാണ് നീളം. വിശദമായ പദ്ധതി രേഖ തയാറാക്കിയ കിഡ്കോ ആദ്യം 3.5 കോടി രൂപക്കാണ് അടങ്കൽ തയാറാക്കിയത്. ഈ തുകക്ക് പൊതുനിരത്തിൽ സ്ഥാപിക്കുന്ന തരത്തിലുള്ള യന്ത്രപ്പടി ലഭ്യമാകാത്തതിനാൽ അടങ്കൽ പുതുക്കി.
ഇൻഡോർ ടൈപിൽ ഒരു കോണിപ്പടി സ്ഥാപിക്കാൻ 35 -40 ലക്ഷം രൂപയാണ് ചെലവ്. ഔട്ട്ഡോറിൽ ഇത് ഏകദേശം 70 -80 ലക്ഷം രൂപയാകും. ഇത്തരത്തിൽ നാല് കോണിപ്പടികൾ വേണം. 80 ലക്ഷം രൂപ കൂടി അധിക ചെലവ് വരുന്ന പുതുക്കിയ അടങ്കൽ തുകക്ക് നഗരസഭ കൗൺസിൽ അംഗീകാരം ലഭിക്കാത്തത് പദ്ധതി നീണ്ടുപോകാൻ കാരണമായി. അവസാനം അടങ്കൽ സംഖ്യ പുതുക്കി ആറു കോടിയുടെ പദ്ധതിക്ക് സഗരസഭ അനുമതി നൽകി.
റെയിൽവേ ലൈനിന് കുറുകെയുള്ള നടപ്പാലത്തിെൻറ നിർമാണം റെയിൽവേ പൂർത്തിയാക്കി മാസങ്ങൾ കഴിഞ്ഞിട്ടും അനുബന്ധ പ്രവൃത്തികൾ ഇനിയും തുടങ്ങിയിട്ടില്ല. ഇരുവശങ്ങളിലുള്ള യന്ത്രപ്പടികളുടെ പണികളാണ് ഇനി പൂർത്തിയാക്കാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.