കോവിഡ് പടരുന്നു, പ്രതിദിന രോഗികൾ ആയിരം കടന്നു; പരിശോധനകൾ കുറഞ്ഞു

പത്തനംതിട്ട: ജില്ലയിൽ കോവിഡിന്‍റെ വ്യാപനം രൂക്ഷമാകുന്നു. പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം 200 കടന്നു. ബുധനാഴ്ച കോവിഡ് ബാധിതരിൽ മുന്നുപേർ മരിച്ചു. നിലവിൽ ജില്ലയിൽ കോവിഡ് ബാധിതരായി 1200ഓളം പേരുണ്ട്. ശനിയാഴ്ച മാത്രം 201 പുതിയ കോവിഡ് പോസിറ്റിവ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. 2521 മരണങ്ങളും ഇതേവരെ ജില്ലയിൽ റിപ്പോർട്ട് ചെയ്തു. സംസ്ഥാന ശരാശരിക്ക് ആനുപാതികമായി ജില്ലയിലും രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടെന്നാണ് ആരോഗ്യവകുപ്പും പറയുന്നത്.

പനി വ്യാപകമായി ജില്ലയിൽ കണ്ടുവരുന്നുണ്ടെങ്കിലും കോവിഡ് പരിശോധനകൾ കുറവാണ്. പരിശോധന സംവിധാനങ്ങൾ നേരത്തേയുണ്ടായിരുന്നതുപോലെ ലഭ്യവുമല്ല. സ്കൂളുകളിലടക്കം പകർച്ചപ്പനിയുണ്ട്.

പനികാരണം സ്കൂളുകളിൽ കുട്ടികളുടെ ഹാജർനിലയും കുറയുന്നുണ്ട്. പനി ബാധിതരാകുന്നവർ വീടുകളിൽ മരുന്നുമായി കഴിയുകയാണ്. കുട്ടികളിലടക്കം കോവിഡ് പരിശോധന നടക്കുന്നതുമില്ല.

വൈറൽപനി വ്യാപകം

ജില്ലയിൽ വൈറൽ പനിയും വ്യാപകമാകുന്നു. നിരവധി പേരാണ് പനിബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്നത്. സർക്കാർ ആശുപത്രികളിൽ ഒ.പിയിലെത്തുന്നവരിൽ വൈറൽ പനിയുള്ളവരാണ് കൂടുതൽ.

ദിവസേന നൂറുകണക്കിനാളുകളാണ് പലതരം പനിയുമായി ആശുപത്രികളിലെത്തുന്നത്. മഴയും ചൂടും മാറിവരുന്ന സാഹചര്യമാണ് ജില്ലയിൽ പനിബാധിതരുടെ എണ്ണം കൂട്ടുന്നത്. കൊതുകുകൾ പെരുകുന്നതും പനിബാധ കൂടാൻ കാരണമാകുന്നു. പ്രായഭേദമന്യേ എല്ലാവർക്കും ജലദോഷവും പനിയും അനുഭവപ്പെടുന്നു. ശനിയാഴ്ച 259പേർ പനിബാധിതരായി ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സതേടി. സ്വകാര്യ ആശുപത്രികളിലെത്തിയവരുടെ എണ്ണം ഇതിന്‍റെ ഇരട്ടിയിലേറെയാണ്. പനിബാധിതരായി വീടുകളിൽ കഴിയുന്നവരും ഏറെയാണ്.

മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡുതലത്തിൽ ആരോഗ്യ ശുചിത്വസമിതി രൂപവത്കരിച്ച് പ്രവർത്തിക്കുന്നുണ്ട്. ആശാ പ്രവർത്തകരുടെയും വാർഡ് അംഗങ്ങളുടെയും വളന്റിയർമാരുടെയും നേതൃത്വത്തിൽ ആരോഗ്യസേനയും പ്രവർത്തിക്കുന്നു.

കരുതൽ വേണം

സാധാരണ വൈറൽപ്പനിയാണെങ്കിലും രോഗം പിടിപെടുന്നവർ കൂടുതൽ ജാഗ്രതയോടെ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. സ്‌കൂളുകളിൽ കുട്ടികൾക്ക് പനിയോ ജലദോഷമോ അനുഭവപ്പെടുകയാണെങ്കിൽ വിശ്രമം എടുക്കണം.

കുട്ടികളിൽനിന്ന് പെട്ടെന്ന് മറ്റു കുട്ടികൾക്ക് പകരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകുന്നു. ചൂടുള്ള പാനീയങ്ങൾ ഉപയോഗിക്കുക, വിശ്രമിക്കുക, കൈകാലുകൾ ഇടക്കിടക്ക് വൃത്തിയാക്കുക, മാസ്‌ക്‌ ധരിക്കുക, ആൾക്കൂട്ടങ്ങൾ കഴിവതും ഒഴിവാക്കുക എന്നിവ പാലിക്കാൻ ശ്രദ്ധിക്കണം. രോഗലക്ഷണം ഉള്ളവർ പ്രായമായവരിൽനിന്ന് രോഗം സുഖപ്പെടുന്നതുവരെ അകലം പാലിക്കണം. പ്രായമേറിയവർക്ക് പെട്ടെന്ന് രോഗം പിടിപെടാൻ സാധ്യതയുണ്ട്.

പനിവന്ന് മൂന്നുദിവസം കഴിഞ്ഞിട്ടും കുറവില്ലെങ്കിൽ നിർബന്ധമായും ആശുപത്രിയിലെത്തി ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Tags:    
News Summary - Covid spreads, passing thousands of patients daily

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.