മുരുകൻകുന്നിലെ ക്രഷർ യൂനിറ്റിനെതിരെ പ്രതിഷേധം

പത്തനംതിട്ട: നാട്ടുകാർക്ക്​ ദുരിതമായി ഏനാദിമംഗലം ​ മുരുകൻകുന്നിലെ അനധികൃത ക്രഷർ യൂനിറ്റ്​. പട്ടികജാതി ജനവാസ കേന്ദ്രത്തിലാണ് ക്രഷർ യൂനിറ്റ്​ പ്രവർത്തിക്കുന്നതെന്നും പൊടിശല്യവും ജലമലിനീകരണവും മൂലം ജനം ദുരിതമനുഭവിക്കയാണെന്നും ഭീം ആർമി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ക്രഷർ യൂനിറ്റിന്​ സമീപത്ത്​ രണ്ട്​ പട്ടികജാതി കോളനിയിലായി അഞ്ഞൂറോളം കുടുംബങ്ങളാണ്​ താമസിക്കുന്നത്​​. നാട്ടുകാരുടെ പരാതിയെത്തുടർന്ന്​ ഏഴ്​ വർഷമായി പ്രവർത്തനം ഇല്ലായിരുന്നു. പിന്നീട്​ പേര്​ മാറ്റി വീണ്ടും പ്രവർത്തനം തുടങ്ങി. ഹൈകോടതിയുടെ സ്​റ്റേ ഓർഡർ ഉണ്ടായിട്ടും പ്രവർത്തിക്കുകയാണ്.​ റവന്യൂ അധികാരികളും കൂട്ടുനിൽക്കുകയാണ്​. മൂന്നുമീറ്റർ വീതി മാത്രമുള്ള പാറയ്ക്കൽ-മുരുകൻകുന്ന്​ റോഡിലൂടെയാണ്​ ക്രഷർ യൂനിറ്റിൽനിന്നുള്ള ടോറസ്​ വാഹനങ്ങൾ സദാസമയവും ചീറിപ്പായുന്നത്. ഇതു​മൂലം കുട്ടികൾക്കും നാട്ടുകാർക്കും​ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയുമാണ്. ​പ്രവർത്തനം നിർത്തിവെപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ മുഖ്യമന്ത്രി, കലക്ടർ, മനുഷ്യാവകാശ കമീഷൻ തുടങ്ങി നിരവധി പേർക്ക്​ പരാതികൾ നൽകിയിട്ടും നടപടിയുണ്ടായില്ല. ക്രഷർ യൂനിറ്റ്​ അടച്ചുപൂട്ടണമെന്ന്​​ ആവശ്യപ്പെട്ട്​ കോളനിവാസികളുടെ നേതൃത്വത്തിൽ സമര പരിപാടികൾ ആരംഭിക്കുമെന്ന്​ ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ്​ രതീഷ്​ എം. ചന്ദ്രൻ, യൂനിറ്റ്​ ​പ്രസിഡന്‍റ്​​​ സുജൻ, ഷിജു എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.