ഡീസൽ ക്ഷാമം: കെ.എസ്.ആർ.ടി.സി സർവിസുകൾ വെട്ടിക്കുറച്ചു

പത്തനംതിട്ട: ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഡീസൽ പ്രതിസന്ധി രൂക്ഷം. ജില്ലയിൽ ഓർഡിനറി സർവിസുകൾ ഓട്ടംനിർത്തി. പത്തനംതിട്ട ഡിപ്പോയിൽനിന്നുള്ള പുനലൂർ, മുണ്ടക്കയം, കോട്ടയം, ആങ്ങമൂഴി, ഗവി തുടങ്ങിയ റൂട്ടുകളിലെ ഓർഡിനറി സർവിസുകൾ വെട്ടിക്കുറച്ചു. ചില ഷെഡ്യൂളുകളുടെ വരുമാനം കുറഞ്ഞ ട്രിപ്പുകളും ഒഴിവാക്കിയിട്ടുണ്ട്. വരുമാനമുള്ള ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ്, സ്വിഫ്റ്റ് സർവിസുകളാണ് ശനിയാഴ്ച സർവിസ് നടത്തിയത്.

ഞായറാഴ്ചയും പ്രതിസന്ധി തുടരാനാണ് സാധ്യത. ജില്ലയിലെ മറ്റ് ഡിപ്പോകളിലും പ്രതിസന്ധി രൂക്ഷമാണ്. വെള്ളിയാഴ്ച പത്തനംതിട്ട ഡി.ടി.ഒ അവകാശപ്പെട്ടത് ജില്ലയിൽ മൂന്നുദിവസത്തേക്ക് ആവശ്യമായ ഡീസൽ സ്റ്റോക്കുണ്ടെന്നാണ്. ഇത് തെറ്റായിരുന്നുവെന്നാണ് ശനിയാഴ്ച സർവിസുകൾ വെട്ടിക്കുറച്ചതോടെ വ്യക്തമായത്. ജില്ലയിൽ അടൂർ, പത്തനംതിട്ട, തിരുവല്ല ഡിപ്പോകളിലാണ് ഡീസൽ പമ്പുള്ളത്. മൂന്നിടത്തുമായി 10,000 ലിറ്റർ ഡീസൽ സ്റ്റോക്കുണ്ടെന്നാണ് അധികൃതർ അവകാശപ്പെടുന്നത്.

അതിനാൽ ഞായറാഴ്ച സർവിസുകൾ മുടങ്ങില്ലെന്നും അവർ പറയുന്നു. ഞായറാഴ്ചയും ഡീസൽ എത്തിയില്ലെങ്കിൽ സർവിസുകൾ നടത്താനാകാതെ വരുമെന്നും അവർ പറയുന്നു. ഞായറാഴ്ച ഡീസൽ എത്തുമെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ടത്രെ. റദ്ദാക്കിയവ കൂടുതലും ഗ്രാമീണ സർവിസുകളാണ്. മറ്റ് യാത്രാ മാർഗങ്ങളില്ലാത്തിടങ്ങളിൽ മുന്നറിയിപ്പില്ലാതെ സർവിസുകൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു.

കോന്നി: കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്‍ററിൽനിന്ന് എറണാകുളം അമൃത-കൊല്ലം ഫാസ്റ്റും രണ്ട് ഓർഡിനറി ബസും സർവിസ് നടത്തി. ഓർഡിനറി ഓപറേറ്റിങ് സെന്‍റർ കേന്ദ്രീകരിച്ച് മെഡിക്കൽ കോളജ്, കൊക്കാത്തോട്, ഊട്ടുപാറ, മാങ്കോട്, മേഖലകളിലേക്ക് സർവിസ് നടത്തി. നിലവിൽ ഡീസലുള്ള ബസുകൾ ഉൾപ്പെടുത്തി തിങ്കളാഴ്ച സർവിസ് നടത്തും.

Tags:    
News Summary - Diesel shortage: KSRTC cuts services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.