പത്തനംതിട്ട: പത്തനംതിട്ട 86ാം നമ്പർ എസ്.എൻ.ഡി.പി ശാഖ യോഗം പോഷകസംഘടനയായ അഴൂർ- കൊടുന്തറ പ്രാദേശിക സമിതിയിൽ നടന്ന 44 ലക്ഷത്തിന്റെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കണമെന്ന് സമിതി ഭാരവഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ- ആശുപത്രി -സ്വയംതൊഴിൽ ആവശ്യങ്ങൾക്കായി അംഗങ്ങളിൽനിന്ന് ഓഹരി വാങ്ങി സമിതി ഫണ്ട് സ്വരൂപിച്ചിരുന്നു. 2020-21ലെ ഭരണസമിതി കാലാവധി കഴിഞ്ഞ് പുതിയ ഭരണസമിതി ചുമതല ഏൽക്കുമ്പോഴാണ് അഴിമതി കണ്ടെത്തുന്നത്.
2018 മുതൽ 2021 വർഷങ്ങളിലെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ചപ്പോൾ പഴയ സെക്രട്ടറിയായ രാജാഭാസ് സമിതിയെ കബളിപ്പിച്ചതായി കണ്ടെത്തി. കൃത്രിമ കണക്കുകൾ കാണിച്ച് മൊത്തം 44,52,844 രൂപ കബളിപ്പിച്ചു. മരിച്ച ഒരംഗത്തിന്റെ ഓഹരിയായ 4,97,097 രൂപയും പലിശയും ചേർത്ത് 5,50,000 രൂപയും ഇതിൽപെടും. തുക പലിശ സഹിതം ഇയാളിൽനിന്ന് ഈടാക്കാൻ 2022 ജനുവരിയിൽ ചേർന്ന പൊതുയോഗത്തിൽ തീരുമാനിച്ചതാണ്.
ഇതുസംബന്ധിച്ച് ജില്ല പൊലീസ് മേധാവിക്കും പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. രാജാഭാസിന്റെ രാഷ്ട്രീയ സ്വാധീനം കാരണം അന്വേഷണം നടക്കുന്നില്ല. ഇയാൾ കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്. ബന്ധപ്പെട്ട രേഖകൾ കാണിച്ചിട്ടും പൊലീസ് തെളിവില്ലെന്നാണ് പറയുന്നത്.
കേസ് അന്വേഷിക്കേണ്ടതിന് പകരം കേസിലെ സാക്ഷികളെ പ്രതിയാക്കുമെന്ന ഭീഷണിയാണ് പൊലീസ് മുഴക്കുന്നത്. പത്തനംതിട്ട പൊലീസ് ഇൻസ്പെക്ടർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. പത്തനംതിട്ട ടൗണിൽ സ്വകാര്യ മാർക്കറ്റ് നടത്തിവരുന്നതിന് തെളിവുകൾ സഹിതം കെ.എസ്.ആർ.ടി.സി എം.ഡിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.പൊലീസിന്റെ നിലപാടുകൾക്കെതിരെയും മുൻ സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് എസ്.എൻ.ഡി.പി അഴൂർ- കൊടുന്തറ പ്രാദേശിക സമിതി നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്ന് ഭാവാഹികൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ സമിതി പ്രസിഡന്റ് കെ.ആർ. അജിത്കുമാർ, സെക്രട്ടറി രാജപ്പൻ വൈദ്യൻ, അഡ്വ. വി.ആർ. ഹരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.