പത്തനാപുരം: നിരവധി തലമുറകൾക്ക് കലാലയ ജീവിതത്തിന്റെ മധുരം സമ്മാനിച്ച മാലൂർ സെന്റ് സ്റ്റീഫന്‍സ് കോളജ് 60ന്റെ നിറവിൽ. 1964ൽ തോമാ മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്തയാണ് മാലൂരിൽ കോളജ് ആരംഭിച്ചത്. 1964 ജൂൺ എട്ടിനാണ് കോളജിനായി സ്ഥലം ഏറ്റെടുത്ത് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്.
1967 ഓടെ പൂർണ്ണതോതിൽ ക്ലാസുകളും ആരംഭിച്ചു. ആദ്യഘട്ടത്തിൽ മൂന്ന് സയൻസ് ബാച്ചുകളും ഇക്കണോമിക്സ്, പെഡഗോഗി വിഭാഗങ്ങളിൽ ഓരോന്നുവീതവുമായാണ് ക്ലാസുകൾ ആരംഭിച്ചത്.
ആലുവ യു.സി കോളജ് ബോട്ടണിവിഭാഗം മേധാവിയായിരുന്ന പ്രഫ. ടി.സി. തോമസായിരുന്നു ആദ്യ പ്രിൻസിപ്പൽ. അറുപതാണ്ട് പിന്നിടുമ്പോൾ എട്ട് ബിരുദ കോഴ്സുകളും അഞ്ച് ബിരുദാനന്തരബിരുദ കോഴ്സുകളും മൂന്ന് ഗവേഷണ വിഭാഗങ്ങളും ഉണ്ട്. പത്തനാപുരം മൗണ്ട് താബോർ ദയറായുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാഗമാണ് ഈ കോളജും.
പത്തനാപുരത്ത് ദയറാകുന്നിലാണ് പ്രൈമറി തലം മുതല്‍ ബി.എഡ് സെന്റര്‍ വരെയുള്ള മൗണ്ട് വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉള്ളത്. സ്ഥലപരിമിതി മൂലം കോളജ് ആരംഭിക്കാൻ കഴിയാതെ വന്നതോടെയാണ് നഗരത്തിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയായി കോളജ് ആരംഭിക്കാൻ സ്ഥലം ഏറ്റെടുത്തത്.
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ കോളജിൽ പഠനം പൂർത്തീകരിച്ചിട്ടുണ്ട്. മുൻ മന്ത്രി ടി.എം. ജേക്കബ്, കൊട്ടാരക്കര എം.എൽ.എ ആയിരുന്ന ഐഷാ പോറ്റി, ചന്ദ്രയാന്‍ ദൗത്യത്തിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ആയിരുന്ന ഡോക്ടർ നിസി മാത്യു, സാങ്കേതികരംഗത്തെ വിദഗ്ധൻ സൈനുദ്ദീൻ പട്ടാഴി, പ്രമുഖ സസ്യ ശാസ്ത്രജ്ഞൻ പ്രഫ. മാമൻ ഡാനിയൽ, ഗാനരചയിതാവ് പി.കെ. ഗോപി, ഇന്ത്യൻ വോളിബാൾ താരങ്ങളായിരുന്ന ഷിജാസ് മുഹമ്മദ്, അജിത്ത് തുടങ്ങിയവർ പൂർവവിദ്യാർഥികളുടെ നിരയിലുണ്ട്.
വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ ഏഴിന് പൂർവ വിദ്യാർഥികളെയും അധ്യാപകരെയും ഉൾപ്പെടുത്തി വിപുലമായ പൂർവവിദ്യാർഥി സംഗമം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.