പാഷന്‍ ഫ്രൂട്ട് വിളവെടുക്കുന്ന ബിജിന്‍ ബിജു

കൃഷിയെ സ്‌നേഹിക്കുന്ന ബാല്യം: ലോക്ഡൗണില്‍ തുനിഞ്ഞിറങ്ങിയപ്പോൾ ഓണത്തിനുകിട്ടി നൂറുമേനി വിളവ്

അടൂർ: ലോക്ഡൗണില്‍ വീട്ടിലിരുന്നു മുരടിക്കാന്‍ തുടങ്ങിയപ്പോള്‍ ആ 12കാരന്‍ ഒരുവഴി കണ്ടുപിടിച്ചു. കൃഷി ചെയ്യുക. അതിലൂടെ വിഷരഹിത പച്ചക്കറികള്‍ വിളയിച്ച് ഭക്ഷണത്തിന് ഉപയോഗിക്കുകയും അധികം വരുന്നത് വില്‍പന നടത്തി വരുമാനമുണ്ടാക്കുകയും ചെയ്യുക.

ജൂണില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയപ്പോള്‍ കൃഷി പരിപാലനം നിലച്ചില്ല. അത് തുടരുന്നു. ഈ 12 വയസ്സുകാര​െൻറ കൃഷിയിടം ഇപ്പോൾ നാട്ടിലാകെ മാതൃകയാകുകയാണ്​. അടൂര്‍ പെരിങ്ങനാട് പുത്തന്‍വിള താഴേതില്‍ ബിജുവി​െൻറയും ഷൈനിയുടെയും മകന്‍ ബിജിന്‍ ബിജുവാണ് സമ്മിശ്ര കൃഷിയിലൂടെ പുതുതലമുറക്ക് വഴി കാട്ടുന്നത്.

കടമ്പനാട് കെ.ആര്‍.കെ.പി.എം.ബി.എച്ച്.എസില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ബിജിന്‍ കൈക്കൂന്താലിയുമായി പറമ്പിലിറങ്ങി കൃഷി തുടങ്ങിയപ്പോള്‍ വീട്ടുകാര്‍ പ്രോത്സാഹിപ്പിച്ചു. പയര്‍, വെണ്ട, വഴുതന, തക്കാളി, കോവല്‍, പാഷന്‍ ഫ്രൂട്ട്, നിത്യവഴുതന, മള്‍ബറി എന്നിവ നട്ട് പരിപാലിച്ചപ്പോള്‍ കുടുംബത്തിന് ആവശ്യമായ പച്ചക്കറികള്‍ ലഭിച്ചു തുടങ്ങി.

ഓണ്‍ലൈന്‍ പഠനത്തിനുശേഷം സമയം കണ്ടെത്തി പറമ്പില്‍ മത്സ്യക്കുളം ഉണ്ടാക്കി അസോളയും അലങ്കാരമത്സ്യവും വളര്‍ത്തി. ഇന്ന് ഗപ്പിയും പ്ലാറ്റിയും ഒക്കെ ബിജിന് ചില്ലറ ചെലവിനുള്ള വരുമാന മാർഗമാണ്.

സ്‌നേഹപ്പക്ഷികള്‍, പ്രാവ്, ഭക്ഷ്യ ആവശ്യത്തിന്​ മത്സ്യം, കോഴി, താറാവ്, ആട്, വിവിധ ചെടികള്‍ എന്നിവയും പരിപാലിക്കുന്നുണ്ട്​. വീട്ടില്‍ എത്തുന്ന അതിഥികള്‍ക്ക് പറമ്പിലെ പാഷന്‍ ഫ്രൂട്ട്, പേരക്ക എന്നിവയുടെ ജ്യൂസും മള്‍ബറി വൈനുമാണ് നല്‍കുന്നത്​.

2015ല്‍ സ്‌കൂളിലെ മികച്ച എക്കോ ക്ലബ് പ്രവര്‍ത്തനത്തിന് സര്‍ട്ടിഫിക്കറ്റും ട്രോഫിയും ബിജിന് ലഭിച്ചിട്ടുണ്ട്. ബിജി​െൻറ സഹോദരി ഷൈബി അങ്ങാടിക്കല്‍ എസ്.എന്‍.വി.എച്ച്.എസ്.എസില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.