പാലക്കാട്: കാലങ്ങളായി തുടരുന്ന ധോണി മേഖലയിലെ വന്യമൃഗശല്യത്തിന് പരിഹാരമായി സൗരോർജ തൂക്കുവേലി സജ്ജമാകുന്നു. ധോണി മുതൽ മലമ്പുഴ വരെയാണ് സൗരോർജ തൂക്കുവേലി സ്ഥാപിക്കാനൊരുങ്ങുന്നത്. പുതുപ്പരിയാരം, അകത്തേത്തറ, മലമ്പുഴ പഞ്ചായത്തുകളുൾപ്പെടുന്ന ധോണി മുതൽ മലമ്പുഴ വരെയുള്ള 14.5 കിലോമീറ്റർ ദൂരത്തിലാണ് നബാർഡ് സാഹയത്തോടെ സൗരോർജ വേലി പദ്ധതി വനംവകുപ്പ് നടപ്പാക്കുന്നത്.
പദ്ധതിക്കായി 98 ലക്ഷം രൂപ അനുവദിച്ചതോടെ ഇ ടെൻഡർ നടപടികൾ ആരംഭിച്ചു. ഇത് പൂർത്തിയാകുന്നതോടെ പ്രവൃത്തി കരാറെടുക്കുന്ന കമ്പനി മൂന്ന് മാസത്തിനകം നിർദിഷ്ട ദൂരത്തിൽ തൂക്കുവേലി സജ്ജമാക്കണമെന്നാണ് വ്യവസ്ഥ.
ജില്ലയിൽ കാട്ടാനശല്യം കൂടുതലായുള്ള ധോണി മേഖലയിൽ ജീവനും സ്വത്തിനും ഭീഷണിയായിരുന്ന പി.ടി 7നെ പിടിച്ച് കുങ്കിയാനയാക്കുന്ന പരിശ്രമം തുടരുമ്പോഴും മേഖലയിൽ കാട്ടാന ശല്യം തീർന്നിട്ടില്ല. നിലവിൽ കാട്ടാനശല്യം നിയന്ത്രിക്കാൻ സ്ഥാപിച്ച വേലികൾ കൊമ്പൻമാർ തകർക്കുന്നത് പതിവാണ്. നിലവിലെ വേലികളുടെ തൂണുകൾ തകർത്തും പിഴുതെറിഞ്ഞും തകർക്കുകയാണ്. ഇത്തരം സാഹചര്യങ്ങൾ പരിഗണിച്ചാണ് ടി ആകൃതിയിലുള്ള തൂണുകളിൽനിന്ന് കമ്പികൾ താഴേക്ക് തൂക്കിയിടുന്ന നൂതന മാതൃക ആവിഷ്കരിക്കാൻ വനം വകുപ്പ് തയാറാവുന്നത്.
നിലവിൽ പുതുശ്ശേരി പഞ്ചായത്തിൽപെട്ട വാളയാർ മേഖലയിൽ സൗരോർജ തൂക്കുവേലി സ്ഥാപിച്ചിട്ടുണ്ട്. പുതുപ്പരിയാരം, അകത്തേത്തറ പഞ്ചായത്തുകളിൽപെട്ട ധോണി മുതൽ താഴെ ചെറാട് വരെ 10 കിലോമീറ്റർ ദൂരത്തിലും മലമ്പുഴ പഞ്ചായത്തിൽപെട്ട പരുത്തി വരെ 4.5 കിലോമീറ്റർ ദൂരത്തിലുമാണ് തൂക്കുവേലിയൊരുങ്ങുന്നത്.
തറനിരപ്പിൽനിന്ന് ഏകദേശം ഒരടി വരെയായി ഉയരത്തിൽ തൂക്കിയിടുന്ന കമ്പികളിൽ വൈദ്യുതി കടത്തിവിടുന്നതാണ് സൗരോർജ തൂക്കുവേലി. പുതിയ സംവിധാനത്തിൽ തൂണുകളിലും വൈദ്യുതിയുള്ളതിനാൽ പഴയ സൗരോർജ വേലി പോലെ ആനകൾക്ക് പെട്ടെന്ന് തകർക്കാനാവില്ല. ആദ്യകാലങ്ങളിൽ ആറ് അടി ഉയരത്തിലുള്ള സൗരോർജ വേലികൾ സ്ഥാപിച്ചിരുന്നെങ്കിലും ഇവയൊക്കെ കൊമ്പന്മാർ തകർത്തിരുന്നു.
നിലവിൽ പാലക്കാട് വനം ഡിവിഷനു കീഴിൽ 17 കിലോമീറ്റർ ദൂരത്തിൽ സൗരോർജ തൂക്കുവേലി സ്ഥാപിച്ചിട്ടുണ്ട്. കഞ്ചിക്കോട് മേഖലയിൽ ഒമ്പത് കിലോമീറ്റർ ദുരത്തിൽ എട്ടുമാസം മുമ്പാണ് വേലി സ്ഥാപിച്ചത്. പാലക്കാട് കോയമ്പത്തൂർ റെയിൽപാതയിൽ അഞ്ച് കിലോമീറ്റർ ദൂരത്തിൽ റെയിൽവേയും തൂക്കുവേലി സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.