മലവെള്ളപ്പാച്ചിൽപോലെ ജനം; കോന്നിയിൽ ഗതാഗതം തടസ്സപ്പെട്ടു

കോന്നി: മൂന്നുദിവസത്തെ സ്വകാര്യ ബസ് സമരത്തിനും രണ്ടുദിവസത്തെ ദേശീയ പണിമുടക്കിനുംശേഷം കോന്നിയിൽ അനുഭവപ്പെട്ടത് അഭൂതപൂർവ തിരക്ക്. അഞ്ച് ദിവസത്തോളം പുറത്തിറങ്ങാതെ ഇരുന്ന ജനങ്ങൾ ഒന്നിച്ച് പുറത്തിറങ്ങിയപ്പോൾ കോന്നി നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കോന്നി ചൈനമുക്ക് മുതൽ റിപ്പബ്ലിക്കൻ സ്കൂളിന് സമീപം വരെ വാഹനങ്ങളുടെ നീണ്ട നിര അനുഭവപ്പെട്ടു. സർക്കാർ ഓഫിസുകളിലേക്ക് എത്തിയവരായിരുന്നു അധികവും. കോന്നിയിലെ വ്യാപാര ധനകാര്യ സ്ഥാപനങ്ങളിലും വലിയ തിരക്ക് അനുഭവപ്പെട്ടു. കൂടാതെ പരീക്ഷ ദിവസം ആയിരുന്നതിനാൽ ഒട്ടേറെ വിദ്യാർഥികളും കോന്നി നഗരത്തിൽ എത്തി. തിരക്ക് നിയന്ത്രിക്കാൻ പൊലീസിന്‍റെ സേവനവും കുറവായിരുന്നു. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണം നടക്കുന്നതിനാലും ഗതാഗതതടസ്സം വർധിച്ചു. മരൂർ പാലം ഭാഗത്ത് പാലത്തിന്‍റെ വീതികൂട്ടി നിർമിക്കുന്നതിനാൽ എലിയറക്കൽ മുതൽ വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ അമർന്നു. സംസ്ഥാന പാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാഹനങ്ങൾ വഴിതിരിച്ചുവിട്ട് ഗതാഗതം പുനഃക്രമീകരിക്കണമെന്ന് പലതവണ അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. സംസ്ഥാനപാത ഗതാഗതക്കുരുക്കിൽ അമർന്നപ്പോൾ താലൂക്ക്​ ആശുപത്രിയുടെ അടുത്തുകൂടിയുള്ള പോക്കറ്റ് റോഡ് വഴി പൂങ്കാവ് റോഡിലേക്ക് വാഹനങ്ങൾ കയറിപ്പോവുകയായിരുന്നു. ഇവിടെയും ഗതാഗതം നിയന്ത്രിക്കാൻ അധികൃതർ ഇല്ലായിരുന്നു. കോന്നി തലൂക്ക് ആശുപത്രിയിലേക്ക് എത്തിയ രോഗികളും നഗരത്തിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽ വലഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.