പത്തനംതിട്ട: പെൺമക്കളെ പീഡിപ്പിച്ചെന്ന് മാതാവ് നൽകിയ കേസിൽ പിതാവിനെ കോടതി വെറുതെവിട്ടു. പത്തനംതിട്ട പോക്സോ സ്പെഷൽ കോടതിയുടേതാണ് വിധി. പെൺകുട്ടികളുടെ വൈദ്യപരിശോധന ഫലങ്ങൾ അടക്കം കേസിൽ പ്രതിക്ക് അനുകൂല ഘടകങ്ങളായി. പത്തും ഏഴും വീതം പ്രായമുള്ള പെൺകുട്ടികളെ പിതാവ് തുടർച്ചയായി ലൈംഗികമായി ഉപയോഗിച്ചെന്ന ആരോപണങ്ങളും ശാസ്ത്രീയ തെളിവും യോജിക്കാത്ത സാഹചര്യമാണ് പ്രതിക്ക് അനുകൂലമായത്.
കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യ നൽകിയ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മാത്രമായിരുന്നെന്ന് പ്രതിഭാഗം സ്ഥാപിച്ചെടുത്തു. 2017ൽ പീഡനം ഉണ്ടായെന്നാണ് കേസിൽ ആരോപിക്കപ്പെട്ടത്. ഈ സമയം, കുട്ടികളുടെ അച്ഛൻ പത്തനാപുരത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.
ഒന്നിച്ച് താമസിക്കവേയാണ് സംഭവങ്ങളെന്നും ഇതേതുടർന്ന് ഇരുവരും അകന്നുവെന്നുമാണ് മലപ്പുറം സ്വദേശിനിയായ ഭാര്യ പരാതിയിൽ ആരോപിച്ചിരുന്നത്. എന്നാൽ, ഒന്നിച്ച് കഴിയവേ അരുതാത്തത് സംഭവിച്ചെന്ന് ഭാര്യ മൊഴി നൽകിയെങ്കിലും ഈ സമയം ബിജു ജോലിചെയ്തിരുന്ന സ്ഥലം മറ്റൊന്നാണെന്നാണ് ഇവർ പറഞ്ഞത്. ഒപ്പം 2017 ആഗസ്റ്റ് മുതൽ ദമ്പതികൾ അകന്നുകഴിയുകയായിരുന്നുവെന്നും അതിനുശേഷമാണ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതെന്നും പ്രതിഭാഗം രേഖകൾ നിരത്തി. പെൺകുട്ടികളിൽ ഒരാൾ അച്ഛനെതിരെ മൊഴി നൽകിയെങ്കിലും മറ്റൊരാൾ പഴയ മൊഴിയിൽ ഉറച്ചുനിന്നില്ല. ലൈംഗികപീഡനം എന്ന പ്രധാന ആരോപണം തള്ളുന്ന വൈദ്യപരിശോധന റിപ്പോർട്ട് വിശകലനം ചെയ്ത കോടതി, പ്രതിക്കെതിരെ കുട്ടികളുടെ അമ്മ ഉയർത്തിയ മറ്റാരോപണങ്ങളും മുഖവിലക്കെടുത്തില്ല. ഇതാണ് പ്രതി കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനം. ജഡ്ജി വി. ഹരികുമാറിന്‍റേതാണ് വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.