പത്തനംതിട്ട: സംസ്ഥാനത്തെ അന്തർസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ് തുടരുന്നതിനിടെ അതിഥി പോർട്ടലിൽ ജില്ലയിൽനിന്ന് ഇതുവരെ രജിസ്റ്റർ ചെയ്തത് 3250 പേർ. ജില്ല ലേബർ ഓഫിസിന്റെ കീഴിലാണ് രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നത്. തൊഴിലാളികൾക്ക് തനിയെ ഐ.ഡിയും പാസ്വേഡും നൽകി പോർട്ടലിൽ വിവരങ്ങൾ നൽകാം. തൊഴിലുടമ വഴിയോ കരാറുകാരൻ വഴിയോ രജിസ്റ്റർ ചെയ്യാം. അല്ലാത്തവർക്ക് ലേബർ ഓഫിസ് വഴി രജിസ്റ്റർ ചെയ്യാനും സംവിധാനമുണ്ട്. വൈകുന്നേരങ്ങളിൽ തൊഴിലാളികളുടെ താമസസ്ഥലത്തും അവധി ദിവസങ്ങളിൽ ഇവർ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളും കേന്ദ്രീകരിച്ച് ക്യാമ്പ് സംഘടിപ്പിച്ചാണ് വിവരശേഖരണം നടത്തുന്നതെന്ന് ജില്ല ലേബർ ഓഫിസർ പറഞ്ഞു. കുടിയേറ്റ തൊഴിലാളി ക്ഷേമപ്രവർത്തനങ്ങൾക്കൊപ്പം സംസ്ഥാനത്തെ ക്രമസമാധാനവും സുരക്ഷയുമായി ബന്ധപ്പെട്ടും വിവര ശേഖരണം പ്രയോജനപ്പെടുത്തും.
ഒറ്റപ്പെട്ട തൊഴിലാളികളുടെ വിവരശേഖരണമാണ് ഇപ്പോൾ നടക്കുന്നത്. പേര്, വിലാസം, ആധാർ നമ്പർ, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. പോർട്ടലിലെ വിവരങ്ങൾ തൊളിലാളികൾക്ക് കാണാനും കഴിയും. ഒരു ജില്ലയിൽ രജിസ്റ്റർ ചെയ്തയാൾ മറ്റൊരു ജില്ലയിലേക്കു ജോലിക്ക് പോയാൽ പോർട്ടലിൽ ഇക്കാര്യം എഡിറ്റ് ചെയ്യാനും കഴിയും. അന്തർസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ തുടർപ്രക്രിയയാണ്. അതേസമയം, ജീവനക്കാരുടെ കുറവ് അന്തർസംസ്ഥാന തൊഴിലാളി കണക്കെടുപ്പിനെ ബാധിക്കുന്നുണ്ട്.
തൊഴിലാളി രജിസ്ട്രേഷന് ചുമതലപ്പെടുത്തിയിരിക്കുന്ന ഏജൻസിയിൽനിന്ന് ജില്ല അടിസ്ഥാനത്തിൽ ഒരു നോഡൽ ഓഫിസറെയാണ് നിയമിച്ചിരിക്കുന്നത്. അതിഥി തൊഴിലാളി രജിസ്ട്രേഷനായി എല്ലാ ജില്ലകളിലും ഒരു നോഡൽ ഓഫിസർ വീതമാണ് അനുവദിച്ചത് നടപടികൾ വൈകിപ്പിക്കുന്നതിനും ഇടയാക്കുന്നു. ഇതിനിടെ അതിഥി ആപ് രംഗത്തിറക്കിയെങ്കിലും സാങ്കേതിക പ്രശ്നങ്ങളാൽ വൈകുന്നതും കണക്കെടുപ്പിനെ ബാധിക്കുന്നു. ആദ്യം ലേബർ വകുപ്പ് ഓഫിസർമാർക്ക് ലഭ്യമാക്കുന്ന ആപ് പിന്നീടായിരിക്കും പൊതുജനങ്ങളിലേക്ക് എത്തുന്നത്. പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന അതിഥി ആപ് ഉടൻ പ്രവർത്തനസജ്ജമാകുമെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.
