പത്തനംതിട്ട: ഹൈകോടതി ഉത്തരവിൻെറ പശ്ചാത്തലത്തിലും രണ്ടാംദിവസവും പത്തനംതിട്ടയിൽ ദേശീയ പണിമുടക്ക് പൂർണം. തുറക്കാൻ ശ്രമിച്ച കടകൾ സമരക്കാർ അടപ്പിച്ചു. പത്തനംതിട്ട, പന്തളം, റാന്നി എന്നിവിടങ്ങളിലൊക്കെ രാവിലെ കടകൾ തുറന്നുപ്രവർത്തിച്ചു. എന്നാൽ, സമരക്കാർ എത്തിയതോടെ അടച്ച് വ്യാപാരികൾ സ്ഥലംവിട്ടു. സംരക്ഷണം നൽകാൻ പൊലീസും തയാറായില്ല. അത്യാവശ്യ യാത്രക്കിറങ്ങിയവരെ പോലും വഴിയിൽ തടഞ്ഞ് തിരിച്ചയച്ചു. കല്കടറേറ്റിൽ ആദ്യദിനം ജോലിക്കെത്തിയവർ മാത്രമാണ് ഇന്നലെയും എത്തിയത്. കലക്ടറേറ്റിലെ റവന്യൂ വിഭാഗങ്ങളിൽ ആകെയുള്ള 114 ജീവനക്കാരിൽ ഒമ്പതുപേർ മാത്രമാണ് ഇന്നലെയും ഹാജരായത്. പ്ലാനിങ്, എ.ഡി.സി, ഡി.എം.ഒ, കുടുംബശ്രീ ഓഫിസുകളിൽ അഞ്ചുവീതം ജീവനക്കാർ ജോലിക്കെത്തി. വില്ലേജ് ഓഫിസുകൾ അടക്കം ജില്ലയിലെ മറ്റ് റവന്യൂ ഓഫിസുകളിൽ ആകെ 40 പേരാണ് ജോലിക്കെത്തിയത്. തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ ആറും കുളനട പഞ്ചായത്തിൽ നാലും ജീവനക്കാർ ജോലിക്കെത്തിയെങ്കിലും പണിമുടക്ക് അനുകൂലികൾ തടഞ്ഞ് തിരിച്ചയച്ചു. സ്വകാര്യ സ്ഥാപനങ്ങളിലും ജോലിക്കെത്തിയവരെ തടഞ്ഞു. കോഴഞ്ചേരി തഹസിൽദാർ ഓഫിസിൽ നാമമാത്രമായി ജീവനക്കാർ ജോലിക്കെത്തി. വിവിധ സ്ഥലങ്ങളിൽ രാവിലെ തുറന്ന എസ്.ബി.ഐ ശാഖകളും അടപ്പിച്ചു. കെ.എസ്.ആർ.ടി.സി തിരുവനന്തപുരത്തേക്ക് അടക്കം 16 സർവിസുകൾ നടത്തി. ബസുകൾ സമരക്കാർ വഴിയിൽ തടയുകയും ചെയ്തു. പത്തനംതിട്ട, അടൂർ, തിരുവല്ല, മല്ലള്ളി ഡിപ്പോകളിൽനിന്ന് സർവിസ് ഉണ്ടായി. തിരുവനന്തപുരം സർവിസ് പുനലൂരിൽ സമരക്കാർ തടഞ്ഞു. കൊല്ലം സർവിസ് കൊല്ലത്തെത്തിയെങ്കിലും തിരിച്ച് അനുവദിച്ചില്ല. പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബി.എം.എസ് യൂനിയനിൽപെട്ട 40പേർ ജോലിക്കെത്തി. തൊഴിലാളി സംഘടനകൾ ഇന്നലെയും വിവിധ സ്ഥലങ്ങളിൽ പ്രകടനം നടത്തി. ജോലിക്കെത്താത്ത ജീവനക്കാർക്ക് ഡയസ്നോൺ ബാധകമാക്കിയതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ യൂനിയൻ നേതത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി സമരപ്പന്തലിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പത്തനംതിട്ടയിൽ സംയുക്ത സമരസമിതി നേതൃത്വത്തിൽ നടന്ന യോഗം അടൂർ നഗരസഭ ചെയർമാൻ ഡി. സജി ഉദ്ഘാടനം ചെയ്തു. കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു. പി.കെ. ഗോപി അധ്യക്ഷതവഹിച്ചു. വിവിധ ട്രേഡ് യൂനിയൻ നേതാക്കൾ സംസാരിച്ചു. പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രകടനവും യോഗവും നടന്നു. PTL 13 THAHASILDAR കോഴഞ്ചേരി തഹസിൽദാർ ഓഫിസിൽ ജോലിക്കെത്തിയ ജീവനക്കാർ PTL 12 PRAKADANAM ഡയസ്നോൺ ബാധകമാക്കിയതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ യൂനിയൻ നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.