നഗരം ആവേശക്കടലായി; ആയിരങ്ങൾ അണിനിരന്ന്​ ഡി.വൈ.എഫ്​.ഐ റാലി

സംഘാടകരുടെ കണക്ക്​ തെറ്റിച്ച്​ യുവജനങ്ങളുടെ വലിയ പങ്കാളിത്തം പത്തനംതിട്ട: സംഘടനയുടെ കരുത്തറിയിച്ച്​ ഡി.വൈ.എഫ്​.ഐ റാലിയും പൊതുസമ്മേളനവും. സംസ്ഥാന സമ്മേളനത്തിന്​ സമാപനംകുറിച്ച്​ ശനിയാഴ്ച പത്തനംതിട്ട നഗരത്തിൽ നടന്ന പ്രകടനത്തിൽ നക്ഷത്രാങ്കിത ശുഭ്രപതായേന്തി ആവേശകരമായ മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിന്​ യുവാക്കളാണ്​ അണിനിരന്നത്​. ജില്ല സ്​റ്റേഡിയത്തിൽ നടന്ന പൊതുസമ്മേളനത്തിലും നേതാക്കളുടെ വാക്കുകൾ കേൾക്കാൻ പ്രായഭേദമെന്യേ പതിനായിരങ്ങൾ തടിച്ചുകൂടി. റാലി ജില്ല കേ​ന്ദ്രീകരിച്ച്​ മാത്രമായിരുന്നെങ്കിലും സംഘാടകരുടെ കണക്കുകൂട്ടലുകൾക്കും അപ്പുറം യുവജനങ്ങളുടെ വലിയ പങ്കാളിത്തമാണ്​ ഉണ്ടായത്​. ഫലത്തിൽ ആദ്യമായി ജില്ലയിൽ നടന്ന ഡി.വൈ.എഫ്​.ഐയുടെ സംസ്ഥാന സമ്മേളനം പുതിയ ചരിത്രമായി ജില്ലക്ക്​ തന്നെ പുതിയ അനുഭവമായി മാറി. ​ഗതാഗത സ്തംഭത്തിനുള്ള സാധ്യത ഒഴിവാക്കാൻ കേന്ദ്രീകരിച്ച്​ പ്രകടനമുണ്ടായില്ല. പകരം പ്രതിനിധി സ​മ്മേളനം നടന്ന ശബരിമല ഇടത്താവളത്തിൽനിന്നടക്കം നാലു കേന്ദ്രങ്ങളിൽനിന്നാണ്​ റാലി ജില്ല സ്​റ്റേഡിയത്തിലേക്ക്​ നീങ്ങിയത്​. ഇടമുറിയാതെ യുവാക്കൾ ഒഴുകിയെത്തിയ​തോടെ നഗരം ഫലത്തിൽ പാൽക്കടലായി മാറി. ശബരിമല ഇടത്താവളത്തിൽനിന്ന്​ ആരംഭിച്ച റാലിയുടെ മുൻനിരയിൽ ​പുതിയ ഭാരവാഹികൾ സംഘടനയുടെ കേ​ന്ദ്ര, സംസ്ഥാന നേതാക്കൾ അണിനിരന്നു. സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, സെക്രട്ടറി വി. കെ. സനോജ്, ട്രഷറർ അരുൺ ബാബു, എസ്. സതീഷ്, പ്രീതി ശേഖർ എസ്​.കെ. സതീഷ്, ജെയ്ക് സി.തോമസ്, ചിന്ത ജെറോം, ഗ്രീഷ്​മ അജയഘോഷ്, കെ.യു. ജനീഷ്കുമാർ എം.എൽ.എ, എം. ബിജിൻ തുടങ്ങിയവർ റാലിക്ക്​ നേതൃത്വം നൽകി. പിന്നാലെ സെന്റ് പീറ്റേഴ്സ് ജങ്​ഷൻ, കോളജ് ജങ്​ഷൻ, അഴൂർ പെട്രോൾ പമ്പ് എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച റാലികളും ജില്ല സ്റ്റേഡിയത്തിലേക്ക് നീങ്ങി. ഓരോ ഏരിയ കമ്മിറ്റി അടിസ്ഥാനത്തിലാണ്​ യുവജനങ്ങൾ റാലിയിൽ പങ്കെടുത്തത്​. ഉച്ച മുതലെ തന്നെ നഗരം പ്രവർത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. പൊതുസമ്മേളനം ആരംഭിക്കുമ്പോൾ ജില്ല സ്റ്റേഡിയം പ്രവർത്തകരാൽ നിറഞ്ഞിരുന്നു. സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം വൃന്ദ കാരാട്ട്​ ഉദ്​ഘാടനം ചെയ്ത യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് അധ്യക്ഷതവഹിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, അഖിലേന്ത്യ പ്രസിഡന്‍റ്​ എ.എ. റഹീം, സെക്രട്ടറി വി.കെ. സനോജ്, പ്രീതി ശേഖർ, മുൻ എം.എൽ.എ രാജു എബ്രഹാം, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു എന്നിവർ സംസാരിച്ചു. ----- ചിത്രം PTL 15 DYFI RALLY ഡി.വൈ.എഫ്​.ഐ സംസ്ഥാന സമ്മേളനത്തിന്​ സമാപനംകുറിച്ച്​ പത്തനംതിട്ട നഗരത്തിൽ ശനിയാഴ്ച നടന്ന പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.