ചിറ്റാറിലെ ആയിരത്തിലധികം കുടുംബങ്ങളുടെ ഭൂപ്രശ്‌നത്തിന് പരിഹാരം

സ്വന്തം ഭൂമിക്ക് കരംഅടക്കാന്‍ സാധിക്കാതെ ദുരിതത്തിലായിരുന്നു വടശ്ശേരിക്കര: ചിറ്റാര്‍ പഞ്ചായത്തില്‍ എസ്റ്റേറ്റ് ഭൂമി വാങ്ങി താമസക്കാരായ ആയിരത്തിലധികം കുടുംബങ്ങളുടെ ഭൂപ്രശ്‌നത്തിന് പരിഹാരമായതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. പതിറ്റാണ്ടുകളായി നിലനിന്ന പോക്കുവരവ്, കരമടക്കല്‍, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍ എന്നീ പ്രശ്‌നങ്ങള്‍ക്കാണ് റവന്യൂ മന്ത്രിയുടെ ഇടപെടലിൽ പരിഹാരമായത്. സ്വന്തം ഭൂമിക്ക് കരംഅടക്കാന്‍ സാധിക്കാതെ ആയിരത്തിലധികം കുടുംബങ്ങള്‍ ദുരിതത്തിലായിരുന്നു. 1963ലെ ഭൂപരിഷ്‌കരണ നിയമപ്രകാരം എസ്റ്റേറ്റ് ഭൂമി വിലയ്ക്ക് വാങ്ങിയാല്‍ പോക്കുവരവ് ചെയ്ത് കരം തീര്‍ത്ത് നൽകുവാന്‍ കഴിയില്ല എന്ന നിയമപ്രശ്‌നമാണ് ഭൂമി വാങ്ങിയ കുടുംബങ്ങള്‍ക്ക് പ്രതിസന്ധിയായി മാറിയത്. അനുകൂല കോടതി വിധിയിലൂടെ ചിലയാളുകള്‍ പോക്കുവരവ് ചെയ്യിച്ചെങ്കിലും ബഹുഭൂരിപക്ഷവും നിയമത്തിന്‍റെ നൂലാമാലയില്‍പെട്ട് വിലകൊടുത്ത് വാങ്ങിയ ഭൂമിയുടെ അവകാശികളല്ലാതെ തുടരുകയായിരുന്നു. റവന്യൂ മന്ത്രി കെ. രാജന്‍ പരാതി സമര്‍പ്പിക്കാന്‍ ആരംഭിച്ച മിഷന്‍ ആൻഡ്​ വിഷന്‍ ഡാഷ് ബോര്‍ഡ് പദ്ധതിയില്‍ ചിറ്റാറിലെ ഭൂപ്രശ്‌നം പരാതിയായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ എത്തിച്ചതോടെയാണ് പ്രശ്‌നപരിഹാരത്തിന് വഴിതെളിഞ്ഞത്. വിഷയത്തിന്‍റെ ഗൗരവം മനസ്സിലാക്കി പ്രശ്‌നപരിഹാരത്തിനായി കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യരും ഇടപെട്ടു. ചിറ്റാറിലെ 1016 ഏക്കര്‍ എസ്റ്റേറ്റ് ഭൂമി തിരുവിതാംകൂര്‍ ദിവാനായിരുന്ന പി. രാജഗോപാലന്‍ ആചാരി ബ്രിട്ടീഷ് കമ്പനിയായ റാണി എസ്റ്റേറ്റിന് തീറാധാരം നടത്തി നൽകുകയായിരുന്നു. തുടര്‍ന്ന് 1946ല്‍ കൊല്ലം സബ് രജിസ്ട്രാര്‍ ഓഫിസില്‍ ആധാരം രജിസ്റ്റര്‍ ചെയ്ത് എ.വി.ടി കമ്പനി എസ്റ്റേറ്റ് വിലയ്ക്ക്​ വാങ്ങി. 1993ല്‍ കൊല്ലം സ്വദേശിയും 2005ല്‍ വി.കെ.എല്‍ ഗ്രൂപ്പും എസ്റ്റേറ്റ് ഭൂമി എ.വി.ടി കമ്പനിയില്‍നിന്ന്​ പകുത്തുവാങ്ങി. ഇവരില്‍നിന്നാണ് ആയിരത്തിലധികം കുടുംബങ്ങളിലേക്ക് ഈ ഭൂമി എത്തുന്നത്. സ്റ്റേറ്റ്‌ ലാൻഡ്​ ബോര്‍ഡിന്‍റെ 2021 ഒക്ടോബര്‍ 23ലെ സര്‍ക്കുലര്‍ അടിസ്ഥാനത്തിലാണ്​ പ്രശ്‌നപരിഹാരത്തിന് മന്ത്രി നിര്‍ദേശം നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ള ഭൂമികളുടെ പോക്കുവരവ്, കരംഅടവ്, കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ എന്നിവ നിഷേധിക്കരുതെന്ന് കാട്ടി വില്ലേജ് ഓഫിസര്‍ക്ക് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ ചിറ്റാര്‍ എസ്റ്റേറ്റ് ഭൂമിയിലെ ആയിരത്തോളം കുടുംബങ്ങള്‍ക്ക് കരം അടക്കാനുള്ള അവസരം ലഭിച്ചു. നിലവിലെ മുഴുവന്‍ അപേക്ഷകര്‍ക്കും ഭൂമി പേരില്‍കൂട്ടി കരം തീര്‍ത്ത് ഉടന്‍ ലഭ്യമാകുമെന്നും എം.എല്‍.എ പറഞ്ഞു. lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.