തിരുവല്ല: ആൾ താമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിലായി. തിരുവല്ല തുകലശ്ശേരി പൂമംഗലത്ത് വീട്ടിൽ ശരത് (38), ഇരവിപേരൂർ സ്വർണമല വീട്ടിൽ അനൂപ് (41) എന്നിവരാണ് പിടിയിലായത്. കുറ്റൂർ പാണ്ടിശ്ശേരിൽ പി. ജോർജ് ഐസക്കിന്റെ വീട്ടിൽനിന്ന് റാഡോ വാച്ചുകളും ഡയമണ്ട് നെക്ലേസും അടക്കം ഏഴ് ലക്ഷത്തോളം രൂപയുടെ സാധനസാമഗ്രികൾ കവർന്ന കേസിൽ നടത്തിയ അന്വേഷണമാണ് പ്രതികളെ വലയിലാക്കിയത്.
ജൂൺ 21ന് ആയിരുന്നു മോഷണം. ജോർജ് ഐസക്കും കുടുംബവും വീട് അടച്ച് ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു. വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ്ടാക്കൾ ലക്ഷം രൂപ വീതം വിലവരുന്ന മൂന്ന് റാഡോ വാച്ച്, 60,000, 35,000 രൂപ വില വരുന്ന രണ്ട് വാച്ചുകൾ, ഡയമണ്ട് നെക്ലേസ്, രണ്ട് ലക്ഷത്തോളം രൂപ വില വരുന്ന ഡി.എസ്.എൽ.ആർ കാമറ എന്നിവയാണ് മോഷ്ടിച്ചത്. 25ന് ജോർജിന്റെ വീടിന് സമീപത്തെ അടച്ചിട്ടിരുന്ന മറ്റൊരു വീട്ടിൽ പ്രതികൾ എത്തി. വിദേശത്തായിരുന്ന വീട്ടുടമ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ സി.സി ടി.വിയിലൂടെ കണ്ടു. ഇത് മനസ്സിലാക്കിയ ഇരുവരും മോഷണശ്രമം ഉപേക്ഷിച്ച് കടക്കുകയായിരുന്നു. ഇവിടെനിന്നും ലഭിച്ച മോഷ്ടാക്കളുടെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ശരത്തിനെ കാഞ്ഞിരപ്പള്ളി പാലപ്രയിലെ പെൺ സുഹൃത്തിന്റെ വീട്ടിൽ വെച്ചും അനൂപിനെ തേനി ചിന്നമണ്ണൂരിലെ ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്. പകൽ സമയങ്ങളിൽ സ്കൂട്ടറിൽ കറങ്ങി നടന്ന് ആൾ താമസം ഇല്ലാത്ത വീടുകൾ നോക്കി െവച്ചശേഷം രാത്രി എത്തി മോഷണം നടത്തുന്നതാണ് പ്രതികളുടെ രീതിയെന്നും മോഷ്ടിച്ച് കിട്ടുന്ന പണം ആർഭാട ജീവിതത്തിനായാണ് ചെലവഴിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ അടക്കം നിരവധി പൊലീസ് സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ തിരുവല്ലയിൽ അടക്കം നടന്ന പല മോഷണങ്ങൾക്കും തുമ്പ് ലഭിക്കും എന്നാണ് കരുതുന്നതെന്ന് സി.ഐ സുനിൽ കൃഷ്ണൻ പറഞ്ഞു. ഡിവൈ.എസ്.പി എസ്. അഷാദിെന്റ നിർദേശപ്രകാരം സി.ഐ ബി.കെ. സുനിൽ കൃഷ്ണൻ, എസ്.ഐ നിത്യ സത്യൻ, സീനിയർ സി.പി.ഒമാരായ പി. ഉദയ ശങ്കർ, പി. അഖിലേഷ്, എം.എസ്. മനോജ്, സി.പി.ഒ അവിനാശ് വിനായകൻ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.