പത്തനംതിട്ട: ജനറല്‍ ആശുപത്രിയിലെ നിർമാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്. ശബരിമല ബേസ് ആശുപത്രിയായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ജനറല്‍ ആശുപത്രിയെ മികച്ച സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിനായി 23.75 കോടി രൂപയും പുതിയ ഒ.പി ബ്ലോക്കിനായി 22.16 കോടി രൂപയും അനുവദിച്ചു. ഇവയുടെ നിർമാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കൃത്യമായ ഇടവേളകളില്‍ വിലയിരുത്തി നടപടി സ്വീകരിക്കണം.
ഇതുകൂടാതെ ക്രിട്ടിക്കല്‍ കെയറിന് ഉപകരണങ്ങള്‍ വാങ്ങാനായി എം.എല്‍.എ. ഫണ്ടില്‍ നിന്ന് മൂന്നു കോടി രൂപ അനുവദിക്കും. ആശുപത്രിക്ക് ആവശ്യമായ ഉപകരണങ്ങളുടെ പട്ടിക തയാറാക്കാന്‍ സൂപ്രണ്ടിന് നിര്‍ദേശം നല്കി. സെക്രട്ടറിയേറ്റില്‍ നടന്ന അവലോകന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
51,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 23.75 കോടി രൂപ ചെലവഴിച്ചാണ് പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിർമിക്കുന്നത്. നാലു നിലകളിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ ബേസ്മെന്റില്‍ കാര്‍ പാര്‍ക്കിങ്, ഗ്രൗണ്ട് ഫ്ളോറില്‍ ആധുനിക ട്രോമാകെയര്‍ സൗകര്യങ്ങളോടു കൂടിയുള്ള അത്യാഹിത വിഭാഗം, ഐസൊലേഷന്‍ വാര്‍ഡ്, മൈനര്‍ ഓപറേഷന് തീയറ്റര്‍, പ്ലാസ്റ്റര്‍ റൂം, ഡോക്ടേഴ്സ് റൂം, നഴ്സസ് റൂം, ഫാര്‍മസി എന്നിവയുണ്ടാകും. ഒന്നാം നിലയില്‍ ഐ.സി.യു, എച്ച്.ഡി.യു, ഡയാലിസിസ് യൂനിറ്റ്, ആർ.എം.ഒ ഓഫീസ്, സ്റ്റാഫ് റൂം എന്നിവയും രണ്ടാം നിലയില്‍ ഐസൊലേഷന്‍ റൂം, ഐസൊലേഷന്‍ വാര്‍ഡ്, എമര്‍ജന്‍സി പ്രൊസീജിയര്‍ റൂം, ഡോക്ടേഴ്സ് റൂം, രോഗികള്‍ക്കും ജീവനക്കാര്‍ക്കും വേണ്ടിയുളള ഡൈനിംഗ് റൂം എന്നിവയുമാണ് സജ്ജീകരിക്കുന്നത്.
22.16 കോടി രൂപ മുതല്‍ മുടക്കിയാണ് 31,200 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പുതിയ ഒ.പി കെട്ടിടം നിര്‍മ്മിക്കുന്നത്. 20 ഒ.പി മുറികള്‍, മൈനര്‍ ഓപറേഷന് തീയറ്റര്‍, വാര്‍ഡുകള്‍, ഒബ്സര്‍വേഷന്‍ മുറികള്‍, ഫാര്‍മസി, റിസപ്ഷന്, ലിഫ്റ്റ് സൗകര്യം എന്നിവയുണ്ടാകും. ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍, ജില്ല പ്രോഗ്രാം മാനേജര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട്, നിര്‍മാണ ഏജന്‍സി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.