വരട്ടാറിൽ വൻ മണൽ ഖനനത്തിന്​ നീക്കം

നദി പുനരുജ്ജീവനത്തി​ന്‍റെ മറവിൽ ആദിപമ്പയിൽനിന്ന്​ വൻതോതിൽ മണൽ കടത്തിയിരുന്നു പത്തനംതിട്ട: നദി പുനരുജ്ജീവനത്തി​ന്‍റെ മറവിൽ വരട്ടാറിൽ വൻതോതിൽ മണൽ ഖനനത്തിന്​ നീക്കം. അടിത്തട്ടിൽ അടിഞ്ഞുകൂടിയ ചളി നീക്കം ചെയ്യുന്നതി​ന്‍റെ മറവിൽ ആധുനിക ഡ്രഡ്ജർ ഉപയോഗിച്ച് 30 മീറ്റർ വീതിയിലും മൂന്ന് മീറ്റർ താഴ്ചയിലുമാണ് ഖനനത്തിന്​ ഒരുങ്ങുന്നത്. ആദിപമ്പയിൽ ഈ വിധം ഖനനം നടത്തി വൻതോതിൽ മണൽ കടത്തിയിരുന്നു. അതിനു പിന്നാലെയാണ്​ വരട്ടാറിലും അതേ രീതിയിൽ ഖനനത്തിന്​ കളമൊരുക്കുന്നത്​. 9.6 കി.മീറ്ററുള്ള വരട്ടാറിന്‍റെ അടിത്തട്ടിൽ കോടിക്കണക്കിന് രൂപയുടെ മണൽ അടിഞ്ഞുകൂടിയിട്ടുണ്ടെന്നാണ് നിഗമനം. ഇത്രയും ദൂരം മണൽ ഖനനം നടക്കുമ്പോൾ തീരമിടിച്ചിൽ, ജലക്ഷാമം തുടങ്ങിയ പാരിസ്ഥിതിക വിഷയങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന്​ വാട്ടർ റിസോഴ്സ് വകുപ്പി​ന്‍റെ പഠന റിപ്പോർട്ടുണ്ട്​. അത്​ അവഗണിച്ചാണ് ഖനനത്തിന് അധികൃതർ അനുമതി നൽകിയത്. ------ ട്രയൽ റൺ നടത്തി; നാട്ടുകാർ തടഞ്ഞു ആദ്യ ഘട്ടമായി ഓതറയ്ക്ക് പടിഞ്ഞാറ് തിരുവൻവണ്ടൂർ പഞ്ചായത്തി​ന്‍റെ എട്ടാം വാർഡായ കുറ്റിക്കാട്ട് പടിക്ക് സമീപമാണ് ഖനന നീക്കം നടക്കുന്നത്. ഇതിനായി ഡ്രഡ്ജറും പമ്പും ഹോസും അടങ്ങുന്ന സാമഗ്രികൾ വരട്ടാറി​ന്‍റെ തീരത്ത്​ എത്തിച്ചു. പ്രതിമാസം 20,000 രൂപ വാടകക്കാണ് ഇവിടെ സ്വകാര്യ വ്യക്തിയുടെ പക്കൽനിന്ന്​ മണൽ ഇറക്കിയിടാനും യന്ത്രസാമഗ്രികൾ സ്ഥാപിക്കാനുമായി കരാറുകാരൻ ഭൂമി വാടകക്ക്​ എടുത്തത്. കൂടാതെ നദിയിൽ യന്ത്രങ്ങൾ സ്ഥാപിച്ചശേഷം അരമണിക്കൂർ ട്രയൽ റണ്ണും നടത്തി. വിവരമറിഞ്ഞ് നാട്ടുകാർ സംഘടിച്ച് ഖനനം നടത്തരുതെന്ന് ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗത്തിന്റെ സാന്നിധ്യത്തിൽ ഈ ആവശ്യം ഉന്നയിച്ച് യോഗവും ചേർന്നു. അതിനാൽ ഇപ്പോൾ ഖനനം നിർത്തിവെച്ചിരിക്കുകയാണ്. കൂടാതെ പ്രാവിൻകൂടിന് സമീപം