ആനിക്കാട് സമഗ്ര കുടിവെള്ള പദ്ധതിയുടെ പൈപ്പിടൽ തുടങ്ങി

മല്ലപ്പള്ളി: ആനിക്കാട്, മല്ലപ്പള്ളി, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ ശുദ്ധജല വിതരണ പദ്ധതിയിലെ ആനിക്കാട് പഞ്ചായത്തിലെ മുറ്റത്തുമാവ്-പുല്ലുകുത്തി-കാവനാൽ കടവ് പൊതുമരാമത്ത് റോഡിൽ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ തുടങ്ങി. മണിമലയാറ്റിലെ കോഴിമണ്ണിൽ കടവിൽനിന്ന്​ പുല്ലുകുത്തി ഓവുമണ്ണിൽപടി വരെ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളാണ് ആരംഭിച്ചത്. പൊതുമരാമത്ത് റോഡുകളിൽ പൈപ്പുകൾ സ്ഥാപിക്കാൻ 76 ലക്ഷം രുപയോളം അടച്ചുകഴിഞ്ഞു. കോഴിമണ്ണിൽകടവ്, പുളിക്കാമല എന്നിവിടങ്ങളിൽ ട്രാൻസ്ഫോർമറുകളും മോട്ടോറുകളും സ്ഥാപിക്കുന്നതിനും നടപടിയായി. മോട്ടോറുകളും ട്രാൻസ്ഫോർമറും സ്ഥാപിക്കുന്ന പണിയും കോഴിമണ്ണിൽകടവിൽനിന്ന് പുളിക്കാമലയിലെ ശുദ്ധീകരണ ശാലയിലേക്ക് പൈപ്പുമിട്ട്​ കഴിഞ്ഞാൽ സമഗ്ര കുടിവെള്ളപദ്ധതി ഭാഗികമായി പ്രവർത്തിപ്പിക്കാൻ കഴിയും. പുളിക്കാമല, കാവുങ്കഴമല, കാട്ടാമല, വായ്പൂര് തൃച്ചേർപ്പുറം, നാരകത്താനി, പൊന്നിരികുംപാറ, പരയ്ക്കത്താനം, കൈപ്പറ്റ, കാരിക്കാമല, ഹനുമാൻകുന്ന് എന്നിവിടങ്ങളിലെ ജലസംഭരണികളിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പുകളും വിതരണ ശൃംഖലക്കുള്ള പൈപ്പുകളും സ്ഥാപിച്ചാലേ പദ്ധതിയുടെ പൂർണ പ്രയോജനം ലഭ്യമാകുകയുള്ളൂ. പദ്ധതി പൂർത്തിയായാൽ മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകൾ പൂർണമായും കോട്ടാങ്ങൽ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, 11, 12, 13 വാർഡുകളിലെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. ആറുവർഷമായി പദ്ധതി പൂർത്തിയാകുന്നതും കാത്തിരിക്കുകയാണ് നാട്ടുകാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.