ഇതിൽ തൊഴിലാളികൾക്കുതന്നെ വിവരങ്ങൾ രേഖപ്പെടുത്താം. എന്നാൽ, രേഖകൾ വെച്ച് പരിശോധിക്കാൻ തൊഴിൽ വകുപ്പ് ഓഫിസിൽ പോകേണ്ടി വരും. ക്യാമ്പിന് വേണ്ട ലാപ്ടോപ്പ തുടങ്ങി ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകിയിട്ടില്ല. ഇവർ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളിൽനിന്ന് മാലിന്യ പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
കെട്ടിടങ്ങൾക്ക് സമീപം കക്കൂസ്-പ്ലാസിറ്റിക് മാലിന്യവും മറ്റും പരക്കുന്നതും വ്യാപകമായി പരാതി ഉയർന്നുണ്ട്. കലക്ടറുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപവത്കരിച്ച് പ്രദേശങ്ങളിൽ പരിശോധന നടത്താൻ തീരുമാനിച്ചെങ്കിലും ഇതും നടന്നില്ല.
* അന്തർസംസ്ഥാന തൊഴിലാളികൾ ആറുമാസം ജോലി ചെയ്താൽ അടുത്ത ആറുമാസം അവധി എടുത്ത് നാട്ടിലേക്ക് പുറപ്പെടും.
* ഇവരുടെ മൊബൈൽ ഫോൺ ഉപയോഗം മലയാളികളേക്കാൾ കൂടൂതലാണ്.
* അധികം പേരും ബാങ്ക് ഇടപാടുകളെ ഭയപ്പെടുന്നു. പണം ഒരുമിച്ചു വെച്ച് നാട്ടിലേക്ക് കൊണ്ടുപോകുന്നവരാണ് അധികവും.
* അന്തർസംസ്ഥാന തൊഴിലാളികളിൽ അധികം പേരും പശ്ചിമബംഗാളിൽനിന്ന് ഉള്ളവരാണ്. അസം, ഒഡിഷ, ഝാർഖണ്ഡ്, ബിഹാർ, യു.പി തുടങ്ങിയിടങ്ങളിൽനിന്നുള്ളവരുമുണ്ട്.
* ജില്ലയിൽ പത്തനംതിട്ട നഗരത്തിലാണ് കൂടുതൽ അന്തർസംസ്ഥാന തൊഴിലാളികളുള്ളത്. പന്തളം, കോഴഞ്ചേരി, കോന്നി, തിരുവല്ല എന്നിവിടങ്ങളാണ് പിന്നാലെയുള്ളത്. ജില്ലയിൽ എല്ല പഞ്ചായത്തിലും അന്തർ സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമുണ്ട്.
* ജില്ലയിൽ താമസിക്കുന്ന തൊഴിലാളികളിൽ ഭൂരിഭാഗവും കെട്ടിടനിർമാണ-ദൈനംദിന തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. കമ്പനി/ ഫാക്ടറികൾ ജില്ലയിൽ കുറവായതിൽ ഇവിടെ തൊഴിലാളികൾ കുറവാണ്.
* ജില്ലയിൽ തന്നെ രജിസ്ട്രർ ചെയ്യുന്നവർ ജോലി സാധ്യത അനുസരിച്ച് സമീപ ജില്ലകളിലേക്കും പോകുന്നുണ്ട്. കൂടുതലും ഇവർ കോട്ടയം ജില്ലയെയാണ് ജോലിക്കായി ആശ്രയിക്കുന്നത്.
* കൂട്ടമായാണ് ഇവരുടെ താമസം. ഒറ്റക്ക് താമസിക്കുന്നവർ കുറവാണ്. കുടുംബത്തോടെ താമസിക്കുന്നവരും കുറവാണ്.
* ഒരാൾ കേരളത്തിൽ ജോലിക്കെത്തിയാൽ പിന്നാലെ ബന്ധുക്കളെയും നാട്ടുകാരെയും ജോലിക്ക് കൊണ്ടുവരും. ഒരാൾ പോയാൽ ഇവരെല്ലാം മടങ്ങുകയും ചെയ്യും.
* നേരത്തേ കൃത്യമായ ശമ്പളം നൽകാതെ തൊഴിലുടമയും കരാറുകാരും കബളിപ്പിച്ചിരുന്ന സ്ഥിതിക്ക് മാറ്റം വന്നു. കൃത്യമായി വേതനം കിട്ടിയില്ലെങ്കിൽ പണി ഉപേക്ഷിച്ചു മടങ്ങും.
* ആഘോഷങ്ങൾ, വിളവെടുപ്പുകാലം, കൃഷിയിറക്കൽ തുടങ്ങിയവയുടെ സമയത്താണ് ഇവർ നാട്ടിലേക്കുപോവുക. നാട്ടിൽ കൃഷിയിറക്കി ഇടവേളയിൽ കേരളത്തിൽ ജോലിക്കു വരുന്നവരും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.