പന്തളം: തുടർച്ചയായി അപകടം ഉണ്ടാകുന്ന എം.സി റോഡിൽ മോട്ടോർവാഹന വകുപ്പ് വാഹനപരിശോധന ശക്തമാക്കി. പരിശോധന പുരോഗമിക്കുന്നതിനിടെ തന്നെ പന്തളത്തും പരിസരത്തുമായി എം.സി റോഡിൽ രണ്ട് അപകടങ്ങൾ ഉണ്ടായി.ബുധനാഴ്ച രാവിലെ 11.30യോടെ എം.സി റോഡിൽ മാന്തുകക്കും കുളനടക്കും ഇടയിലാണ് പത്തനംതിട്ട റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ എ.കെ ദിലുവിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ആർ.ടി ഓഫിസിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം പരിശോധനക്കെത്തിയത്. വ്യാപക പരിശോധനയിൽ 240 കേസുകൾ മോട്ടോർ വാഹന വകുപ്പ് എടുത്തു.
മതിയായ രേഖകളില്ലാതെയും അമിതമായ ആളുകളെ കയറ്റിയും പന്തളം-റാന്നി റൂട്ടിൽ സർവിസ് നടത്തിയ പ്രൈവറ്റ് ബസിന്റെ ഫിറ്റ്നസ് റദ്ദ് ചെയ്തു. ലൈസൻസ് ഇല്ലാത്തവർ ഓടിച്ച 18ഓളം വാഹനങ്ങളും പിടികൂടി. കൂടാതെ ഓവർലോഡ്, സൺ ഫിലിം ഉപയോഗം, നികുതി കുടിശ്ശിക എന്നീ നിരവധി കുറ്റങ്ങളും കണ്ടെത്തി. പരിശോധനയിൽ രണ്ടുലക്ഷത്തിലധികം രൂപ പിഴ ഈടാക്കി. അതേസമയം, എം.സി റോഡിലെ അപകടങ്ങൾ കുറക്കാൻ മോട്ടോർ വാഹന വകുപ്പ് ഇന്നലെ പരിശോധന ഒരുഭാഗത്ത് തുടരുമ്പോൾത്തന്നെ മറുഭാഗത്ത് അപകട പരമ്പരയായിരുന്നു ബുധനാഴ്ച രാവിലെ മുതൽ.
കുളനടനിന്ന് മൂന്ന് കിലോമീറ്റർ അകലെ പന്തളം ജങ്ഷനിൽ ബുധനാഴ്ച രാവിലെയും ഉച്ചക്കുശേഷം മെഡിക്കൽ മെഷീൻ ജങ്ഷനിലും ഉണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. മെഡിക്കൽ മിഷൻ ജങ്ഷന് സമീപം എം.സി റോഡിൽ ശങ്കരത്തിൽ പടിയിൽ വഴിയാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ചെങ്ങന്നൂർ, കൊല്ലകടവ്, മുസംഗോദി വീട്ടിൽ നൗഫലിനെ (24) ഗുരുതര പരിക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ പന്തളം ജങ്ഷനിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കാർ യാത്രക്കാർക്ക് സാരമായ പരിക്കേറ്റിരുന്നു. എം.സി റോഡിൽ തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുകയും മരണം വർധിക്കുകയും ചെയ്തതോടെ മോട്ടോർ വാഹനവകുപ്പ് അപകടം കുറക്കുന്നതിനായി എം.സി റോഡുകളിൽ പരിശോധന ശക്തമാക്കി ഇരിക്കുന്നതിനിടയിലാണ് അപകടവുംവർധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.