‘സ്നേഹിത’ക്ക്​ എട്ടാം പിറന്നാൾ; പത്തനംതിട്ടയിൽ രജിസ്റ്റർ ചെയ്തത് 3310 കേസ്

പത്തനംതിട്ട: അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും തണലും കരുതലുമേകുന്ന കുടുംബശ്രീയുടെ ജെൻഡർ ഹെൽപ് ഡെസ്ക് ‘സ്നേഹിത’ എട്ടാം വർഷത്തിലേക്ക്. 2017 ഡിസംബർ 19ന് പ്രവർത്തനമാരംഭിച്ച ഹെൽപ് ഡെസ്ക് നിരവധി പേർക്കാണ് അഭയമൊരുക്കിയത്. ദാമ്പത്യ പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ, ഗാർഹിക പീഡനം, സ്ത്രീധന പ്രശ്നങ്ങൾ, കുട്ടികളുടെയും കൗമാരക്കാരുടെയും മുതിർന്നവരുടെയും പ്രശ്നങ്ങൾ തുടങ്ങി നിരവധി കേസുകളാണ് സ്നേഹിതയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിക്രമത്തിനിരയായ സ്ത്രീകൾക്കും കുട്ടികൾക്കും സംരക്ഷണവും കൗൺസലിങ്ങും നിയമസഹായവും നൽകുന്നതിനാണ് സ്നേഹിത പ്രവർത്തിക്കുന്നത്.

3310 കേസുകൾ

ജില്ലയിൽ ഇതുവരെ 3310 കേസുകൾ രജിസ്റ്റർ ചെയ്തു. ഹെൽപ്പ് ഡെസ്റ്റിൽ നേരിട്ട് എത്തിയത് 1423 പേരും ടോൾ ഫ്രീ നമ്പറിൽ 1888 പേരും പരാതികൾ നൽകി. ആകെ 320 ഗാർഹിക പീഡനക്കേസുകളും 1513 കൗൺസലിങ് കേസുകളും രജിസ്റ്റർ ചെയ്തു. 2022-23ൽ ആണ് ഏറ്റവും കൂടുതൽ ഗാർഹിക പീഡനക്കേസുകൾ റിപ്പോർട്ട് ചെയ്തത്. 62 കേസുകൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇതുവരെ 423 കുട്ടികളുടെ പ്രശ്നങ്ങളും 184 വയോജന പ്രശ്നങ്ങളും 36 ലൈംഗിക അതിക്രമങ്ങളും 460 മുതിർന്നവരുടെ പ്രശ്നങ്ങളും ഉൾപ്പെടെ സൈബർ ശല്യങ്ങളിൽ വരെ ആളുകൾ സ്നേഹിതയെ സമീപിക്കുന്നുണ്ട്. ഈ വർഷം നവംബർ വരെ ആകെ 241 കേസുകളും റിപ്പോർട്ട് ചെയ്തു

സ്നേഹിത @സ്കൂൾ ആൻഡ് കോളേജ്
ജെൻഡർ ക്ലബ്‌

ജില്ലയിലെ കൗമാരപ്രായക്കാരായ വിദ്യാർഥികൾക്ക് അവരുടെ വ്യക്തിപരവും പെരുമാറ്റപരവും കുടുംബപരവും പഠനപരവുമായ പ്രശ്‌നങ്ങൾ പരിഹാരമൊരുക്കാൻ സഹായിക്കാൻ ‘സ്‌നേഹിത’യുടെ സേവനം വ്യാപിപ്പിക്കാനാണ് സ്നേഹിത @സ്കൂൾ ആരംഭിച്ചത്. സ്‌നേഹിത സെൻന്‍ററുകളിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ നിന്ന് കുട്ടികൾക്കെതിരായ അതിക്രമങ്ങളും അവരുടെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടണമെന്ന് മനസ്സിലാക്കിയതോടെയാണ് സ്നേഹിതയുടെ പ്രവർത്തനം സ്കൂളുകളിലേക്ക് വ്യാപിപ്പിച്ചത്. ജില്ലയിൽ ആകെ 11 സ്കൂളുകളിൽ സ്നേഹിത സെന്ററുകൾ പ്രവർത്തിക്കുന്നു.

സ്നേഹിത @പൊലീസ് സ്റ്റേഷൻ

പൊലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കുടുംബ പ്രശ്നങ്ങളിൽ കാൺസലിങ്, മാനസികപിന്തുണ എന്നിവ നൽകി കുടുംബബന്ധങ്ങളെ ദൃഢമുള്ളതാക്കാനും കുട്ടികളുടെയും യുവാക്കളുടെയും ഇതര പ്രശ്നങ്ങളിൽ ആവശ്യമായ പിന്തുണ നൽകാനും പോലീസ് സ്റ്റേഷൻ കൗൺസലിങ് സെന്‍ററുകളിലൂടെ സാധ്യമാകുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ പ്രധാനമായും പെരുമാറ്റ പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ, കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്. ജില്ലയിൽ ആകെ അഞ്ച് പോലീസ് സ്റ്റേഷനുകളിൽ സ്നേഹിത എക്സ്റ്റൻഷൻ സെന്ററുകൾ പ്രവർത്തിക്കുന്നു. പോലീസ് സ്റ്റേഷൻ കൗൺസലിങ് സെന്ററുകൾ വഴി ഇതുവരെ 794 കേസുകൾ ലഭിച്ചിട്ടുണ്ട്.

സ്നേഹിത
കോളിങ് ബെൽ

ഒറ്റക്കോ ഒറ്റപ്പെട്ട സ്ഥലത്തോ താമസിക്കുന്ന വ്യക്തികളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടിയാണ് സ്നേഹിത കോളിങ് ബെൽ. ഒറ്റക്ക് താമസിക്കുന്നവർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ചില മേഖലകളിൽ വർധിച്ചതോടെ മുതിർന്ന പൗരന്മാരെ കേന്ദ്രീകരിച്ചാണ് പരിപാടി തുടങ്ങിയത്. സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ ആവശ്യമായ സാമൂഹികവും മാനസികവുമായ പിന്തുണ ലഭ്യമാക്കുകയാണ് ‘സ്‌നേഹിത കോളിങ് ബെൽ’ എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സേവനങ്ങൾ

ഹെൽപ്ഡെസ്ക്, ടെലി കൗൺസലിങ്, താൽക്കാലിക അഭയം, നിയമസഹായം, വൈദ്യസഹായം, നിയമ സഹായം (ജില്ല ലീഗൽ സർവിസസ് അതോറിറ്റി).വനിതാ ശിശുക്ഷേമം, പൊലീസ്, തദ്ദേശ വകുപ്പുകളുമായി സംയോജിച്ചാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം. അഞ്ച് സേവനദാതാക്കൾ,രണ്ട് കൗൺസിലർമാർ, രണ്ട് സെക്യൂരിറ്റി ഓഫിസർമാർ, കെയർ ടേക്കർ, ഓഫിസ് അസിസ്റ്റന്‍റ് എന്നിങ്ങനെ 11 ജീവനക്കാരാണ് ജില്ലയിൽ സ്നേഹിതയെ നയിക്കുന്നത്. വിളിക്കാം സ്നേഹിതയെ: 1800 425 1244, 04734 250244, 8547549665 സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്ക് എൻ.എസ്.എസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ജങ്ഷൻ.

Tags:    
News Summary - Snehitha project in pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.