അടൂർ: നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നഗരസഭ സ്റ്റേഡിയം നിർമാണം ടെൻഡർ നടപടികളിലേക്ക് നീങ്ങുന്നു. നിർമാണ ഭാഗമായി നടത്തിയ മണ്ണ് പരിശോധന പൂർത്തിയായതിനെ തുടർന്ന് തയാറാക്കിയ എസ്റ്റിമേറ്റിന് അന്തിമ അംഗീകാരം ലഭിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ തിരുവനന്തപുരത്തെ ചേംബറിൽ ചേർന്ന യോഗത്തിൽ നടപടി വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
നഗരസഭ ചെയർപേഴ്സൻ ദിവ്യ റെജിമുഹമ്മദ്, മുൻചെയർമാനും വാർഡ് കൗൺസിലറുമായ ഡി. സജി, സ്പോർട്സ് കൗൺസിൽ സെക്രട്ടറി, എൻജിനീയർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. രണ്ടുമാസത്തിനുള്ളിൽ ടെൻഡർ ക്ഷണിക്കും. നിശ്ചിത സമയപരിധിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റേഡിയ നിർമാണം യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം.
സ്റ്റേഡിയത്തിനായി അടൂർ നഗരസഭ പുതുവാക്കൽ ഏലായിൽ 3.94 ഏക്കർ സ്ഥലം വാങ്ങിയിട്ട് വർഷങ്ങളായി. സ്ഥലം മണ്ണിട്ട് ഉയർത്തിയിട്ടുണ്ട്. നൂലാമാലകളിൽ കുടുങ്ങി നടപടികൾ അനിശ്ചിതമായി നീളുകയായിരുന്നു. കിഫ്ബിയിൽനിന്ന് അനുവദിച്ച 13 കോടി ചെലവഴിച്ചാണ് സ്റ്റേഡിയം നിർമിക്കുക.
200 മീറ്റർ സിന്തറ്റിക് ട്രാക്ക്, ഫുട്ബാൾ സ്റ്റേഡിയം, ക്രിക്കറ്റ് പരിശീലനായുള്ള സൗകര്യങ്ങൾ, ബാസ്കറ്റ് ബാൾ കോർട്ട്, പവിലിയൻ, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.