പത്തനംതിട്ട: ജില്ല ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലുള്ള രണ്ട് സൈബർ തട്ടിപ്പു കേസിലായി നാലുപേരെ അറസ്റ്റ് ചെയ്തു. ജില്ല പൊലീസ് മേധാവിയായി വി.ജി. വിനോദ്കുമാര്‍ ചുമതലയേറ്റ ശേഷം സൈബര്‍ തട്ടിപ്പ് കേസുകളില്‍ അന്വേഷണം കാര്യക്ഷമമാക്കാന്‍ നല്കിയ നിർദേശത്തെ തുടര്‍ന്നാണ് പ്രതികൾ കുടുങ്ങിയത്. രണ്ടു കേസിലായി മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്നുള്ള യുവാക്കളെ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
കോഴഞ്ചേരി സ്വദേശിയിൽനിന്ന് സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിക്ഷേപിച്ചാല്‍ അമിത ലാഭം വാഗ്ദാനം ചെയ്ത് 3.45 കോടി തട്ടിയ കേസില്‍ മലപ്പുറം കല്പകഞ്ചേരി കക്കാട് അമ്പാടിവീട്ടിൽ ആസിഫ് (30), യ്യമ്പാട്ട് വീട്ടില്‍ സല്‍മാനുല്‍ ഫാരിസ് (23), തൃശൂര്‍ കടവല്ലൂര്‍ ആച്ചാത്ത് വളപ്പില്‍ സുധീഷ് ( 37) എന്നിവരും തിരുവല്ല സ്വദേശിയെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചാല്‍ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് 1.57 കോടി തട്ടിയ കേസില്‍ കോഴിക്കോട് ഫറോക്ക് ചുങ്കം ഭാഗത്ത് മനപ്പുറത്ത് വീട്ടില്‍ ഇര്ഷാദുല്ഹക്ക് ( 24 )എന്നിവരുമാണ് പിടിയിലായത്.
കംബോഡിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പരസ്യങ്ങള്‍ നൽകി ആളുകളെ വലയിലാക്കിയശേഷമാണ് തട്ടിപ്പ് നടത്തി വരുന്നത്. കംബോഡിയയിൽ ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളില്‍ ജോലി ചെയ്തിരുന്ന ആന്ധ്ര സ്വദേശികളായ ഹരീഷ് കുരാപതി, നാഗവെങ്കട്ട സൌജന്യ കുരാപതി എനിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ നേതൃത്വത്തില്‍ കേരളത്തില്‍നിന്ന് ഉയര്‍ന്ന ശമ്പളത്തില്‍ തൊഴില്‍രഹിതരായ ചെറുപ്പക്കാരെ തട്ടിപ്പ് കേന്ദ്രങ്ങിലേക്ക് റിക്രൂട്ട് ചെയ്യുന്നതായും വെളിവായിട്ടുണ്ട്. ഇവർക്ക് ഉയർന്ന കമീഷന് വാഗ്ദാനം ചെയ്ത് ബാങ്കില്‍നിന്ന് പിന്‍വലിപ്പിച്ച് തട്ടിപ്പ് നടത്തുന്ന രീതിയാണ് തുടരുന്നത്. കൂട്ടാളികളായ നിരവധി പേർ ഇനിയും അറസ്റ്റിലാകാനുണ്ട്. അന്വേഷണം വ്യാപകമാക്കിയതായി ജില്ല പൊലീസ് മേധാവി പറഞ്ഞു.
ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ മാരായ ബി.എസ്. ശ്രീജിത്, കെ.ആർ. അരുണ്‍ കുമാര്‍, കെ. സജു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസർമാരായ റോബി ഐസക്, നൗഷാദ് എന്നിവര്‍ തൃശൂര്‍ , മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ദിവസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ കുടുങ്ങിയത്. എല്ലാവരെയും കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.