അടൂർ: വേലുത്തമ്പി ദളവയുടെ ചിരസ്മരണക്കായി തീർത്ത മണ്ണടിയിലെ മ്യൂസിയം അവഗണനയിൽ. കെട്ടിടങ്ങൾ ജന്മനാടിന്റെ മോചനത്തിനായി ഈസ്റ് ഇന്ത്യാകമ്പനിയോട് പടവെട്ടി വേലുത്തമ്പി ദളവ വീരമ്യത്യുവരിച്ച മണ്ണടിയിലെ വേലുത്തമ്പിദളവ മ്യൂസിയം അധിക്യതരുടെ അവഗണന നേരിടുകയാണ്.
പഴയ കുറച്ചു നാണയങ്ങൾ, പീരങ്കി, പീരങ്കി ഉണ്ടകൾ, ചിത്രവധക്കൂട് തുടങ്ങിയവ മാത്രമാണ് ഇവിടെ കാണാനുള്ളത്.മ്യൂസിയത്തിലേക്ക് പ്രവേശിക്കുമ്പോൾ ഇടതുഭാഗത്ത് വേലുത്തമ്പിദളവയുടെ പൂർണകായ പ്രതിമ കാണാം. ഇരുനില കെട്ടിടത്തിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത് .പുരാതന കാലത്ത് കുറ്റവാളികളെ വധിക്കുന്നതിന് ഉപയോഗിച്ചിരുന്ന ചിത്രവധക്കൂടാണ് ഇവിടുത്തെ പ്രധാന ആകർഷണം.
കൂടാതെ കുമ്മാട്ടി, കലപ്പ ,കൽച്ചട്ടി,നന്തുണി, ചാണക്കല്ല്, ഗോകർണ്ണം, നെട്ടൂർ പെട്ടി, ചിലമ്പ്, കുന്തം, നാരായം, വാൽ മരവി,ഗ്രന്ഥപെട്ടി, തിരുവിതാംകൂർ നാണയങ്ങൾ, കൊച്ചി, ബ്രിട്ടീഷ് ഇന്ത്യാ നാണയങ്ങൾ, പുരാതന നാണയങ്ങൾ എന്നിവയൊക്കെ ഉണ്ടെങ്കിലും ചരിത്ര പഠനത്തിലേക്ക് വെളിച്ചം വീശുന്ന ശേഖരങ്ങൾ കുറവാണ്.
താഴത്തെ നിലയിൽ ഒരു വള്ളവും കുറച്ച് പഴയ വിഗ്രഹങ്ങളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓപൺ എയർ ഓഡിറ്റോറിയം ഉൾപ്പെടുത്തി അന്താരാഷ്ട്ര പഠനഗവേഷണ കേന്ദ്രത്തിന്റെ നിർമാണം ആരംഭിച്ചെങ്കിലും പണി മുടങ്ങിക്കിടക്കുകയാണ്.
ലൈബ്രറിക്കായി കെട്ടിടം നിർമിച്ച് ഉദ്ഘാടനം കഴിഞ്ഞിട്ട് വർഷമേറെയായെങ്കിലും തുറന്ന് പ്രവർത്തിച്ചിട്ടില്ല. ഇവിടെ ബുക്കുകൾ വെയ്ക്കാനുള്ള റാക്കുകൾ പിടിപ്പിക്കുന്നതുൾെപ്പടെയുള്ള പ്രവൃത്തി ബാക്കി നിൽക്കുകയാണ്.
ഇവിടെ എത്തുന്നവർക്ക് വേലുത്തമ്പിദളവയെ ഓർക്കുന്നതിന് ഒരുപൂർണകായ പ്രതിമയും വേലുത്തമ്പി സ്മാരക മ്യൂസിയവും മാത്രമാണ് ഉള്ളത്. വേലുത്തമ്പിയുടെ ഉടവാൾ ഇവിടെ എത്തിക്കണമെന്ന ആവശ്യവും നടപ്പായില്ല. വേലുത്തമ്പിസ്മാരകം, കാമ്പിത്താൻ മണ്ഡപം, അരവക്കച്ചാണിഗുഹ എന്നിവ സംബന്ധിപ്പിച്ച് ചരിത്രപ്രാധാന്യമുള്ള സ്ഥലമാക്കി മാറ്റണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.