കൊല്ലങ്കോട്: ചീരണിയിൽ പുലി വീണ്ടും ജനവാസ മേഖലയിലെത്തി നായെ പിടികൂടി. മണ്ണുമടക്കിക്ക് സമീപം ചൊവ്വാഴ്ച രാത്രി 7.45നാണ് സംഭവം. പ്രദേശവാസികൾ ഭീതിയിലാണ്. വനംവകുപ്പിനെ വിവരം അറിയിച്ചെങ്കിലും നടപടി എടുക്കാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു. രണ്ടാഴ്ചയായി ചീരണി, കാളികുളമ്പ്, കൊശവൻകോട് തുടങ്ങിയ പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നു. കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്ന ആവശ്യം വനം വകുപ്പ് മുഖവിലക്കെടുക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. എന്നാൽ നിരന്തരമായി പരിശോധിക്കുന്നുണ്ടെന്നും കാമറ മൂന്നു സ്ഥലത്ത് മാറ്റിസ്ഥാപിച്ച് നിരീക്ഷിക്കുന്നുണ്ടെന്നും കൊല്ലങ്കോട് റേഞ്ച് ഓഫിസർ കെ. പ്രമോദ് പറഞ്ഞു.
അലനല്ലൂർ: എടത്തനാട്ടുകര മുണ്ടക്കുന്നിലും പരിസരങ്ങളിലും കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. പ്ലാവ്, ഇഞ്ചി, വാഴ, കമുക്, റബർ, തെങ്ങ് തുടങ്ങിയ കൃഷികളാണ് നശിച്ചത്. തിരുവിഴാംകുന്ന് കാലിഫാം കാട്ടിൽ നിന്നാണ് ആനകൾ എറാടൻകുണ്ട്, പുത്തംപുരതൊടി, പുഴയിൽപ്പാടം, തിരുത്ത്, ഞണ്ട്കാണി എന്നീ പ്രദേശങ്ങളിലേക്ക് ഇറങ്ങിയത്. നാട്ടുകാർ ജനപ്രതിനിധികളോടും വനം വകുപ്പ് ജീവനക്കാരോടും പരാതി അറിയിച്ചിട്ടുണ്ട്.
ഏറാടൻ അബ്ദുല്ല, പടിഞ്ഞാറ് വീട്ടിൽ ജയശങ്കർ, തോണിക്കര മൊയ്തീൻ, ഒതുക്കുംപുറത്ത് മുഹമ്മദാലി, പടിഞ്ഞാറ് വീട്ടിൽ ജയപ്രകാശ്, ഒ. അനീസ്, പടിഞ്ഞാറ് വീട്ടിൽ ശശി, കാപ്പിൽ കുഞ്ഞിമൊയ്തീൻ, ഒതുക്കുംപുറത്ത് ഉമ്മർപ്പ, കൂമഞ്ചീരി ഉമ്മർ, ഒറവംതുരത്തിൽ ഗോപി, പള്ളിക്കൽ പുഷ്പൻ, ഒറവംതുരത്തിൽ രാധാകൃഷ്ണൻ, ഒതുക്കുംപുറത്ത് ഷാനവാസ് എന്നിവരുടെ കൃഷി ഭൂമിയിലും പിലാകുർശ്ശി അമ്പല പരിസരത്തുമാണ് ആന ഇറങ്ങിയത്. രണ്ട് ആനകളാണ് കൃഷിയിടങ്ങളിലെത്തിയത്. ഏറാടൻ അബ്ദുല്ലയുടെ വീട്ടുമുറ്റത്തും ആനയെത്തി. ആദ്യമായാണ് ആന വെള്ളിയാർപ്പുഴ കടന്ന് ഇവിടെ എത്തിയതെന്ന് അബ്ദുല്ല പറഞ്ഞു. ആനകളെ തിരുവിഴാംകുന്ന് കാലിഫാം കാട്ടിൽനിന്ന് സർക്കാർ വനത്തിലേക്ക് തുരത്തി വിടാനുളള ഒരു നടപടിയും വനം വകുപ്പിൽ നിന്ന് ഉണ്ടാകുന്നില്ലന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
കാട്ടാന ആക്രമണത്തിൽ നിന്ന് ടാപ്പിങ് തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു
അലനല്ലൂർ: കാട്ടാനകളുടെ ആക്രമണത്തിൽനിന്ന് ടാപ്പിങ് തൊഴിലാളി ഒതുക്കുംപുറത്ത് ഹമീദ് അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ പുത്തംപുരതൊടിയിലെ ചേരിയത്ത് മാനുവിന്റെ റബർ തോട്ടത്തിൽ ടാപ്പിങ് ചെയ്യുന്നതിനിടെയാണ് സംഭവം. ഹമീദിന്റെ പിറകിലൂടെയാണ് രണ്ട് ആനകൾ വന്നത്. ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോഴാണ് ആനകളെ കണ്ടത്. ഓടി റാട്ടപ്പുരയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ആന പോകുന്ന വഴിയിൽ മറ്റൊരു ടാപ്പിങ് തൊഴിലാളി തോട്ടുങ്ങൽ അബ്ദു ഉണ്ടായിരുന്നു.
ഉടനെ ഹമീദ് ഫോണിൽ വിവരം അറിയിക്കുകയും കുറച്ച് അകലെ ആനയെ കണ്ട അബ്ദു ഓടിരക്ഷപ്പെടുകയും ചെയ്തു. തന്റെ ജീവൻ തിരികെകിട്ടിയശേഷം സുഹൃത്തിനെ കൂടി രക്ഷപ്പെടുത്തിയ സന്തോഷത്തിലാണ് ഹമീദ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.