പാലക്കാട്: ജില്ലയിൽ തെരഞ്ഞെടുത്ത 109 അംഗൻവാടികളിൽ വൈ-ഫൈ സൗകര്യം വരുന്നു. അംഗൻവാടികളോട് അനുബന്ധിച്ചുള്ള കുമാരി ക്ലബുകളുടെ (അഡോളസന്‍റ്സ് ക്ലബ്) പ്രവർത്തനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. അംഗൻവാടികളിലെ കുമാരി ക്ലബുകളിൽ മികച്ച പ്രവർത്തനം കാഴ്‌ച വെക്കുന്നവയെയാണ് ആദ്യഘട്ടം പദ്ധതിക്കായി തെരഞ്ഞെടുക്കുന്നത്. ഇതിനായി ഓരോ അംഗൻവാടിക്കും 2500 രൂപ വീതം അനുവദിക്കും.
പഠനവിഷയങ്ങളിൽ കൂടുതൽ അറിവ് നൽകുക, പൊതുപരീക്ഷകളിലെ മികവ് വർധിപ്പിക്കുക, പാഠ്യേതര വിഷയങ്ങളിൽ പ്രാവീണ്യം മെച്ചപ്പെടുത്തുക എന്നിവയാണ് വൈ-ഫൈ ഏർപ്പെടുത്തുന്നതിലൂടെ ഉദ്ദേശിക്കുന്നത്. ബി.എസ്.എൻ.എല്ലുമായി സഹകരിച്ചാണ് പദ്ധതി. 100 മീറ്റർ ചുറ്റളവിൽ ഒപ്റ്റിക്കൽ നെറ്റ്വർക്കുള്ള അംഗൻവാടികൾക്ക് മുൻതൂക്കം നൽകും.
സംസ്ഥാനത്ത് 1230 അംഗൻവാടികളിലാണ് വൈ-ഫൈ സൗകര്യം ഏർപ്പെടുത്തുന്നത്. ആദിവാസി മേഖലക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ ഉൾപ്പെടുന്ന കോളനികൾക്കും പ്രഥമ പരിഗണനയുണ്ടാകും. ജൂൺ പത്തിനകം അംഗൻവാടികളുടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി സി.ഡി.പി.ഒമാർക്ക് നൽകണം. 25നകം പദ്ധതി സംബന്ധിച്ച വിശദ റിപ്പോർട്ട് ഡയറക്ടറേറ്റിന് സമർപ്പിക്കണമെന്നും വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ഉത്തരവിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.