പത്തനംതിട്ട: തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള പദ്ധതികൾ ജില്ലയിൽ പാളി. നായ് ശല്യം ഏറിയതോടെ വിവിധ പദ്ധതികളുമായി സർക്കാറും തദ്ദേശസ്ഥാപനങ്ങളും രംഗത്തിറങ്ങിയെങ്കിലും എല്ലാം പാതിവഴിയിൽ മുടങ്ങി. ഇതിൽ പ്രധാനപ്പെട്ടതാണ് എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ). ഏറെ കൊട്ടിഗ്ഘോഷിച്ച് ആരംഭിച്ച പദ്ധതി ജില്ലയിൽ നടപ്പാക്കാനായിട്ടില്ല. ജില്ലയുടെ എല്ലാ ഭാഗങ്ങളിലും നായ്ക്കളുടെ ശല്യം അതിരൂക്ഷമാണ്, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ. ചൂടുകാലമായതോടെ ഇവയുടെ കടിയേൽക്കുന്നവരുടെ എണ്ണവും കൂടി.
തെരുവുനായ്ക്കളെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന നിയമപ്രശ്നങ്ങൾ കാരണമാണ് ഇവയുടെ എണ്ണം വർധിച്ചത്. കുടുംബശ്രീയെ ഉപയോഗിച്ച് എ.ബി.സി നടപ്പാക്കാനുള്ള നീക്കത്തെ കോടതി ഇടപെട്ട് തടഞ്ഞപ്പോൾ പ്രത്യേക പരിശീലനം ലഭിച്ചവരെ നിയോഗിച്ച് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു. ഇത്തരത്തിൽ പരിശീലനത്തിനായി ആളുകളെ കണ്ടെത്തി അയച്ചിരുന്നു. ഓരോ വർഷവും ഇവർക്ക് പരിശീലനം നൽകുന്നുണ്ട്. ഇക്കൊല്ലം 28 പേർക്ക് പരിശീലനം നൽകി.
വളർത്തു നായ്ക്കൾക്ക് രോഗം വന്നാലോ പ്രായമേറിയാലോ തെരുവിൽ ഉപേക്ഷിക്കുന്നവരുടെ പ്രകൃതവുമുണ്ട്. ഇത്തരം നായ്ക്കളാണ് കൂടുതൽ അപകടകാരികളായി മാറുന്നത്. ഇവയെ മറ്റ് നായ്ക്കൾ കൂട്ടത്തിൽ കൂട്ടാറില്ല. ഒറ്റതിരിഞ്ഞ് അലയുന്ന ഈ നായ്ക്കൾ പലപ്പോഴും ആളുകളെ ആക്രമിക്കുന്നതായി കണ്ടുവരുന്നുണ്ട്.
ജില്ലയിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ അരലക്ഷത്തിലധികം പേർക്ക് നായയുടെ കടിയേറ്റതായാണ് റിപ്പോർട്ട്. 2020 മുതൽ കഴിഞ്ഞ ജനുവരിവരെയുള്ള കണക്കിൽ 50,283 പേർക്ക് തെരുവുനായുടെ കടിയേറ്റു. രണ്ടു മരണങ്ങളും ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തു. 2020ൽ 9103 പേർക്കാണ് കടിയേറ്റത്. 2021ൽ 11381, 2022ൽ 14898, 2023ൽ 14184 പേർക്കും കടിയേറ്റു. ഇക്കൊല്ലം ഇതുവരെയുള്ള കണക്കുകൾ പൂർണമായിട്ടില്ല. ഓരോ മാസവും ശരാശരി ആയിരം പേർക്കെങ്കിലും നായയുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നതായാണ് കണക്കുകൾ നൽകുന്ന സൂചന.
പന്തളം, അടൂർ മേഖലയിലാണ് സമീപകാലത്ത് ഏറ്റവുമധികം ആളുകൾക്ക് കടിയേറ്റത്. അടൂർ ടൗണിൽ നായയെ ഭയന്ന് നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. ജനറൽ ആശുപത്രി, കെ.എസ്.ആർ.ടി.സി പരിസരങ്ങളിൽ നിന്ന് സ്ഥിരമായി ഇവയുടെ കടിയേൽക്കുന്നവരുടെ എണ്ണവും കൂടി.
