മഴക്കാല മുന്നൊരുക്കം; അച്ചൻകോവിലാറ്റിൽ മോക്ഡ്രിൽ

വെള്ളപ്പൊക്ക സാധ്യത മേഖലയായ പന്തളം നഗരസഭയിലെ തോന്നല്ലൂരിലായിരുന്നു മോക്ഡ്രിൽ പന്തളം: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയിലെ ആദ്യ മോക്ഡ്രിൽ അച്ചൻകോവിലാറ്റിൽ കടയക്കാട് പുത്തൻകടവിൽ നടന്നു. വെള്ളപ്പൊക്ക സാധ്യത മേഖലയായ പന്തളം നഗരസഭയിലെ കടയ്ക്കാട്, തോന്നല്ലൂർ ഏഴാം വാർഡിൽ ബുധനാഴ്ച വൈകീട്ട്​ മൂന്നിനായിരുന്നു മോക്ഡ്രിൽ. ജില്ല ദുരന്ത നിവാരണ അതോറിറ്റി നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി സഹകരിച്ച നടത്തിയ രക്ഷാപ്രവർത്തനത്തിൽ ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങൾ, വള്ളങ്ങൾ, വൈദ്യസഹായ സംവിധാനം എന്നിവ സജ്ജീകരിച്ചു. പ്രളയം ഉണ്ടായാൽ വെള്ളം കയറുന്ന പ്രദേശത്തെ ആളുകളെ ഒഴിപ്പിക്കുന്നത്​ എങ്ങനെയെന്നാണ്​ പരിശോധിച്ചത്​. അഗ്​നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ സ്കൂബ ടീം അടങ്ങിയ സംഘം വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശത്തെ മുപ്പത്തിയഞ്ചോളം കുടുംബങ്ങളെ ഒഴിപ്പിച്ച്​ സുരക്ഷിതമായി ക്യാമ്പുകളിലേക്ക് മാറ്റിയാണ് മോക്ഡ്രിൽ നടത്തിയത്. കടയ്ക്കാട് എൽ.പി സ്കൂൾ, എൻ.എസ്.എസ് കോളജ്, എൻ.എസ്.എസ് ബോയ്സ് സ്കൂൾ എന്നിവിടങ്ങൾ ക്യാമ്പുകളായി സജ്ജീകരിച്ചിരുന്നു. ഒന്നരമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ എല്ലാവരെയും ക്യാമ്പിലേക്ക് മാറ്റിയെന്ന് ഉറപ്പുവരുത്തിയ ശേഷം ഉദ്യോഗസ്ഥ സംഘം കടയ്ക്കാട് എൽ.പി സ്കൂളിൽ യോഗം ചേർന്ന് പ്രവർത്തന രീതികൾ വിലയിരുത്തി. പന്തളം നഗരസഭ ഭരണകൂടം, റവന്യൂ, ആരോഗ്യം, പൊലീസ് തുടങ്ങിയവർ മോക്​​ഡ്രില്ലിൽ പങ്കാളികളായി. അച്ചൻകോവിലാറ്റിലേക്ക് സർവ സന്നാഹവുമായി പാഞ്ഞെത്തിയ ഉദ്യോഗസ്ഥ സംഘത്തെക്കണ്ട് നാട്ടുകാരും അമ്പരന്നു. ------- ഫോട്ടോ: അച്ചൻകോവിലാറ്റിലെ കടക്കാട് പുത്തൻകടവിൽ നടന്ന മോക്​ഡ്രിൽ രക്ഷാപ്രവർത്തനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.