പത്തനംതിട്ട: മൂന്നാം ക്ലാസ് വിദ്യാർഥിനിയായ എട്ടുവയസുകാരി ഗൗരവതര ലൈംഗികാതിക്രമത്തിന് ഇരയായ കേസിൽ കെട്ടിട നിർമ്മാണ തൊഴിലാളിയായ വള്ളിക്കോട് മമ്മൂട് കുടമുക്ക് തുണ്ടിൽ വടക്കേതിൽ ശശികുമാറിനെ (58) ജീവപര്യന്തം കഠിന തടവിനും 2.20 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. പ്രതി ശിഷ്ടകാലം മുഴുവൻ തടവുശിക്ഷ അനുഭവിക്കണം എന്ന് പ്രത്യേകം വിധിയിൽ വ്യക്തമാക്കി. പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസാണ് വിധി പുറപ്പെടുവിച്ചത്.
2023 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാൾ മുമ്പ് ജോലി ചെയ്തിരുന്ന വീടിനു മുമ്പിലൂടെ നടന്നു പോയപ്പോൾ കുട്ടി മുറ്റത്ത് നിന്നു കളിക്കുന്നത് കണ്ടു. വീടിനെപ്പറ്റി നന്നായി അറിയാവുന്ന പ്രതി അവിടെ പെൺകുട്ടിയുടെ അമ്മൂമ്മ മാത്രമേയുള്ളൂ എന്നു മനസ്സിലാക്കി പരിസരത്ത് മറഞ്ഞ് നിന്നു. പെൺകുട്ടി വീട്ടിലേക്ക് കയറിയപ്പോൾ അടുക്കളവശത്തുകൂടി പിന്നാലെ മുറിയിലെത്തിയ പ്രതി, കുട്ടിയെ ക്രൂരമായ ലൈംഗികാതിക്രമത്തിനു വിധേയമാക്കി. തുടർന്ന് യാതൊരു ഭാവഭേദവും കൂടാതെ വീടിന് പുറത്തിറങ്ങി നിന്നു. പുറത്ത് പോയ മാതാവ് തിരികെ വന്നപ്പോൾ സംസാരിക്കുകയും ചെയ്തു. എന്നാൽ പെൺകുട്ടി മാതാവിനോട് വിവരം പറഞ്ഞതായി മനസ്സിലാക്കിയ ശശികുമാർ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. മാതാവ് പത്തനംതിട്ട വനിതാ പോലീസിൽ വിവരമറിച്ചതോടെ കേസെടുത്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൻ്റെ അന്വേഷണം പത്തനംതിട്ട വനിതാ പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ഷൈല നടത്തുകയും പ്രോ സിക്യൂഷൻ നടപടികൾ എസ് .സി.പി.ഒ ഹസീന ഏകോപിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.