പത്തനംതിട്ട: നിർമാണം പുരോഗമിക്കുന്ന അമൃത് 2.0 കുടിവെള്ള പദ്ധതിയിൽ 8.70 കോടിയുടെ വിശദ പദ്ധതി സമർപ്പിച്ച് പത്തനംതിട്ട നഗരസഭ. അമൃത് കേരള സംസ്ഥാന മിഷൻ മാനേജ്മെന്റ് യൂനിറ്റ് ഡയറക്ടർക്കാണ് പദ്ധതി കൈമാറിയത്. അടുത്ത സംസ്ഥാനതല സാങ്കേതിക സമിതി യോഗത്തിൽ പദ്ധതി പരിഗണിക്കുമെന്നാണ് കരുതുന്നത്.
നഗരത്തിലെ ഉയർന്ന പ്രദേശങ്ങളായ പരുവപ്ലാക്കൽ, പൂവൻപാറ, വഞ്ചികപൊയ്ക പ്രദേശങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനായി വാട്ടർ ടാങ്കുകളും അനുബന്ധ സൗകര്യവും പുതിയ പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. മുമ്പ് അനുവദിച്ച 21 കോടി തികയാത്തതിനാലാണ് കൂടുതൽ തുക ആവശ്യപ്പെട്ടിരിക്കുന്നത്. നഗരത്തിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്ന പദ്ധതിയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ നഗരസഭ ഫണ്ട് കൂടി വിനിയോഗിക്കുന്നുണ്ട്.
ആദ്യഘട്ടത്തിൽ 21 കോടിയാണ് നഗരസഭക്ക് ലഭിച്ചത്. ശുദ്ധീകരണ പ്ലാന്റിന്റെ നിർമാണത്തിനായുള്ള ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണ്. 3.5 കോടി വിനിയോഗിച്ച് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവർത്തി നടന്നുവരുകയാണ്. ഇൻ ടേക് കിണറിന്റെയും കലക്ഷൻ ചേംബറിന്റെയും നിർമാണവും പൂർത്തിയായി.
ടാങ്ക് നിർമിക്കുന്നതിന് മൂന്നു സ്ഥലങ്ങളിലും സ്ഥലം ലഭ്യമായിട്ടുണ്ടെന്നും ചെയർമാൻ പറഞ്ഞു. ഗുണഭോക്താക്കളുടെ ലിസ്റ്റ് തയാറായി വരുകയാണ്. പ്രധാന ജലസ്രോതസ്സായ അച്ചൻകോവിലാറ്റിൽ ഭാവിയിൽ ഉണ്ടാകാനിടയുള്ള ജലദൗർലഭ്യം കൂടി കണക്കിലെടുത്ത് മണിയാർ ഡാമിൽനിന്ന് വെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിയും നഗരസഭ സർക്കാറിന് സമർപ്പിച്ചിട്ടുണ്ടെന്ന് ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.