വടശ്ശേരിക്കര: പെരുനാട് മടത്തുംമൂഴിയിൽ നാല് വാർഡിലായി തെരുവുനായുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഉഷാകുമാരി, മറിയാമ്മ, ലില്ലി, സാരംഗൻ എന്നിവർക്കാണ് കടിയേറ്റത്. മടത്തുംമൂഴി പൂങ്കാമണ്ണിൽ മറിയാമ്മയുടെ മുഖത്ത് ആഴത്തിൽ മുറിവുണ്ട്.
പെരുന്നാട് പൂവത്തുമൂട്ടിലും ഇതേ നായ് രണ്ടുപേരെ ആക്രമിച്ചു. ലോട്ടറി വിൽപനക്കാരിയായ ഉഷ ഭവനത്തിൽ ഉഷാകുമാരിക്ക് രാവിലെ ഏഴോടെ പെരുനാട് ചന്തയിൽ വെച്ചാണ് കടിയേറ്റത്. വെള്ളിയാഴ്ച രാവിലെ ആദ്യം ടാപ്പിങ് തൊഴിലാളിയെ കടിച്ച നായ് പിന്നിട് മഠത്തുംമൂഴി പാലത്തിന് സമീപം ലോട്ടറി വിൽക്കുന്ന ഉഷയെയും പിന്നീട് സെന്റ് മേരീസ് സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയെയും ആക്രമിച്ചു.
അവിടന്ന് ഓടിയ നായ് സമീപ വീട്ടിൽ പാചകം ചെയ്തു കൊണ്ടിരുന്ന വീട്ടമ്മയെയും ചെറുമകളെയും കടിച്ചു.
പെരുനാട് പഞ്ചായത്തിലെ 1, 2, 3, 4 വാർഡുകളിലായി നിരവധി ആളുകളെയും വളർത്തു മൃഗങ്ങളെയും നായ് ആക്രമിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. പരിക്കേറ്റവരെല്ലാം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നായ് ആക്രമിക്കുന്ന വിവരം പഞ്ചായത്ത് ഓഫിസിലും മൃഗാശുപത്രിയിലും മെംബർമാരെയും അറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും ആരോപണവുമുണ്ട്.
ഏതാനും മാസം മുമ്പ്, നായുടെ കടിയേറ്റ് അഭിരാമി എന്ന കുട്ടി മരിച്ചതിന്റെ ഞെട്ടൽ മാറുംമുമ്പാണ് വീണ്ടും ആക്രമണം. പേ വിഷബാധ സംശയിക്കുന്ന നായെ നാട്ടുകാർ പിന്നീട് തല്ലിക്കൊന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.