ഗവി റോഡ് തകർന്നു; മഴയെ പഴിചാരി പൊതുമരാമത്ത്​ വകുപ്പ്

വടശ്ശേരിക്കര: ഗവി ​റോഡ്​ തകർന്നതിന്​ മഴയെ പഴിചാരി പൊതുമരാമത്ത്​ വകുപ്പ്​. വർഷങ്ങളോളം തകർന്ന ആങ്ങമൂഴി ഗവി റോഡ് ടാറിങ് കഴിഞ്ഞ്​ മാസങ്ങൾക്കകം ഇളകിപ്പൊളിഞ്ഞതോടെ മഴയും മഴവെള്ളപ്പാച്ചിലുമാണ് റോഡ് തകരാൻ കാരണമെന്ന് കണ്ടെത്തുകയാണ് പൊതുമരാമത്ത്​ വകുപ്പ്. സംസ്ഥാനത്തെതന്നെ ഏറെ ശ്രദ്ധനേടിയ വിനോദസഞ്ചാര കേന്ദ്രത്തിന്‍റെയും ജലസംഭരണികളുടെയും നാടായ ഗവിയിലേക്കുള്ള കാനനപാതക്കാണ് ഈ ദുരവസ്ഥ. നിയന്ത്രണങ്ങളേറെയുണ്ടെങ്കിലും ഗവിയിലേക്കുള്ള വിനോദസഞ്ചാരികളുടെ കുത്തൊഴുക്കിന് ഏറെ തടസ്സമായി നിന്നിരുന്നത് സഞ്ചാരയോഗ്യമല്ലാത്ത റോഡില്ലെന്നുള്ളത് തന്നെയായിരുന്നു. റോഡിന്‍റെ തകർച്ചമൂലം ഗവിയിൽ താമസിക്കുന്നവർക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക മാർഗമായ കെ.എസ്.ആർ.ടി.സി സർവിസ് പോലും നിലച്ചുപോയിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ആറുമാസം മുമ്പ്​ വനത്തിലൂടെ കടന്നുപോകുന്ന റോഡിന്‍റെ മുക്കാൽ പങ്കും റീടാറിങ് ചെയ്തത്. എന്നാൽ, റോഡ് നിർമാണം പൂർത്തിയാകുക പോലും ചെയ്യുന്നതിന് മുമ്പ്​ ടാറിങ് പാളിപോലെ പലയിടത്തും ഇളകിപ്പോകാൻ തുടങ്ങി. മലവെള്ളപ്പാച്ചിൽമൂലം റോഡ് പലയിടത്തും ഒലിച്ചുപോയിട്ടുണ്ടെങ്കിലും റോഡ് നിർമാണത്തിലെ ഗുണനിലവാരത്തെപ്പറ്റി നേരെത്തേ പരാതി ഉണ്ടായിരുന്നെന്നും പൊതുജനങ്ങളുടെ ശ്രദ്ധ പതിയാത്തിടമായതിനാൽ ആവശ്യത്തിന് മേൽനോട്ടമോ അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗമോ ഉണ്ടായിട്ടില്ലെന്ന് ഗവി നിവാസികളും സ്ഥിരമായി ഇതുവഴി വാഹനവുമായി കടന്നുപോകുന്നവരും പറയുന്നു. ഇപ്പോൾ തകരാറിലായ ഭാഗം നന്നാക്കുവാൻ പൊതുമരാമത്തുവകുപ്പ് പദ്ധതി ഇട്ടിട്ടുണ്ടെങ്കിലും വകുപ്പുതല മേൽനോട്ടമില്ലെങ്കിൽ അടുത്തമഴയിൽ മുടക്കുന്ന കാശും വെള്ളത്തിലാകുമെന്ന് നാട്ടുകാർക്ക് ആശങ്കയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.