സഹകരണ ബാങ്ക്​ തട്ടിപ്പ്​: മൈലപ്രയിൽ 27ന് ഹ​ർത്താൽ

രാവിലെ ആറ്​ മുതൽ വൈകീട്ട് ആറ്​ വരെ മൈലപ്ര പഞ്ചായത്ത് പരിധിയിലാണ്​ ഹർത്താലെന്ന്​ ബി.ജെ.പി പത്തനംതിട്ട: മൈലപ്ര സർവിസ് സഹകരണ ബാങ്കിൽ ക്രമക്കേട് നടത്തിയവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് 27ന് പഞ്ചായത്തിൽ ഹർത്താൽ നടത്തുമെന്ന് ബി.ജെ.പി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ആറ്​ മുതൽ വൈകീട്ട് ആറ്​ വരെ മൈലപ്ര പഞ്ചായത്ത് പരിധിയിലാണ്​ ഹർത്താൽ. യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും സഹായത്തോടെ പ്രസിഡന്റും ഭരണസമിതി അംഗങ്ങളും ബാങ്ക് സെക്രട്ടറിയും മറ്റ് ചില ജീവനക്കാരും ചേർന്ന് 100 കോടിയിലധികം തുകയുടെ അഴിമതിയാണ് നടത്തിയത്. ഒരു നടപടിയും സർക്കാർ എടുക്കാത്തതിനെ തുടർന്നാണ് ഹർത്താൽ നടത്താൻ തീരുമാനിച്ചത്. പാലാ മീനച്ചിൽ സഹകരണ ബാങ്കി​ലേക്ക്​ നാല്​ കോടിയോളം രൂപ വായ്പ കൊടുത്തതിൽ ചില കോൺഗ്രസ് നേതാക്കളുടെ പങ്ക്​ അന്വേഷിക്കണം. അമൃത ഗോതമ്പ് ഫാക്ടറി നിൽക്കുന്ന സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട്​ വലിയ അഴിമതി നടന്നിട്ടുണ്ട്. ഫാക്ടറിയുടെ പണം ഉപയോഗിച്ച് വാഹനങ്ങൾ വാങ്ങിയതിലും മെഷീനറികൾ വാങ്ങിയ ഇനത്തിലും ഗോതമ്പ് ചാക്ക് വിറ്റതിലും നടന്ന ക്രമക്കേട് അന്വേഷിക്കണം. ഫാക്ടറിയിലെ വിവിധ ഉൽപന്നങ്ങൾ വിറ്റഴിച്ചതിലും ക്രമക്കേട് നടന്നു. സെക്രട്ടറിയുടെ സ്വത്തുസംബന്ധിച്ചും ബാങ്ക്​ വായ്പയെക്കുറിച്ചും അന്വേഷിക്കണം. സത്യം പറഞ്ഞതിന്‍റെ പേരിൽ പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കണം. നേരത്തേ അമൃത സൂപ്പർ മാർക്കറ്റിൽ 17 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതിനെ തുടർന്ന് ഒരു ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവവും അന്വേഷിക്കണം. ആധാരവും മറ്റുരേഖകളും വാങ്ങിയശേഷം വായ്പ നൽകാറില്ല. പിന്നീട് ഇവർ ബാധ്യത സർട്ടിഫിക്കറ്റ് എടുക്കുമ്പോൾ വസ്തുവിന് ബാധ്യതയുള്ളതായി കാണിക്കുന്നു. വാർത്തസമ്മേളനത്തിൽ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് സദാനന്ദൻ നായർ, സമരസമിതി ജോയന്‍റ് കൺവീനർ ജയകൃഷ്ണൻ മൈലപ്ര, മണ്ഡലം ജനറൽ സെക്രട്ടറി ബി. അഭിലാഷ്, പഞ്ചായത്ത് കമ്മിറ്റി ജനറൽ ​സെക്രട്ടറി അഖിൽ എസ്. പണിക്കർ, കർഷക മോർച്ച ജില്ല ട്രഷറർ എം.എസ്. വിജയകുമാർ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.