ആർദ്രകേരളം പുരസ്ക്കാര നിറവിൽ പഞ്ചായത്തുകൾ

2020-21 വർഷത്തിൽ ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ ആര്‍ദ്രകേരളം പുരസ്‌കാരത്തിന് ജില്ലയിൽ ആനിക്കാട്​, ഏഴംകുളം, കൊടുമൺ എന്നീ ഗ്രാമപഞ്ചായത്തുകളാണ്​ യഥാക്രമം ഒന്ന്​, രണ്ട്​, മൂന്ന്​ സ്ഥാനങ്ങൾക്ക്​ അർഹമായത്​. നവകേരള കര്‍മപദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്‍റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമായി ആര്‍ദ്രകേരളം പുരസ്‌കാരം നല്‍കുന്നത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍റെ സഹായത്തോടുകൂടിയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്ഥാപനങ്ങളുടെ മുന്‍ഗണന പട്ടിക തയാറാക്കിയത്. തദ്ദേശ സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ, മറ്റ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച് മുന്‍ഗണന പട്ടിക തയാറാക്കിയാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. ഇതുകൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡ്​തല പ്രവര്‍ത്തനങ്ങള്‍ മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പിലാക്കിയ നൂതനമായ ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യനിര്‍മാര്‍ജനം തുടങ്ങിയവയും വിലയിരുത്തിയാണ്​ പുരസ്‌കാരത്തിന് അർഹരായവരെ തെരഞ്ഞെടുത്തത്​. ജില്ലയിൽ നേട്ടം കൈവരിച്ചവർ അവർ നടത്തിയ പ്രവർത്തനത്തെക്കുറിച്ച്​ പറയുന്നു. ആനിക്കാടിന്​ ലഭിച്ചത്​ മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗികാരം മല്ലപ്പള്ളി: ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള സർക്കാറിന്‍റെ ആർദ്രം കേരളം പുരസ്കാരത്തിൽ ജില്ലയിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്​ ആനിക്കാട് പഞ്ചായത്താണ്​. ​ ആരോഗ്യവകുപ്പും പഞ്ചായത്തും ഒത്തൊരുമയോടുകൂടി പ്രവർത്തിച്ചതാണ് ഈ നേട്ടത്തിന് അർഹമാക്കിയതെന്ന്​ പ്രസിഡന്‍റ്​ പ്രമീള വസന്ത് മാത്യു പറഞ്ഞു. ​കുടുംബാരോഗ്യ കേന്ദ്രം, ഹോമിയോ, ആയുർവേദ ഡിസ്​പെൻസറികളുടെയും പ്രവർത്തനം മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾ എന്നിവ മികച്ച രീതിയിൽ നടപ്പിലാക്കി. കുടുംബാരോഗ്യ കേന്ദ്രത്തിനും ഹോമിയോ ആശുപത്രിക്കുമായി ജില്ലയിലെ ഏറ്റവും മികച്ച അടിസ്ഥാന സൗകര്യം ഏർപ്പെടുത്തി. രണ്ടുകോടിയാണ് കുടുംബാരോഗ്യ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി പഞ്ചായത്ത് ചെലവഴിച്ചത്. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി ഹോമിയോ, ആയുർവേദ വകുപ്പുകൾ മുന്നിട്ടിറങ്ങി. സാന്ത്വന പരിചരണ പരിപാടികൾ നടപ്പിലാക്കുന്നതിനും പഞ്ചായത്ത് പ്രത്യേകം പ്രാധാന്യം നൽകിയെന്നും പ്രമീള വസന്ത് മാത്യു പറഞ്ഞു. ഫോട്ടോ: ആനിക്കാട് പഞ്ചായത്ത് പ്രസിഡന്‍റ്​ പ്രമീള വസന്ത് മാത്യൂ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.