തെരുവുനായ് ആക്രമണം നേരിടുന്നതിലേക്ക് ഇതിനോടകം തദ്ദേശസ്ഥാപനങ്ങൾ ലക്ഷകണക്കിന് രൂപ ചെലവഴിച്ചിട്ടുണ്ട്. ആക്രമണങ്ങൾ രൂക്ഷമാകുന്ന ഘട്ടത്തിലാണ് പലപ്പോഴും നായെ പ്രതിരോധിക്കാനുള്ള നടപടികളുമായി രംഗത്തിറങ്ങാറുള്ളത്. എ.ബി.സി പദ്ധതിക്കായി ത്രിതല പഞ്ചായത്തുകൾ പദ്ധതി വിഹിതത്തിൽ നല്ലൊരു തുക ചെലവഴിച്ചിട്ടുണ്ട്. ജില്ല പഞ്ചായത്തിന്റെ ചുമതലയിൽ പുളിക്കീഴിൽ കേന്ദ്രം തുറക്കാൻ പദ്ധതിയിട്ടിട്ട് നാളുകളേറെയായി.
അഞ്ചുവർഷം മുമ്പ് താൽക്കാലികാടിസ്ഥാനത്തിൽ ഇതു പ്രവർത്തിച്ചിരുന്നു. നായ് പിടിത്തത്തിൽ പരിശീലനം നേടിയവരെ നിയോഗിച്ച് ഇവയെ പിടികൂടി എ.ബി.സി കേന്ദ്രത്തിൽ എത്തിച്ച് വന്ധ്യംകരിച്ച് വിടുന്ന രീതിയാണുണ്ടായിരുന്നത്. എന്നാൽ, സ്ഥിരമായ ഒരു കേന്ദ്രം ഇതിനായി വേണമെന്ന നിർദേശം മൃഗസംരക്ഷണ വകുപ്പ് മുന്നോട്ടുവച്ചതോടെ പുളിക്കീഴിൽ ജില്ല പഞ്ചായത്ത് തന്നെ പദ്ധതിക്കായി പണം ചെലവഴിക്കാൻ തയാറായി. ഇപ്പോഴും പദ്ധതി തുടങ്ങിയ ഇടത്തു തന്നെ നിൽക്കുകയാണ്. നിലവിലെ ഷെൽട്ടർ ഹോം പൊളിച്ചുനീക്കി പുതിയത് പണിയാനായിരുന്നു തീരുമാനം. സാമ്പത്തിക പ്രതിസന്ധിയാണ് പദ്ധതി തുടങ്ങാൻ വൈകുന്നതെന്ന് പറയുന്നു. ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കാനാകൂവെന്നാണ് ജില്ല പഞ്ചായത്ത് പറയുന്നത്.
നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് സംരക്ഷിക്കണമെന്ന നിർദേശമാണ് തദ്ദേശസ്ഥാപനങ്ങൾക്ക് പുലിവാലായത്. ഇതിനായി പ്രത്യേക കേന്ദ്രം വേണമെന്നായിരുന്നു നിർദേശം. എ.ബി.സി പദ്ധതിക്കായി സ്ഥലം തേടിയവർക്ക് ഇത് കിട്ടാതെയായി. തെരുവുകളിൽ അലയുന്ന നായ്ക്കളെ പിടികൂടി അവയെ വന്ധ്യംകരിക്കുകയും മുറിവ് ഉണങ്ങിയശേഷം പിടികൂടിയ സ്ഥലത്തു കൊണ്ടുപോയി വിടാവൂവെന്നുമാണ് നിർദേശം. കുറഞ്ഞത് അഞ്ചുദിവസത്തെ സംരക്ഷണം നായ്ക്കൾക്കു വേണ്ടിവരും.
ഇതിന് 2000 രൂപ ഒരു നായ്ക്ക് ചെലവിടണം. എ.ബി.സി കേന്ദ്രത്തിൽ ശസ്ത്രക്രിയ വിഭാഗങ്ങളും കിച്ചണും വേണം. ശീതീകരിച്ച വാർഡുകളും നിർബന്ധമാണ്. ഇവയുണ്ടെങ്കിലേ പദ്ധതിക്ക് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് അനുമതി നൽകുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.