മഴുക്കീറിലും ഖനനത്തിന്​ നീക്കം നടക്കുന്നുണ്ട്. യന്ത്ര സാമഗ്രികൾ സ്ഥാപിക്കാനും മണൽ നിക്ഷേപിക്കാനുമായി ഇവിടെയും സ്വകാര്യ ഭൂമി വാടകക്ക്​ എടുത്തിട്ടുണ്ട്. ആദിപമ്പയിൽനിന്ന്​ ഖനനം ചെയ്ത പതിനായിരത്തിലധികം ലോഡ് മണൽ ഭൂരിഭാഗവും വിറ്റുകഴിഞ്ഞു. --- പരിസ്ഥിതി ആഘാത പഠനം എവിടെ? വരട്ടാർ പുനരുജ്ജീവിപ്പിക്കാൻ 2002ലെ പമ്പ ആക്ഷൻ പ്ലാനിൽ നിർദേശമുണ്ട്. പരിസ്ഥിതി ആഘാത പഠനം നടത്തിയ ശേഷം മാത്രമേ ഖനനം പാടുള്ളൂവെന്ന് റിപ്പോർട്ട് പറയുന്നു. പമ്പ നദിയേക്കാൾ അഞ്ച് മീറ്ററോളം ഉയരത്തിലാണ് ആദിപമ്പ. ആദിപമ്പയിൽനിന്ന്​ എഴ് മീറ്ററിലധികം ഉയരത്തിലാണ് വരട്ടാർ. ഇതിലൂടെ ജലപ്രവാഹം സാധ്യമാക്കാൻ ആദിപമ്പ, പമ്പ നദിയോളം താഴ്ചത്തേണ്ടി വരും. പമ്പയുടെ അടിത്തട്ട് ഉയർത്തി വരട്ടാറിലേക്ക് ജലപ്രവാഹം സാധ്യമാക്കണമെങ്കിൽ കുറഞ്ഞത് പത്ത് വർഷമെങ്കിലും തടയണ കെട്ടി കാത്തിരിക്കേണ്ടിവരുമെന്ന്​ പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. മണൽ ഖനനത്തിലൂടെ കോടികൾ അടിച്ചുമാറ്റാനാണ് ഒരുവിഭാഗത്തിന്‍റെ നീക്കമെന്നും അവർ കുറ്റപ്പെടുത്തുന്നു. വർഷകാലത്തുണ്ടാകുന്ന പ്രളയം മാത്രമാണ് വരട്ടാറിനെ ഇപ്പോൾ സജീവമാക്കുന്നത്. സർക്കാർ നിർദേശിച്ചിരിക്കുന്ന നിയമങ്ങൾ പാലിച്ച് ചളി നീക്കി ഇവിടെ നിന്ന്​ മണൽ ഖനനം ചെയ്യാൻ നിലവിൽ തടസ്സങ്ങളില്ല. മണലിലൂടെ ലഭിക്കുന്ന വരുമാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കണമെന്നും ആവശ്യമുയരുന്നു. --------- box ആദിപമ്പയുടെ തീരത്തെ ഓതറ പുതുക്കുളങ്ങരയിൽനിന്ന്​ ആരംഭിച്ച് തൈമറവുങ്കര, തലയാർ, തിരുവൻവണ്ടൂർ തുടങ്ങിയ മേഖലകളിലൂടെ ഒഴുകി ഇരമല്ലിക്കരയിൽ എത്തി മണിമലയാറ്റിലെ കീച്ചേരിവാൽ കടവിൽ സംഗമിക്കുന്നതാണ്​ വരട്ടാർ. ``` പടം: PTL41varattar വരട്ടാറിൽ മണൽ ഖനനത്തിനായി തിരുവൻവണ്ടൂർ കുറ്റിക്കാട്ട് പടിയിൽ എത്തിച്ച യന്ത്രസാമഗ്രികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.