പാലക്കാട്: ‘ആനകൾ ഇറങ്ങുന്നത് പതിവാണ്. പക്ഷേ പുലിയങ്ങിനെയല്ല, രാത്രിയാത്രയൊക്കെ ഇതുവഴി ഇപ്പോ എളുപ്പമല്ല. സന്ധ്യയാകുന്നതോടെ എല്ലാവരും വീട്ടിൽ കയറും. വളർത്തുമൃഗങ്ങളുള്ളവരൊക്കെ ആകെ ആധിയിലാണ്...’ മലമ്പുഴയിലെ കർഷകൻ രാജൻ പറയുന്നു.
കൃഷിയിടത്തിൽ ആനയും പുലിയുമൊക്കെ സ്ഥിരം സന്ദർശകരായതോടെ രാജനടക്കം കർഷകർ പലരും വലിയ പ്രതിസന്ധിയിലാണ്. മലമ്പുഴയിലും അകത്തേത്തറയിലും മാത്രമല്ല ജില്ലയുടെ മലയോര മേഖലയിലെല്ലാം ഇതുതന്നെയാണ് സ്ഥിതി. ബാക്കി കൃഷിയിടങ്ങളിലാകട്ടെ പന്നിയും മയിലും കുരങ്ങുമെല്ലാമാണ് വില്ലൻമാർ.
വനമേഖലകളിലെ മനുഷ്യരുടെ കടന്നുകയറ്റത്തിനൊപ്പം തകരാറിലായ ജൈവസന്തുലനവും ഒട്ടൊന്നുമല്ല പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നത്. മുമ്പ് വനാതിർത്തികൾ മനുഷ്യ -വന്യജീവി സംഘർഷ മേഖകളായിരുന്നുവെങ്കിൽ നിലവിൽ നഗരപരിധിയിൽ പോലും പന്നികളടക്കം വന്യജീവികൾ എത്തുന്നത് പതിവാണ്.
വേട്ടക്കാരായ മൃഗങ്ങളുടെ എണ്ണം കുറഞ്ഞതിനൊപ്പം പന്നികളുടെ വേഗത്തിലുള്ള പ്രജനനവും കൂടിയായതോടെ കർഷകർ ശരിക്കും വെട്ടിലായി. ജില്ലയിൽ കല്ലടിക്കോട്, അട്ടപ്പാടി, മണ്ണാർക്കാട്, വടക്കഞ്ചേരി, നെന്മാറ എന്നിങ്ങനെ പ്രധാന കാർഷിക മേഖലകളിലെല്ലാം വന്യമൃഗശല്യം രൂക്ഷമാണ്.
പ്രതിസന്ധിയിലായ കർഷകരിൽ പലരും കൃഷി തന്നെ ഉപേക്ഷിച്ചു. കാട്ടുപന്നി ശല്യം വർധിച്ചതോടെ തെങ്ങിൻ തൈകൾ പോലും നടാനാവാത്ത സ്ഥിതി. നടുന്ന തൈകൾ പന്നികൾ കുത്തിമറിച്ചിടും. ജില്ലയിൽ കിഴങ്ങുവർഗങ്ങളുൾപ്പെടെ ഭക്ഷ്യവിളകളുടെ ഉൽപാദനം ഗണ്യമായി കുറയുന്നതാണ് കാഴ്ച.
നെല്ലും കപ്പയും മധുരക്കിഴങ്ങും നട്ട കൃഷിയിടങ്ങളിൽ പലതിലും കമുകും റബറുമടക്കം കൃഷികൾ പരീക്ഷിക്കേണ്ടിവരികയാണെന്ന് നെന്മാറ അടിപ്പെരണ്ടയിലെ കർഷക ലിജി ജോയ് ‘മാധ്യമ’ത്തോട് പറഞ്ഞു. വനമേഖല കൃത്യമായി വേർതിരിച്ച് വൈദ്യുതവേലിയടക്കം സജ്ജീകരിക്കുകയാണ് പോംവഴിയെന്ന് അട്ടപ്പാടി മേലേകണ്ടിയൂർ സ്വദേശിയും വാഴകർഷകനുമായ മധു വിജയൻ പറഞ്ഞു.
ഏതാനും ദിവസങ്ങളായി അകത്തേത്തറയും മലമ്പുഴയും പുലിപ്പേടിയിൽ അമർന്നിരിക്കുകയാണ്. കാട്ടാന വിതക്കുന്ന ഭയത്തിനും നാശത്തിനും പുറമെ പുലി കൂടെ എത്തിയപ്പോൾ പലയിടത്തും വനം വകുപ്പ് അധികൃതർ അടക്കമുള്ളവർക്കെതിരെ പ്രതിഷേധവും കാണാം.
വളർത്തുമൃഗങ്ങളെ പുലി ആക്രമിക്കാൻ തുടങ്ങിയതോടെ ഇത് രൂക്ഷമാവുകയാണ്. ആനശല്യം കനത്തതോടെ രാത്രി മലയോര വീടുകളിൽ താമസക്കാരില്ലാതായി. വീടിന് ചുറ്റും ലൈറ്റ് തെളിച്ച് ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലെ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലുമാണ് കർഷകർ രാത്രി കഴിച്ചുകൂട്ടുന്നത്. വനത്തിൽ നിന്ന് പത്തുകിലോമീറ്ററോളം വരെയാണ് മിക്കയിടങ്ങളിലും ആനകളുടെ വിളയാട്ടം.
