തിരുവല്ലയിൽ ഷീ ലോഡ്ജ് തുറന്നു

തിരുവല്ല: നഗരസഭ കുടുംബശ്രീയുടെ സഹകരണത്തോടെ വനിതകൾക്ക് സുരക്ഷിതമായി താമസിക്കാനായി വൈ.എം.സി.എ കവലയിലെ മുനിസിപ്പൽ മൈതാനത്ത്​ പണിത ഷീ ലോഡ്ജ് തുറന്നു. രണ്ട് ഘട്ടങ്ങളിലായി രണ്ടുനിലകളിൽ പണിയുന്ന ലോഡ്ജിന്‍റെ ആദ്യനിലയാണ് പൂർത്തീകരിച്ചത്. 40 ലക്ഷം രൂപ ചെലവഴിച്ച് 202 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള കെട്ടിടമാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയാക്കിയത്. ഒരുമുറി, നാലുപേർക്കുവീതം ഉപയോഗിക്കാവുന്ന രണ്ട് ഡോർമിറ്ററികൾ, അടുക്കള, ഡൈനിങ് ഹാൾ, പൊതുശൗചാലയം, ഓഫിസ്​ മുറി എന്നിവയാണ് തുറന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. മാത്യു ടി. തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ചെയർപേഴ്‌സൻ ബിന്ദു ജയകുമാർ, വൈസ് ചെയർമാൻ ഫിലിപ് ജോർജ്, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, അസിസ്റ്റന്‍റ്​ എൻജിനീയർ ബിന്ദു വേലായുധൻ, സെക്രട്ടറി നാരായണൻ സ്റ്റാലിൻ, ഷീല വർഗീസ്, ജിജി വട്ടശ്ശേരിൽ, അനു ജോർജ്, ജേക്കബ് ജോർജ്, ഷീജ കരിമ്പിൻകാല തുടങ്ങിയവർ സംസാരിച്ചു. ----------- ഗോവിന്ദൻകുളങ്ങര ക്ഷേത്രത്തിൽ പടയണി ഇന്ന്​ സമാപിക്കും തിരുവല്ല: മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീ ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പടയണി മംഗളഭൈരവി കോലം തുള്ളി ഞായറാഴ്ച സമാപിക്കും. ഞായറാഴ്ച രാവിലെ ഒമ്പതിന് പൂപ്പടക്കുശേഷം മംഗള ഭൈരവി കോലം കളത്തിലെത്തും. അഞ്ചുദിവസം നീണ്ടുനിന്ന പടയണി ചടങ്ങുകളായ ചൂട്ടുവയ്പ്​, തപ്പുമേളം, കോലംതുള്ളലുകൾ, പാട്ട്, മേളം ഇവയിലുണ്ടായ പിഴകളെല്ലാം പൊറുക്കാൻ ഏറ്റുപറഞ്ഞ് സമർപ്പിക്കുന്ന കോലമാണ് മംഗളഭൈരവി. പടയണി ചടങ്ങുകൾക്ക് പ്രസന്നകുമാർ തത്ത്വമസി, ഉണ്ണികൃഷ്ണൻ വാണല്ലൂർ, സുരേഷ് കുമാർ ഗീതാഞ്ജലി, കോലം എഴുത്ത് കലാകാരന്മാരായ രൂപേഷ് കുമാർ, ബിനീഷ് കുമാർ മതിൽഭാഗം എൻ.എസ്.എസ് കരയോഗം പ്രസിഡന്‍റ്​ ശ്രീകുമാർ കൊങ്ങരേട്ട്, വൈസ് പ്രസിഡന്‍റ്​ ആർ.പി. ശ്രീകുമാർ, ട്രഷറാർ ജിതീഷ് സൗപർണിക എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.