പന്തളം: സാമൂഹികനീതിയിലധിഷ്ഠിതമായ സമഗ്രവികസനമാണ് സര്‍ക്കാറിന്റേതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്. ആറന്മുള, അടൂര്‍ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ച് അച്ചൻകോവിലാറിന് കുറുകെ തുമ്പമണ്‍-താഴംമണ്ണാകടവ് പാലത്തിന്റെ നിർമാണോദ്ഘാടനം മണ്ണാകടവില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനസര്‍ക്കാര്‍ ആരോഗ്യ-വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റങ്ങളാണ് നടത്തുന്നത്. മണ്ണാകടവ് പാലം യാഥാര്‍ഥ്യമാകുന്നതോടെ അടിയന്തരഘട്ടങ്ങളില്‍ നിവാസികള്‍ക്ക് ഗതാഗത സൗകര്യം കൂടുതല്‍ ഉപയോഗപ്രദമാകും. പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കും- മന്ത്രി പറഞ്ഞു.
മണ്ണാകടവിന്റെ ചിരകാല സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നതെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വീണ ജോർജ് പറഞ്ഞു. പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ പാലത്തിനരികിലും പാലത്തിലും ഹൈമാസ്റ്റ് ലൈറ്റ് സജ്ജീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇറിഗേഷന്‍ വകുപ്പ് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സുനില്‍ രാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്മാന് ആര്.അജയകുമാര്‍, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ജോണ്‍, കുളനട ഗ്രാമപഞ്ചായത്ത് അംഗം അഡ്വ.വി.ബി.സുജിത്ത്, കൊല്ലം ഇറിഗേഷന്‍ ഡിവിഷന് എക്സിക്യൂട്ടീവ് എൻജിനീയര്‍ ജെ. ബേസിന് തുടങ്ങിയവര്‍ പങ്കെടുത്തു.
ആറന്മുള നിയോജക മണ്ഡലത്തിലെ കുളനട പഞ്ചായത്തിലെയും അടൂര്‍ നിയോജക മണ്ഡലത്തിലെ തുമ്പമണ്‍ പഞ്ചായത്തിലെയും ജനങ്ങളുടെ ആവശ്യമായിരുന്നു അച്ചന്‍കോവിലാറിന് കുറുകെ മണ്ണാകടവ് ഭാഗത്ത് ഇരുകരകളെയും ബന്ധിപ്പിച്ചുള്ള പാലം. പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടുകൂടി മണ്ണാകടവ് നിവാസികള്‍ക്ക് പന്തളത്തേക്കും തുമ്പമണ്‍ നിവാസികള്‍ക്ക് മണ്ണാകടവ്, കുളനട ഭാഗങ്ങളിലേക്കും എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കും. 2020-21 സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി 5.28 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. 84.8 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. ഇതില്‍ രണ്ട് സ്പാനുകള്‍ ജലത്തിലും രണ്ട് സ്പാനുകള്‍ കരയിലുമായി വിഭാവനം ചെയ്തിരിക്കുന്നു. ഇരുകരകളിലുമായി രണ്ട് അബട്ട്മെന്റുകളും മധ്യ ഭാഗത്തായി മൂന്ന് തൂണുകളും ഉള്ള പാലത്തിന്റെ ക്യാരേജ്വേയുടെ വീതി 4.25 മീറ്ററാണ്. പാലത്തിന്റെ ഇരുവശത്തും അപ്രോച്ച് റോഡും ആറിന്റെ തീരസംരക്ഷണത്തിനായി ഗാബിയോണ്‍ ഭിത്തിയും അനുബന്ധമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.