പകൽ കാട്ടിലേക്ക് മാറുന്ന ആനകൾ സന്ധ്യ മയങ്ങുന്നതോടെയാണ് നാട്ടിലിറങ്ങുന്നത്. തളികകല്ലും നെല്ലിയാമ്പതിയിലും വഴിയിൽ പകലും ആനയുണ്ടാകും. ഗ്രാമനഗര വ്യത്യാസമില്ലാതെയാണ് പന്നികളുടെ വിഹാരം. പാലക്കാട് നഗരത്തിൽ പട്ടിക്കര ബൈപാസിലെ മാലിന്യച്ചാലിനരികെ പകലും പന്നികൾ കൂട്ടമായി വിഹരിക്കുന്നത് കാണാം.
2022 മേയ് 28ന് കാട്ടുപന്നിയെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പാലിറ്റി ചെയർമാൻ, കോർപറേഷൻ മേയർ എന്നിവർക്ക് അനുയോജ്യ മാർഗങ്ങളിലൂടെ കൊല്ലാൻ അനുമതി നൽകുന്നതായിരുന്നു ഉത്തരവ്. എന്നാൽ പിന്നീട് അപര്യാപ്തതകളിൽ കുരുങ്ങിയ പദ്ധതികൾ ഇഴയുന്നതായിരുന്നു കാഴ്ച.
2020ൽ സർക്കാർ തീരുമാനം നടപ്പാക്കിയ മുതൽ 2022 മേയ് വരെ മലപ്പുറം, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന വനം വകുപ്പ് ഈസ്റ്റേൺ സർക്കിളിൽ 1,382 കാട്ടുപന്നികളെ വെടിവച്ചുകൊന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവുമധികം പന്നികളെ കൊന്നത് നിലമ്പൂർ സൗത്ത് ഡിവിഷനിലാണ്, 400 എണ്ണം. കുറവ് മണ്ണാർക്കാട് ഡിവിഷനിലും, 68 എണ്ണം. പാലക്കാട്, നെന്മാറ, നിലമ്പൂർ നോർത്ത് ഡിവിഷനുകളിൽ 374, 287, 253 എന്നിങ്ങനെയാണ് കണക്ക്.
പത്തുവർഷത്തിനിടെ 8,557 പേർ കാട്ടുപന്നിയുൾപ്പടെയുള്ള വന്യജീവികളുടെ ആക്രമണത്തിനിരയായി. ആനകളുടെ ആക്രമണത്തിൽ മലമ്പുഴയുൾപ്പെടെ ജില്ലയിൽ അഞ്ചോളം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2023 ജൂൺ 15ന് അട്ടപ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിന് വിധേയനായ യുവാവിന്റെ മൃതശരീരത്തിൽ ആന്തരിക അവയവങ്ങൾ പോലുമില്ലാതിരുന്നത് വാർത്തയായിരുന്നു.
ജില്ലയിൽ വനംവകുപ്പിന്റെ എംപാനലിൽ ഉൾപ്പെട്ട ലൈസൻസുള്ള 108 തോക്കുടമകളുണ്ട്. വനംവകുപ്പ് ഡിവിഷനുകളായ മണ്ണാർക്കാട് 23, പാലക്കാട് 38, നെന്മാറ 47 എന്നിങ്ങനെയാണ് എംപാനൽ തോക്കുടമകളുടെ എണ്ണം.
മനുഷ്യരുടെ കടന്നുകയറ്റം വർധിച്ചതും വേട്ടയാടുന്ന ജീവികളുടെ എണ്ണത്തിലുള്ള കുറവും വനമേഖലയിലെ ഭക്ഷ്യലഭ്യതയെ കാര്യമായി ബാധിച്ചതായി ഗവേഷകനായ രാമചന്ദ്രൻ പറയുന്നു. പാലക്കാടൻ വനങ്ങളിൽ മിക്കയിടത്തും സ്വാഭാവിക ജലസ്രോതസ്സുകളുടെ അഭാവമുണ്ട്.
വന്യമൃഗങ്ങൾ ജലത്തിനായി ആശ്രയിച്ചിരുന്ന നദികളും ഇതര ജലസ്രോതസ്സുകളും പലയിടത്തും ജനവാസമേഖലയിൽ കെട്ടിയടക്കപ്പെട്ടു. ഇതിന് പുറമെ വനാതിർത്തികളിലെ ഭക്ഷ്യവിളകളുടെ കൃഷിയും മൃഗങ്ങളെ ആകർഷിക്കുമെന്നും രാമചന്ദ്രൻ ചൂണ്ടിക്കാണിക്കുന്നു.
കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയച്ച പട്ടികയിൽ പാലക്കാട്ട് കാട്ടുപന്നി ശല്യം രൂക്ഷമായ ഹോട്സ്പോട്ടായി പ്രഖ്യാപിച്ച 28 വില്ലേജുകളാണുള്ളത്. ലെക്കിടി പേരൂർ, ഒറ്റപ്പാലം നഗരസഭ, വടക്കൻ വെള്ളിനേഴി, ചെർപ്പുളശേരി, വാണിയംകുളം ഒന്ന്, രണ്ട് വില്ലേജുകൾ, തൃത്താല, കള്ളമല, പുതൂർ, അഗളി, കോട്ടത്തറ, പാലക്കയം, തെങ്കര, അലനല്ലൂർ, കോട്ടോപ്പാടം, എലവഞ്ചേരി, കൊല്ലങ്കോട്, മുതലമട-ഒന്ന്, വല്ലങ്ങി, കിഴക്കഞ്ചേരി ഒന്ന്, രണ്ട് വില്ലേജുകൾ, മംഗലംഡാം, കുത്തനൂർ, തരൂർ, മങ്കര, പറളി രണ്ട് വില്ലേജ്, കുലുക്കല്ലൂർ, തിരുവേഗപ്പുറ എന്നിവയാണ് പാലക്കാട് ജില്ലയിലെ ഹോട്സ്പോട്ട് വില്ലേജുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.