പത്തനംതിട്ട: കര്‍ക്കടക മാസപൂജക്കായി വെള്ളിയാഴ്ച നട തുറക്കുന്ന ശബരിമലയിൽ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് ഉറപ്പാക്കുമെന്നും കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. മാസപൂജയ്ക്കുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും വിവിധ പ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു.
ശനിയാഴ്ച മുതലാണ് തീര്‍ഥാടകര്‍ക്ക് ദര്‍ശന സൗകര്യം ലഭിക്കുന്നത്. വെര്‍ച്വല്‍ ക്യു സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ദിവസവും 5,000 പേര്‍ക്കാണ് സൗകര്യം. ശുചീകരണ - സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാരെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റോ കരുതണം.
തീർഥാടകർ സർട്ടിഫിക്കറ്റ് കരുതണം
മാസപൂജയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.എല്‍. ഷീജ പറഞ്ഞു. തീര്‍ഥാടകര്‍ രണ്ട് ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ചതായ സര്‍ട്ടിഫിക്കറ്റോ, 48 മണിക്കൂറിനുള്ളില്‍ എടുത്ത ആർ.ടി.പി.സി.ആര് പരിശോധന സര്‍ട്ടിഫിക്കറ്റോ കരുതണം.
എന്തെങ്കിലും രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലുള്ള സര്‍ക്കാര്‍ ആശുപത്രികളിലെത്തി ചികിത്സ തേടണം. സ്രവ പരിശോധനയില്‍ കോവിഡ് രോഗബാധിതരാണെന്ന് വ്യക്തമായാല്‍ ആശുപത്രിയിലേക്ക് മാറ്റും. നിലയ്ക്കല്‍, പമ്പ, സന്നിധാനം ആശുപത്രികളില്‍ രണ്ടുവീതം ഡോക്ടര്‍മാര്‍, നഴ്സ്, അറ്റന്‍ഡര്‍മാര്‍, ഓരോ ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന് എന്നിവരെ നിയമിച്ചിട്ടുണ്ട്.
അടിയന്തര സാഹചര്യം നേരിടാന്‍ പമ്പയില്‍ വെൻറിലേറ്റര്‍ സംവിധാനവും പമ്പയിലും സന്നിധാനത്തും ഓക്സിജന്‍ ലഭ്യതയും ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് പമ്പയില്‍ രണ്ട് ആംബുലന്‍സുകളും സജ്ജീകരിച്ചിട്ടുണ്ട്.
സിക വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജില്ല വെക്ടര്‍ കണ്ട്രോള് യൂനിറ്റിെൻറ നേതൃത്വത്തില്‍ കൊതുക് നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി സര്‍വിസ് തുടങ്ങി
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാര്‍ക്കായി കെ.എസ്.ആർ.ടി.സിയുടെ സര്‍വിസ് വ്യാഴാഴ്ച തുടങ്ങി. നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ചെയിന്‍ സര്‍വിസ് നടത്തുന്നതിന് 15 ബസുകള്‍ കെ.എസ്.ആർ.ടി.സി സജ്ജമാക്കിയിട്ടുണ്ട്. അയ്യപ്പസേവാ സംഘം സ്ട്രെച്ചര്‍ സര്‍വിസ്, ഓക്സിജന്‍ പാര്‍ലര്‍, ശുചീകരണം എന്നിവയ്ക്കായി 35 വളൻറിയര്‍മാർ രംഗത്തുണ്ട്. അയ്യപ്പസേവാ സംഘം അന്നദാനം നടത്തും. ഒരു ആംബുലന്‍സും അയ്യപ്പസേവാ സംഘം സജ്ജമാക്കി. വനം വകുപ്പ് റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സജ്ജമാക്കും. പമ്പയില്‍നിന്നും സന്നിധാനത്തേക്കും തിരിച്ചും തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കുന്നതിനുള്ള സുരക്ഷ വനം വകുപ്പ് ഉറപ്പാക്കും.
യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.ജി. ഗോപകുമാര്‍, ആര്.ഡി.ഒമാരായ ബി.രാധാകൃഷ്ണന്, തുളസീധരന്‍ പിള്ള, ശബരിമല എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അജിത്ത് കുമാര്‍, എക്സിക്യൂട്ടിവ് ഓഫിസര്‍ കൃഷ്ണകുമാര്‍ വാര്യര്‍, അയ്യപ്പസേവാ സംഘം ജനറല്‍ സെക്രട്ടറി എന്‍. വേലായുധന് നായര്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് പമ്പ റേഞ്ച് ഓഫിസര്‍ അജയഘോഷ് യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.