പന്തളം: നഗരസഭയിൽ അവിശ്വാസപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയതിന് പിന്നാലെ ബി.ജെ.പി കൗൺസിലർമാർക്ക് വിപ്പ് നൽകാനൊരുങ്ങി ജില്ല നേതൃത്വം.
അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചാൽ തെരഞ്ഞെടുപ്പ് ചട്ടപ്രകാരം അയോഗ്യരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിപ്പ് നൽകാനുള്ള നീക്കം ആരംഭിച്ചത്. ബി.ജെ.പിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മുൻ പാർലമെന്റ് പാർട്ടി ലീഡർ കെ.വി. പ്രഭയുടെ പിന്തുണയോടെയാണ് എൽ.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയത്. ഇതിനു പിന്നാലെ ബി.ജെ.പിയിലെ ചില കൗൺസിലർമാർ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന വാർത്ത വന്നതോടെ വിപ്പ് നൽകാനുള്ള നീക്കം അണിയറയിൽ സജീവമായത്.
അവിശ്വാസ പ്രമേയം ചർച്ചക്ക് വരുന്നതിനുമുമ്പ് വിപ്പ് അയോഗ്യത ചൂണ്ടിക്കാട്ടി വിമതരെ വരുത്തിയിലാക്കാനാണ് ബി.ജെ.പിയുടെ പുതിയ നീക്കം. എന്നാൽ, വിപ്പ് നൽകിയാലും അവിശ്വാസത്തെ അനുകൂലിക്കും എന്നാണ് ബി.ജെ.പിയിലെ ചില കൗൺസിലർമാർ പറയുന്നത്. അവിശ്വാസ പ്രമേയത്തിൽ പ്രതീക്ഷിക്കാത്ത പല സസ്പെൻസും നടക്കുമെന്നും ബി.ജെ.പിയിലെ ഒരു കൗൺസിലർ ‘മാധ്യമ’ത്തോട് പറഞ്ഞു.
പന്തളത്ത് ബി.ജെ.പി സംവിധാനം പൂർണമായും പരാജയപ്പെട്ട അവസ്ഥയിലാണ്. നാഥനില്ലാത്ത പാർട്ടിപോലെ ബി.ജെ.പി മാറിയതായി കൗൺസിലർമാർ പറഞ്ഞു. നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷിനും ഡെപ്യൂട്ടി ചെയർപേഴ്സൻ യു. രമ്യ എന്നിവർക്കെതിരെ എൽ.ഡി.എഫാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.
നോട്ടീസിന്മേലുള്ള ചർച്ചയും തെരഞ്ഞെടുപ്പും വരും ദിവസങ്ങളിൽ നടക്കും. ഇതിനിടെ പാലക്കാട്ടെ ബി.ജെ.പി തോൽവിയെ സംബന്ധിച്ച് പന്തളത്തെ ബി.ജെ.പി പ്രവർത്തകരുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരിക്കുകയാണ്.
നഗരസഭയുടെ രാഷ്ട്രീയകാര്യ ചുമതലയുള്ള സി. കൃഷ്ണകുമാർ പാലക്കാട് പരാജയപ്പെട്ടതോടെ നവമാധ്യമങ്ങളിലൂടെ പോസ്റ്റിട്ടത് പന്തളം നഗരസഭയിലെ ചെയർപേഴ്സന്റെ ഭർത്താവും നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷ കെ. സീനയുടെ ഭർത്താവുമാണ് നവമാധ്യത്തിൽ ഏറ്റുമുട്ടിയത്.
‘പാലക്കാട് കഴിഞ്ഞു ഇനി പന്തളം’ എന്ന തരത്തിൽ നഗരസഭയിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ. സീനയുടെ ഭർത്താവ് അജി കുറ്റിവിള ഗോപാൽ ഫേസ്ബുക്കിൽ പോസ്റ്റ് പോസ്റ്റിനുതാഴെ നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷിന്റെ ഭർത്താവ് സന്തോഷ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചതാണ് വിവാദമായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.