അടൂർ: ശയ്യാവലംബനായ ഷാജി ഉണ്ടാക്കുന്ന പേപ്പർ പേനകൾക്ക് ആവശ്യക്കാരേറെ. അപകടത്തിൽപെട്ട് അരയ്ക്ക് താഴ്ഭാഗം തളർന്ന് 24 വർഷമായി കട്ടിലിൽ കഴിയുന്ന ഷാജി വിധിയെ കുറ്റം പറഞ്ഞ് തന്റെ കഴിവുകൾ നഷ്ടപ്പെടുത്താൻ ഒരുക്കമല്ല. വിധിയെ ചിരിച്ചുകൊണ്ട് നേരിടുന്ന ഷാജി ഭിന്നശേഷിക്കാർക്ക് പ്രചോദനവും വഴികാട്ടിയുമാണ്. ഏനാദിമംഗലം പൂതങ്കര കടമാൻകുഴി മൈലവേലിൽ വീട്ടിൽ ഷാജിയാണ് മനഃസാന്നിധ്യംകൊണ്ട് ശ്രദ്ധേയനാകുന്നത്. കോവിഡ് കാലത്ത് ജോലിക്കുപോയി വരുമാനം ഉണ്ടാക്കാൻ കഴിയുന്നില്ലെന്ന് പരാതി പറഞ്ഞവർക്ക് സമൂഹമാധ്യമങ്ങളിലൂടെ ഷാജി പ്രചോദനം നൽകിയിരുന്നു.
24 വർഷം മുമ്പ് ഗുജറാത്തിൽ വെൽഡിങ് ജോലിക്കിടെ സംഭവിച്ച അപകടമാണ് ഷാജിയുടെ ജീവിതം മാറ്റിമറിച്ചത്. നട്ടെല്ലിന് മാരക ക്ഷതമേറ്റ ഷാജിക്ക് ഗുജറാത്തിലും പിന്നീട് നാട്ടിലും ഒരുവർഷത്തോളം ചികിത്സ തുടർന്നുവെങ്കിലും ഫലം കണ്ടില്ല. പിന്നീട് ഷാജിയുടെ ലോകം വീട്ടിലെ മുറിക്കുള്ളിലായി. വേദന അനുഭവിച്ച് കിടക്കയിൽ വെറുതെ കഴിയാൻ ഈ ചെറുപ്പക്കാരൻ തയാറല്ലായിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്ലാസ്റ്റിക് വിപത്തിനെതിരായ പ്രചാരണം കണ്ട ഷാജി തനിക്ക് കഴിയും വിധം ഇതിനായി പ്രവർത്തിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് പ്രകൃതി സൗഹൃദ പേപ്പർ പേന നിർമാണം തുടങ്ങിയത്. ഭിന്നശേഷിക്കാരുടെ ഗ്രൂപ്പിൽ അംഗമായതിനെ തുടർന്നുള്ള പ്രചോദനം വഴികാട്ടിയുമായി. പേപ്പർ പേനയിൽ പച്ചക്കറി വിത്തും കൂട്ടിച്ചേർത്ത് പ്രകൃതി സംരക്ഷണ
സന്ദേശം കൂടി നൽകി ഈ ചെറുപ്പക്കാരൻ. ഈ പേന മണ്ണിലേക്ക് വലിച്ചെറിഞ്ഞാലും അതിൽനിന്നൊരു വിത്ത് മുളച്ചുവരും. തക്കാളി, വെണ്ട, പയർ, ചീര, പച്ചമുളക്, വഴുതന എന്നിവയുടെ വിത്തുകളാണ് പേനയിൽ നിറക്കുന്നത്. ഒരുദിവസം 100 പേനകൾവരെ ഉണ്ടാക്കും. എട്ടു രൂപക്കാണ് വിൽപന. ഇലക്ഷൻ കാലങ്ങളിൽ നിരവധി രാഷ്ട്രീയ നേതാക്കൾ ഷാജിയുടെ പേനകൾക്കായി എത്തിയിരുന്നു. പേനകളുടെ മേന്മ കടൽകടന്നും എത്തിയിട്ടുണ്ട്. വിദേശത്തുനിന്ന നിരവധി പേർ ആവശ്യവുമായി ഷാജിയെ സമീപിക്കുന്നുണ്ട്. സ്ഥാപനങ്ങളുടെ പേരും രാഷ്ട്രീയ ചിഹ്നങ്ങളും പേനയിൽ ആവശ്യക്കാർക്ക് പ്രിന്റ് ചെയ്ത് നൽകും. അമ്മ ഗൗരിയും സഹോദരൻ സജിയും കുടുംബവുമാണ് സഹായങ്ങളുമായി ഒപ്പമുള്ളത്. പ്രകൃതിക്കും സമൂഹത്തിനുമായി സമർപ്പിച്ചിരിക്കുകയാണ് ഷാജിയുടെ ജീവിതം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.