മന്ത്രിയുടെ ഇടപെടലില്‍ ഗ്രെയ്‌സിന്​ ആശ്വാസം; വീടിന്‍റെ ജപ്തി ഒഴിവായി

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിൻന്‍റെ ഇടപെടലിൽ ഗ്രെയ്‌സിന്‍റെ വീടിന് ജപ്തി ഒഴിവായി. ഗ്രെയ്‌സിനെ ദത്തെടുത്ത് വളര്‍ത്തിയ മാതാപിതാക്കള്‍ നഷ്ടപ്പെട്ടുവെന്നും വീട് ജപ്തി ഭീഷണിയിലാണെന്നുമുള്ള വിവരം അറിഞ്ഞ്​ മന്ത്രി ഗ്രെയ്‌സിനെ തേടി എത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തിയ മന്ത്രി ഗ്രെയ്‌സ് ഇനി അനാഥയല്ലെന്നും എല്ലാവരും ഒപ്പമുണ്ടെന്നും ജപ്തി ഒഴിവാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും ഉറപ്പുനൽകി. സഹകരണ മന്ത്രി വി.എന്‍. വാസവനുമായി ബന്ധപ്പെട്ട്​ ജപ്തി നടപടി നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. വനിത ശിശുവികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ ഗ്രെയ്‌സിന് 18 വയസ്സ്​ തികയുന്നതുവരെ സ്‌പോണ്‍സര്‍ഷിപ്​ അല്ലെങ്കില്‍ കിന്‍ഷിപ് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയില്‍ ഏതിലെങ്കിലും ഉള്‍പ്പെടുത്തി എല്ലാ മാസവും 2000 രൂപ വീതം ലഭ്യമാക്കും. ഇപ്പോള്‍ മാതൃസഹോദരന്‍ പോള്‍ എം.പീറ്ററിന്‍റെ സംരക്ഷണയില്‍ കഴിയുന്ന ഗ്രേയ്‌സിന്‍റെ സംരക്ഷണം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി അറിയിച്ചു. കുട്ടികളില്ലാതിരുന്ന ചൂരക്കോട് പെനിയേല്‍ വില്ലയില്‍ റൂബി ജോര്‍ജും ഭര്‍ത്താവ് ജോര്‍ജ് സാമുവലും 2007 ലാണ് ഏഴുമാസം പ്രായമുള്ള ഗ്രെയ്‌സിനെ ദത്തെടുത്തത്. ചൂരക്കോട് ഗവ.എല്‍.പി സ്‌കൂളിലെ പ്രീപ്രൈമറി വിഭാഗം താല്‍ക്കാലിക അധ്യാപികയായിരുന്ന റൂബി കാന്‍സര്‍ ബാധിതയായി 2019 ഒക്ടോബറില്‍ മരിച്ചു. പ്രമേഹ ബാധിതനായ ജോര്‍ജ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്​ മരിച്ചു. ഇതോടെ ഗ്രേയ്‌സ് വീണ്ടും അനാഥയായി. റൂബിയുടെ ചികിത്സക്കായി ജില്ല സഹകരണ ബാങ്കിന്‍റെ അടൂര്‍ ശാഖയില്‍നിന്ന് രണ്ടുലക്ഷം രൂപ വായ്പ എടുത്തിരുന്നു. ജോര്‍ജിന് ഇത് തിരിച്ചടക്കാന്‍ കഴിയാതെവന്നതോടെ ഇവരുടെ എട്ട് സെന്‍റ്​ സ്ഥലവും ഒറ്റമുറി വീടും ജില്ല സഹകരണ ബാങ്കിന്‍റെ കൈവശമായി എന്ന് കാണിച്ച് ആറുമാസം മുമ്പ്​ ബോര്‍ഡും സ്ഥാപിച്ചു. ഇതാണ് ഇപ്പോള്‍ മന്ത്രിയുടെ ഇടപെടലില്‍ ഒഴിവായത്. ഏറത്ത് പഞ്ചായത്ത് പ്രസിഡന്‍റ്​ സന്തോഷ് ചാത്തന്നൂപ്പുഴ, പഞ്ചായത്ത്​ അംഗം സ്വപ്ന, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, ജില്ല സെക്ര​ട്ടേറിയറ്റ് അംഗം ടി.ഡി. ബൈജു, ഏരിയ സെക്രട്ടറി എസ്. മനോജ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ അലക്‌സാണ്ടര്‍ തോമസ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഫോട്ടോ PTL 12 GRACE ഗ്രെയ്‌സിനെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വീട്ടിലെത്തി സന്ദര്‍ശിച്ചപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.